25 May 2023 10:07 AM GMT
Summary
- ചൈന മൈക്രോണിന് മേല്‍ ആരോപിച്ചത് സുരക്ഷാ ആശങ്കകള്‍
- ഭാവിയില്‍ ഈ റിപ്പോര്‍ട്ട് ബെയ്ജിംഗ് ആയുധമാക്കിയേക്കും
- 2022ല്‍ ചൈനയില്‍നിന്നുള്ള കമ്പനിയുടെ വരുമാനം 3.3 ബില്യണ്‍ ഡോളര്‍
അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ മൈക്രോണിന് മേല്‍ ചൈന ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ യുഎസ് സമ്മര്‍ദ്ദത്തോടുള്ള ബെയ്ജിംഗിന്റെ പ്രതികരണമായി വിലയിരുത്തപ്പെടുന്നു. ഇത് ആഗോളതലത്തില്‍ അകലം പാലിക്കുന്നതിനുള്ള തുടര്‍നടപടികളിലേക്ക് നീങ്ങാന്‍ രാജ്യങ്ങളെ പ്രേരിപ്പിക്കുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.
എന്നാല്‍, വര്‍ഷങ്ങളായി കോവിഡില്‍ മുക്തമാകാന്‍ പ്രയത്‌നിച്ചുകൊണ്ടിരിക്കുന്ന ചൈനയ്ക്ക് അവരുടെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികള്‍ക്ക് വിഘാതമാകും ഇത്തരം നീക്കങ്ങള്‍. ഇപ്പോള്‍ തന്നെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ നടപടികള്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്.
ആഭ്യന്തരമായി അത്തരം നീക്കങ്ങള്‍ അദ്ദേഹം അടിച്ചമര്‍ത്തുന്നുണ്ടെങ്കില്‍പ്പോലും പുറത്ത് സാമ്പത്തിക വിദഗ്ധര്‍ ഷിയുടെ നീക്കങ്ങളിലെ അപകടാവസ്ഥയെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സമ്പദ് വ്യവസ്ഥയെ ഉയര്‍ത്താനുള്ള കഴിവ് പരിമിതമാകും എന്നാണ് അവര്‍ വിശദീകരിച്ചിട്ടുള്ളത്.
സാമ്പത്തികമായ കര്‍ശന നിയന്ത്രണങ്ങളില്‍ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ നടപടി അവസാനിപ്പിക്കുന്നതിനായി ബെയ്ജിംഗിനെ പ്രേരിപ്പിക്കുന്ന പ്രസ്താവനയില്‍ ജി7 നേതാക്കള്‍ കഴിഞ്ഞ ദിവസം ഒപ്പിടുകയും ചെയ്തു.
രാജ്യത്തിന്റെ സാങ്കേതിക മേഖലയെ ലക്ഷ്യം വച്ചുള്ള യുഎസ് നടപടികളോടുള്ള ചൈനയുടെ പ്രതികരണം ശ്രദ്ധേയമാണ്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചിപ്പ് രംഗത്തെ വടംവലി ഈ മേഖലയില്‍ ചലനങ്ങള്‍ സൃഷ്ടിക്കും.
2021 ല്‍ കര്‍ശനമായ നിയമങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷം ഒരു വിദേശ കമ്പനിയിലേക്കുള്ള ചൈനയുടെ ആദ്യത്തെ സൈബര്‍ സുരക്ഷാ അന്വേഷണമായിരുന്നു മൈക്രോണിനെതിരെ നടന്നത്. കൂടാതെ ദേശീയ സുരക്ഷാ ആശങ്കകള്‍ ഉള്‍പ്പെടുത്തുന്നതിനായി ഇത്തരം അവലോകനങ്ങളുടെ വ്യാപ്തി ചൈന വിപുലീകരിച്ചായും പറയുന്നു.
ഭാവിയില്‍ മറ്റ് രാഷ്ട്രീയ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍ റെഗുലേറ്റര്‍മാര്‍ ഈ അവലോകനങ്ങള്‍ പ്രതികാരത്തിനുള്ള ഒരു ഉപകരണമായി ഉപയോഗിച്ചേക്കാം എന്ന സ്ഥിതിയും നിലനില്‍ക്കുന്നു.
ഏജന്‍സി റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നിര്‍ണായക വിവരങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നതിന്റെ നിര്‍വചനം വളരെ വലുതാണ്. ഓണ്‍ലൈന്‍ സര്‍ക്കാര്‍ സേവനങ്ങളും പ്രതിരോധവും മുതല്‍ ആരോഗ്യ സംരക്ഷണവും ജലസംരക്ഷണവും വരെ കടന്നുവന്നേക്കാം. ഇതാണ് യുഎസിന ആസങ്കയിലാഴ്ത്തിയത്.
