21 March 2023 4:39 AM
Summary
കരിയറിന്റെ ഈ തുടക്കത്തില്‍ തന്നെയാണോ നമ്മള്‍ക്ക് വീട് വെക്കാന്‍ നല്ലത്. നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ ജോലി കിട്ടിക്കഴിഞ്ഞാല്‍ ആദ്യം സ്വന്തമായി ഒരു കൂരയുണ്ടാക്കാന്‍ നോക്കണമെന്നാണ്. എന്നാല്‍ ഈ കാഴ്ചപ്പാട് ശരിയാണോ ?
ഏതൊരാളുടെയും സ്വപ്‌നമാണ് സ്വന്തമായി ഒരു വീട്. പഠനം കഴിഞ്ഞ് ജോലിയൊക്കെ കിട്ടിയാല്‍ ഇനിയെന്താണ് ആഗ്രഹമെന്ന് ചോദിക്കുമ്പോഴേ വീട് എന്ന് തന്നെയായിരിക്കും മലയാളികളുടെ ഉത്തരം. അതുകൊണ്ട് തന്നെ ജോലി തുടങ്ങിയാല്‍ പിന്നെയുള്ള സേവിങ്‌സ് വീട് വെക്കാന്‍ പണം കണ്ടെത്താനായിരിക്കും. സ്ഥിര ജോലി കൂടിയാണെങ്കില്‍ ഒരു ഹോം ലോണ്‍ എടുക്കുന്നതിനെ കുറിച്ചും ചിന്തിക്കും. ജീവിതത്തില്‍ ഓരോ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനും ആസൂത്രണം വേണമെന്നുള്ളത് കൊണ്ട് തന്നെ ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങും ഇപ്പോള്‍ തന്നെ തുടങ്ങിയിരിക്കും. എന്നാല്‍ കരിയറിന്റെ ഈ തുടക്കത്തില്‍ തന്നെയാണോ നമ്മള്‍ക്ക് വീട് വെക്കാന്‍ നല്ലത്. നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ ജോലി കിട്ടിക്കഴിഞ്ഞാല്‍ ആദ്യം സ്വന്തമായി ഒരു കൂരയുണ്ടാക്കാന്‍ നോക്കണമെന്നാണ്. എന്നാല്‍ ഈ കാഴ്ചപ്പാട് ശരിയാണോ ? കരിയറിന്റെ തുടക്കത്തില്‍ തന്നെ ആലോചിക്കേണ്ട ഒന്നാണോ ഇത്. യഥാര്‍ത്ഥത്തില്‍ വീടിനെ കുറിച്ച് ചിന്തിച്ച് തുടങ്ങേണ്ട ശരിയായ സമയം ഏതാണെന്ന് അറിഞ്ഞിരിക്കണം. സാമ്പത്തിക മേഖലയിലെ വിദഗ്ധരുടെ അഭിപ്രായത്തില്‍ ഒരാള്‍ വീട് വെക്കാന്‍ തീരുമാനിക്കും മുമ്പ് ചില അടിസ്ഥാന വിഷയങ്ങളെ കുറിച്ച് ബോധ്യമുണ്ടായിരിക്കണം.
എപ്പോഴൊക്കെ വേണ്ട?
ഒരാള്‍ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ വീട് വയ്ക്കാതിരിക്കുന്നതാണ് നല്ലതെന്ന് സ്‌ക്രിപ്‌ബോക്‌സ് വൈസ് പ്രസിഡന്റ് റിഞ്ചു അബ്രഹാം അഭിപ്രായപ്പെടുന്നു. ജീവിതവും ചുറ്റുപ്പാടുകളും അതിവേഗം മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജീവിക്കാന്‍ താല്‍പ്പര്യമുള്ള നഗരം ഏതാണെന്ന് കൃത്യമായി തിരിച്ചറിഞ്ഞ ശേഷം മാത്രമേ ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കാവൂ. അതുപോലെ ഒരു വീടോ ഫ്‌ളാറ്റോ വാങ്ങാനുള്ള പണത്തെ കുറിച്ച് കരിയറിന്റെ തുടക്കത്തില്‍ തന്നെ തലപുകയ്ക്കാത്തതാണ് ഉചിതം. കരിയര്‍ മെച്യൂരിറ്റിയും സാമ്പത്തിക സ്ഥിരതയും കൈവരിച്ച ശേഷമാണ് സ്വന്തം ഭവനമെന്ന സ്വപ്‌നം കാണേണ്ടതെന്നാണ് അദ്ദേഹം പറയുന്നത്.
