7 April 2023 6:44 AM GMT
Summary
വായ്പയുടെ പലിശ നിരക്ക് 2 ശതമാനം ഉയർത്തും
പ്രമുഖ എഡ് ടെക്ക് സ്ഥാപനമായ ബൈജൂസിന്റെ വായ്പകളിലേക്കായി 200 മില്യൺ ഡോളർ മുൻകൂറായി തിരിച്ചടക്കണെമെന്ന് വായ്പ ദാതാക്കളുടെ നിർദേശം. കൂടാതെ, കമ്പനിയുടെ നിലവിലുള്ള 1.2 ബില്യൺ ഡോളറിന്റെ ബാധ്യത പുനഃക്രമീകരിക്കുന്നതിന് ഉയർന്ന പലിശ നിരക്ക് ചുമത്തുമെന്നും നിർദേശമുണ്ട്. പലിശ നിരക്ക് 200 ബേസിസ് പോയിന്റ് അഥവാ 2 ശതമാനം വർധിപ്പിക്കാനാണ് ലക്ഷ്യം. പലിശ വർധനയുമായി ബന്ധപ്പെട്ട് കമ്പനി സമ്മതം അറിയിച്ചെങ്കിലും , മുൻകൂറായി അടക്കുന്ന കാര്യത്തിൽ തീരുമാനം അറിയിച്ചിട്ടില്ലായെന്ന് ഇക്കണോമിക് ടൈമ്സ് റിപ്പോർട്ട് ചെയ്തു.
യു എസ് ആസ്ഥാനമായുള്ള ഹെഡ്ജ് ഫണ്ടുകൾ ഉൾപ്പെടെ വിവിധ വായ്പ ദാതാക്കളിൽ നിന്നും ബൈജൂസ് തുക സമാഹരിച്ചിട്ടുണ്ട്. മുൻകൂറായി പണമടക്കേണ്ട കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല, എന്നാൽ വായ്പ ദാതാക്കൾ മുൻകൂറായി അടക്കേണ്ട തുകയിൽ അല്പം കുറവ് വരുത്താൻ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കിയതായി റിപ്പോർട്ടിൽ സൂചിപ്പിച്ചു.
നിലവിൽ കമ്പനിയുടെ കൈവശമുള്ള തുകയുടെ കണക്കുകൾ വായ്പ ദാതാക്കളെ അറിയിക്കാനും നിർദേശമുണ്ട്. വിദേശ അക്കൗണ്ടുകളിൽ കമ്പനിക്ക് 650 മില്യൺ ഡോളറിന്റ്റെയും, ഇന്ത്യയിൽ 1500 കോടി രൂപയുടെയും ലിക്വിഡ് ഫണ്ടാണ് ഉള്ളത്.
എങ്കിലും കമ്പനി, കടപ്പത്രം വഴിയും, ഓഹരികൾ ഉപയോഗിച്ചും ഏകദേശം 600 -700 മില്യൺ ഡോളർ സമാഹരിക്കുന്നതിന്റെ ചർച്ചകളിലാണ്. നിലവിലെ നിക്ഷേപകരെയും പുതിയ നിക്ഷേപകരെയും ഇതിനായി പങ്കെടുപ്പിക്കാനും ലക്ഷ്യമുണ്ട്.