30 April 2023 3:24 PM IST
Summary
- ഇഡി മൂന്ന് ലൊക്കേഷനില്‍ പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തു
- വിശദീകരണവുമായി ജീവനക്കാർക്ക് ബൈജു രവീന്ദ്രന്‍റെ കത്ത്
- എല്ലാ ഇടപാടുകളും അംഗീകൃത വഴികളിലൂടെയെന്ന് കമ്പനി
ബാധകമായ എല്ലാ വിദേശ വിനിമയ നിയമങ്ങളും പൂർണ്ണമായും പാലിക്കാൻ കമ്പനി എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്ന് എഡ്‌ടെക് ഭീമന്‍ ബൈജൂസിന്‍റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ബൈജു രവീന്ദ്രൻ . കമ്പനിയുടെ ഓഫിസുകളിലും ആസ്തികളിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് പരിശോധന നടത്തുകയും ചില രേഖകള്‍ പിടിച്ചെടുക്കയും ചെയ്ത സാഹചര്യത്തിലാണ് വിശദീകരണം.
28,000 കോടിയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം ബൈജൂസ് വഴി ഇന്ത്യയിലേക്ക് എത്തിയിട്ടുണ്ടെന്നും ഇവയെല്ലാം ചട്ടങ്ങള്‍ പാലിച്ചാണെന്നും ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍ ബൈജൂസ് സിഇഒ പറയുന്നു. ഇത്തരം ഇടപാടുകളെല്ലാം കമ്പനിയുടെ പ്രൊഫഷണൽ ഉപദേശകരുടെയും നിക്ഷേപ ഫണ്ടുകളുടെയും മറ്റു കക്ഷികളുടെയും നിർദേശങ്ങളുടെയും കൃത്യമായ പരിശോധനയുടെയും അടിസ്ഥാനത്തിലായിരുന്നു എന്ന് കമ്പനി അവകാശപ്പെടുന്നു.
അത്തരം എല്ലാ ഇടപാടുകളും സാധാരണ ബാങ്കിംഗ് ചാനലുകളിലൂടെ ആർബിഐയുടെ അംഗീകൃത ഡീലർ ബാങ്കുകള്‍ വഴിയാണ് നടന്നിട്ടുള്ളത്. ആവശ്യമായ ഡോക്യുമെന്റേഷനും നിയമപ്രകാരമുള്ള ഫയലിംഗുകളും കൃത്യമായി സമർപ്പിച്ചിട്ടുണ്ട്. എല്ലാ പരിശോധനകളോടും നിയമപരമായ ആവശ്യകതകളോടും പൂർണമായി സഹകരിക്കുമെന്നും ബൈജൂസ് രവീന്ദ്രന്‍ കൂട്ടിച്ചേർത്തു.
ബെംഗളൂരുവിലെ രണ്ട് ബിസിനസ് യൂണിറ്റുകളിലും ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടിയിലുമാണ് ശനിയാഴ്ച പരിശോധന നടത്തുകയും രേഖകള്‍ പിടിച്ചെടുക്കയും ചെയ്തത്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിലെ (ഫെമ) വ്യവസ്ഥകൾ പ്രകാരമായിരുന്നു ബൈജു രവീന്ദ്രന്റെയും അദ്ദേഹത്തിന്റെ കമ്പനിയായ 'തിങ്ക് & ലേൺ പ്രൈവറ്റ് ലിമിറ്റഡിന്റെയും ആസ്തികളിലെ പരിശോധന. കമ്പനിയിലേക്ക് 28,000 കോടി രൂപയുടെ എഫ്‍ഡിഐ എത്തിയെന്നു തന്നെയാണ് ഇഡിയും കണക്കാക്കുന്നത്.
കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന ഫണ്ടിംഗ് റൗണ്ടിൽ 22 ബില്യൺ ഡോളർ മൂല്യമാണ് ബൈജൂസിന് കണക്കാക്കിയിട്ടുള്ളത്.