ഹൈ-എന്‍ഡ് ചിപ്പുകള്‍, ചിപ്പ് മേക്കിംഗ് ഉപകരണങ്ങള്‍, അര്‍ദ്ധചാലകങ്ങള്‍ രൂപകല്‍പ്പന ചെയ്യാന്‍ ഉപയോഗിക്കുന്ന സോഫറ്റ്‌വെയര്‍ എന്നിവയിലേക്കുള്ള ചൈനയുടെ കടന്നുവരവ് വെട്ടിക്കുറയ്ക്കാന്‍ ലക്ഷ്യമിട്ട് യുഎസ് സ്വീപ്പിംഗ് നിയന്ത്രണങ്ങള്‍ അവതരിപ്പിച്ച് അഞ്ച് മാസങ്ങള്‍ക്കുശേഷം മാര്‍ച്ച് അവസാനത്തോടെ മെമ്മറി ചിപ്പ് ഭീമനായ മൈക്രോണിനെതിരെ ചൈന അന്വേഷണം ആരംഭിക്കുകയായിരുന്നു.
മൈക്രോണ്‍ ടെക്‌നോളജി നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ദേശീയ സുരക്ഷയ്ക്ക് അപകടമാണെന്ന് ചൈന പറയുന്നു. അമേരിക്കയിലെ ഏറ്റവും വലിയ മെമ്മറി ചിപ്പുകളുടെ നിര്‍മ്മാതാവാണ് മൈക്രോണ്‍.
ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയിലെ പ്രധാന ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകളില്‍ നിന്ന് കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ നിരോധിക്കപ്പെടുമെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.
ബെയ്ജിംഗും വാഷിംഗ്ടണും തമ്മില്‍ സാമ്പത്തിക രംഗത്തെ സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒരു യുഎസ് ചിപ്പ് നിര്‍മ്മാതാവിനെതിരെ ചൈന നടത്തുന്ന ആദ്യത്തെ പ്രധാന നീക്കമാണിത്.
ലോകമെമ്പാടുമുള്ള സമ്പദ്വ്യവസ്ഥകള്‍ക്ക് നിര്‍ണായകമായ സാങ്കേതികവിദ്യയെച്ചൊല്ലി യുഎസും ചൈനയും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ ഏറ്റവും പുതിയ സംഭവവികാസമാണ് ഈ നടപടികള്‍.
മൈക്രോണിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് ഗുരുതരമായ നെറ്റ്വര്‍ക്ക് സുരക്ഷാ അപകടസാധ്യതകളുണ്ടെന്ന് അവലോകനത്തില്‍ കണ്ടെത്തിയതായി സൈബര്‍സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ചൈന പ്രസ്താവനയില്‍ പറയുന്നു. ഇത് ചൈനയുടെ നിര്‍ണായക ഇന്‍ഫര്‍മേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സപ്ലൈ ചെയിനിന് കാര്യമായ സുരക്ഷാ അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നു, ഇത് ചൈനയുടെ ദേശീയ സുരക്ഷയെ ബാധിക്കുന്നു-അവര്‍ പറയുന്നു.
ബെയ്ജിംഗ് കണ്ടെത്തിയ അപകടസാധ്യതകളെക്കുറിച്ചോ ഏത് മൈക്രോണ്‍ ഉല്‍പ്പന്നങ്ങളിലാണ് അവ കണ്ടെത്തിയതെന്നോ വിശദാംശങ്ങള്‍ നല്‍കാന്‍ ബെയ്ജിംഗ് തയ്യാറായില്ല.
അതേസമയം മൈക്രോണ്‍ കമ്പനി ചൈനീസ് അധികൃതരുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നു എന്നാണ് പ്രതികരിച്ചിട്ടുള്ളത്. യുഎസിലെ പ്രീ-മാര്‍ക്കറ്റ് ട്രേഡിംഗില്‍ മൈക്രോണിന്റെ ഓഹരി വില ഇടിയുകയും ചെയ്തിരുന്നു. മൈക്രോണിന്റെ ഒരു പ്രധാന വിപണിയാണ് ചൈന. 2022-ല്‍, മൈക്രോണ്‍ മൊത്തം വരുമാനം 30.7 ബില്യണ്‍ ഡോളര്‍ ആയിരുന്നു. അതില്‍ 3.3 ബില്യണ്‍ ഡോളര്‍ ചൈനയില്‍ നിന്നാണ് വന്നത്.