3 March 2023 5:30 AM
സ്ഥിര നിക്ഷേപം ഉണ്ടോ? ക്രെഡിറ്റ് സ്‌കോര്‍ ഇല്ലെങ്കിലും ക്രെഡിറ്റ് കാര്‍ഡ് ലഭിക്കും
Kozhikode Bureau
Summary
- സാധാരണ ക്രെഡിറ്റ്കാര്‍ഡുകളെക്കാള്‍ താരതമ്യേനെ പലിശ നിരക്ക് കുറവായിരിക്കും
സ്ഥിര വരുമാനം ഇല്ലാത്തവര്‍ക്കും കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്കും പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ക്കും ഒക്കെ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാന്‍ പ്രയാസമാണ്. എന്നാല്‍ ഇതിനൊരു പരിഹാരമുണ്ട്. കാരണം ഏതെങ്കിലും സ്ഥിര നിക്ഷേപം ഉള്ളവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാന്‍ അര്‍ഹത ഉണ്ട്. ഇതിനെ സെക്യൂര്‍ഡ് (Secured credit card) എന്ന് വിളിക്കുന്നു. അതായത് ബാങ്ക് ഒരു ഈടായി നമ്മുടെ ഡെപ്പോസിറ്റിനെ വെക്കുന്നു. ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ 75 ശതമാനം മുതല്‍ 90 ശതമാനം വരെ ക്രെഡിറ്റ്കാര്‍ഡ് പരിധി ലഭിക്കും.
സെക്യൂര്‍ഡ് ക്രെഡിറ്റ് കാര്‍ഡ് കൊണ്ടുള്ള പ്രയോജനങ്ങള്‍
ക്രെഡിറ്റ്കാര്‍ഡ് ലഭിക്കാന്‍ വരുമാനത്തിന്റെ രേഖകള്‍ ആവശ്യമില്ല. ഒരു ബാങ്കില്‍ സ്ഥിര നിക്ഷേപം ഉണ്ടെങ്കില്‍ എളുപ്പത്തില്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കും
കൃത്യമായി തിരിച്ചടവ് നടത്തിയാല്‍ നല്ല ക്രെഡിറ്റ് ഹിസ്റ്ററി ഉണ്ടാവുകയും സിബില്‍ സ്‌കോര്‍ കൂടുകയും ഭാവിയില്‍ വിവിധ ലോണുകള്‍ ലഭ്യമാവാന്‍ സഹായിക്കുകയും ചെയ്യുന്നു.
സ്ഥിര നിക്ഷേപത്തിന്റെ പലിശ ലഭിക്കുന്നത് തുടരും
പലിശ രഹിത കാലയളവ് സാധാരണ 48 ദിവസം മുതല്‍ 55 ദിവസം വരെ ആയിരിക്കും
സാധാരണ ക്രെഡിറ്റ്കാര്‍ഡുകളെക്കാള്‍ താരതമ്യേനെ പലിശ നിരക്ക് കുറവായിരിക്കും
കുറഞ്ഞ സ്ഥിര നിക്ഷേപം ഉണ്ടെങ്കിലും ക്രെഡിറ്റ് കാര്‍ഡ് ലഭിക്കും. വിവിധ ബാങ്കുകളില്‍ വ്യത്യസ്ത നിരക്കുകള്‍ ആണെങ്കിലും ഭൂരിഭാഗം ബാങ്കുകളും 10000മുതല്‍ 20000 രൂപ വരെ സ്ഥിര നിക്ഷേപം ഉള്ളവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് നല്‍കാറുണ്ട്
6 മാസത്തേക്കുള്ള ഉള്ള സ്ഥിരനിക്ഷേപത്തിനും ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കാറുണ്ട്.
റിവാര്‍ഡ് പോയിന്റുകളും ക്യാഷ് ബാക്കുകളും ലഭിക്കും
സ്ഥിരനിക്ഷേപങ്ങള്‍ക്കു മേല്‍ നിരവധി ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നു. എസ്ബിഎം, എസ്ബിഐ, കൊട്ടക് മഹീന്ദ്രബാങ്ക്, ഐസിഐസിഐ,ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ ഇത്തരം ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്ന ചില ബാങ്കുകള്‍ ആണ്
കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍, സ്ഥിരവരുമാന സ്രോതസ്സ്, ഐഡി പ്രൂഫ് പ്രശ്‌നങ്ങള്‍ തുടങ്ങി പല കാരണങ്ങളാല്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഫികസഡ് ഡെപ്പോസിറ്റിന് മേല്‍ ലഭിക്കുന്ന ക്രെഡിറ്റ്കാര്‍ഡ് ഉപകാരപ്രദം ആണ്. എന്നാല്‍ കൃത്യമായ തിരിച്ചടവ് നടത്തി വിവേകപൂര്‍വ്വം ഉപയോഗിച്ചാല്‍ മാത്രമേ ഭാവിയിലെ ഇടപാടുകള്‍ക് ഇത് സഹായം ആവുകയുള്ളു.