image

28 April 2023 1:14 PM GMT

Business

അള്‍ട്രാടെക്ക് സിമന്‍റിന്‍റെ അറ്റാദായത്തില്‍ 36% ഇടിവ്

MyFin Desk

ultratech cement net profit down
X

Summary

  • നികുതി അടവിലെ വർധന അറ്റാദായത്തെ ബാധിച്ചു
  • ഗ്രേ സിമന്‍റിന്‍റെ ആഭ്യന്തര വില്‍പ്പന 15% ഉയർന്നു
  • 2022 -23ൽ 100 ​​ദശലക്ഷം ടണ്ണിന്‍റെ ഉൽപ്പാദനവും വിതരണവു വിൽപ്പനയും നേടി


മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ അൾട്രാടെക് സിമന്റിന്റെ ഏകീകൃത അറ്റാദായം 36 ശതമാനം ഇടിഞ്ഞ് 1,666 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവിൽ ഇത് 2,620 കോടി രൂപയായിരുന്നു. നാലാം പാദത്തിലെ പ്രവർത്തന വരുമാനം മുൻ വർഷം ഇതേ കാലയളവിലെ 15,767 കോടി രൂപയിൽ നിന്ന് 18% ഉയർന്ന് 18,562 കോടി രൂപയായി. നികുതി അടവിലുണ്ടായ വര്‍ധനയാണ് അറ്റാദായത്തെ ബാധിച്ചതെന്ന് കമ്പനി വ്യക്തമാക്കുന്നു.

പലിശ, നികുതി, മൂല്യമിടിവ്, അമോർട്ടൈസേഷൻ (എബിറ്റ്ഡ) എന്നിവയ്ക്ക് മുമ്പുള്ള വരുമാനമായി കണക്കാക്കിയ കമ്പനിയുടെ പ്രവർത്തന ലാഭം മുൻവർഷത്തെ അപേക്ഷിച്ച് 9% വർധിച്ച് 3,444 കോടി രൂപയായി. മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തേക്ക് 10 രൂപ വീതമുള്ള ഓരോ ഇക്വിറ്റി ഷെയറിനും 38 രൂപ ലാഭവിഹിതവും ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്.

മാർച്ച് പാദത്തിലെ മൊത്തം ഏകീകൃത വിൽപ്പന അളവ് 31.7 ദശലക്ഷം ടണ്ണാണ്, ഇത് മുന്‍വര്‍ഷം സമാനപാദത്തെ അപേക്ഷിക്ക് 14% വളർച്ചയും മുന്‍പാദത്തെ അപേക്ഷിച്ച് 22% വളർച്ചയുമാണ്. ആഭ്യന്തര വിൽപ്പന അളവ് 15% വർധിച്ച് 30.5 ദശലക്ഷമായി ഉയർന്നു. പ്രവർത്തന എബിറ്റ്ഡ ഡിസംബര്‍ പാദത്തിൽ മെട്രിക് ടണ്ണിന് 900 രൂപയായാരുന്നത് മാർച്ച് പാദത്തില്‍ 1,060 രൂപയായി മെച്ചപ്പെട്ടു.

ഗ്രേ സിമന്‍റിന്‍റെ ആഭ്യന്തര വില്‍പ്പന വാര്‍ഷികാടിസ്ഥാനത്തില്‍ 15% ഉയർന്ന് 29.9 ദശലക്ഷം ടണ്ണിലെത്തി, അതേസമയം വിദേശത്തെ വില്‍പ്പന 2% ഇടിഞ്ഞ് 1.3 ദശലക്ഷമായി. വൈറ്റ് സിമന്റ് വില്‍പ്പന അളവ് മുന്‍വര്‍ഷം സമാന പാദത്തെ അപേക്ഷിച്ച് 19% വർധിച്ച് 0.5 ദശലക്ഷം ടൺ ആയി.

2022 -23 സാമ്പത്തിക വർഷത്തിൽ 100 ​​ദശലക്ഷം ടണ്ണിന്‍റെ ഉൽപ്പാദനം, വിതരണം, വിൽപ്പന എന്നിവ നേടിയതായി അൾട്രാടെക് പറഞ്ഞു. നാലാം പാദത്തിൽ ശേഷി വിനിയോഗം 95 ശതമാനത്തിലെത്തി. സാമ്പത്തിക വര്‍ഷത്തില്‍ മൊത്തമായി 84 ശതമാനം ശേഷി ഉപയോഗമാണ് ഉണ്ടായത്.