ചെറുപ്പക്കാര്‍ കരിയറിന്റെ തുടക്കത്തില്‍ പൂര്‍ണമായും ശ്രദ്ധിക്കുകയാണ് വേണ്ടത് . ഈ സമയത്ത് വീടിനെ കുറിച്ച് ചിന്തിക്കരുതെന്നാണ് ലാഡര്‍7 വെല്‍ത്ത് പ്ലാനര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രിന്‍സിപ്പല്‍ ഓഫീസര്‍ സുരേഷ് സദഗോപന്‍ പറയുന്നത്. ജോലി ചെയ്യുന്ന കാലത്ത് ഓഫീസിനോട് ചേര്‍ന്ന് താമസിക്കുന്നതാണ് നല്ലത്. നിലവില്‍ ജോലി ചെയ്യുന്ന സ്ഥലത്തിന് സമീപം താമസിക്കാന്‍ തിരഞ്ഞെടുക്കുകയും നാട്ടിലേക്കോ ഏതെങ്കിലും നഗരത്തിലേക്കോ കുറച്ചുകാലത്തിന് ശേഷം സ്ഥിരതാമസം ആഗ്രഹിക്കുമ്പോള്‍ മാത്രം മറ്റൊരു വീട് വാങ്ങുന്നതും ആലോചിക്കാമെന്ന് അദ്ദേഹം പറയുന്നു. അതുവരെ കാര്യമായ നിക്ഷേപം ഈ താമസസ്ഥലത്തിനായി ചെലവിടരുത്. ഭാവിയിലേക്ക് പണം നീക്കിവെക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറയുന്നു.
എപ്പോള്‍ വീട് പണിയാം
ഓരോ വ്യക്തികളുടെയും സാമ്പത്തിക സ്ഥിതിയാണ് ഇക്കാര്യത്തില്‍ പ്രധാനം. സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തില്‍ നമ്മളൊക്കെ പല ഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ചിലരൊക്കെ കല്യാണം കഴിച്ചിട്ടുണ്ടാകാം കുടുംബമുണ്ടാകാം അങ്ങിനെ ഓരോരുത്തരുടെയും സ്ഥിതി വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ നമ്മള്‍ നില്‍ക്കുന്ന സാഹചര്യം പരിഗണിച്ചുവേണം ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍. കുട്ടികളുള്ളവരാണെങ്കില്‍ ചിലപ്പോള്‍ അവരുടെ പഠനത്തെ ബാധിക്കും എന്നതുകൊണ്ട് നിലവിലുള്ള സ്ഥലത്ത് തന്നെ വീട് വേണമെന്ന് തീരുമാനിക്കാം. അതുപോലെ നിലവില്‍ ജോലി ചെയ്യുന്ന സിറ്റിയില്‍ നിന്ന് മാറി കരിയര്‍ വളര്‍ത്തിയെടുക്കാന്‍ ആഗ്രഹിക്കാത്തവരാണെങ്കിലും അവര്‍ക്ക് അതേ നഗരത്തില്‍ വീട് വെക്കുന്നതിനെ കുറിച്ച് ചിന്തിക്കാം. പുറത്തേക്ക് മികച്ച ജോലി സാധ്യതയോ ബിസിനസ് സാധ്യതയോ തേടി പോകില്ലെന്ന് നൂറ് ശതമാനം ഉറപ്പുണ്ടെങ്കിലേ ഈ തീരുമാനം ഗുണകരമാകുകയുള്ളൂ.
പരിഗണിക്കേണ്ട വിഷയം
ഭവനം ഉണ്ടാക്കുന്നതിന് മുമ്പ് അത് ഏത് സ്ഥലത്തായിരിക്കണം,തരം,വലിപ്പം എന്നിവയെ കുറിച്ച് മുന്‍ധാരണ വേണം. ഉദ്ദേശിക്കുന്ന ചെലവ് എത്രയാണെന്നും അത് ഭാവിയില്‍ താങ്ങാന്‍ സാധിക്കുമോ എന്നുംകൂടി ആലോചിച്ച ശേഷം മാത്രമേ ഇക്കാര്യങ്ങളില്‍ ഒരു അന്തിമ തീരുമാനം എടുക്കാന്‍ പാടുള്ളൂ. ഇനി വീട് പണിയാന്‍ ഭവന വായ്പ എടുക്കാന്‍ ആലോചിക്കുന്നുവെങ്കില്‍ ഡൗണ്‍ പേയ്‌മെന്റിനുള്ള തുക സമ്പാദ്യമായി അക്കൗണ്ടില്‍ ഉണ്ടോ എന്നും ഉറപ്പുവരുത്തുക.