11 Jun 2023 1:00 PM GMT
Summary
- സേവനങ്ങൾ, കടൽ ഗതാഗതം, വൈദ്യുതി, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയില്‍ കാര്യമായ നിക്ഷേപം
- മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ യുഎഇ-യില്‍ നിന്നുള്ള എഫ്‍ഡിഐ ഏഴാം സ്ഥാനത്ത്
- കഴിഞ്ഞ വര്‍ഷം മേയില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സിഇപിഎ പ്രാബല്യത്തില്‍ വന്നു
2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങളില്‍ നാലാം സ്ഥാനത്തേക്ക് യുഎഇ എത്തി. 2021-22 ല്‍ ഇന്ത്യയിലേക്കുള്ള എഫ്‍ഡിഐ-യില്‍ ഏഴാം സ്ഥാനത്തായിരുന്നു യുഎഇ. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം അഥവാ എഫ്‍ഡിഐ 2021-22ലെ 1.03 ബില്യൺ ഡോളറിൽ നിന്ന് മൂന്നിരട്ടിയായി വര്‍ധിച്ച് 2022-23ല്‍ 3.35 ബില്യൺ ഡോളറിലേക്ക് എത്തിയെന്ന് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിന്റെ (ഡിപിഐഐടി) കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം മേയിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സ്വതന്ത്ര വ്യാപാര കരാർ (സിഇപിഎ) പ്രാബല്യത്തില്‍ വന്നിരുന്നു.
17.2 ബില്യൺ ഡോളറിന്റെ നിക്ഷേപവുമായി സിംഗപ്പൂരാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലേക്ക് ഏറ്റവുമധികം എഫ്‍ഡിഐ എത്തിച്ചത്. രണ്ടാം സ്ഥാനത്തുള്ള മൗറീഷ്യസില്‍ നിന്നെത്തിയത് 6.1 ബില്യൺ ഡോളറിന്‍റെ എഫ്‍ഡിഐ ആണ്. മൂന്നാം സ്ഥാത്തുള്ള യുഎസ് 6 ബില്യൺ ഡോളറിന്‍റെ നിക്ഷേപം എത്തിച്ചു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും നിക്ഷേപ സഹകരണവും അതിവേഗം ശക്തിപ്പെടുന്നു എന്നതിനൊപ്പം ബിസിനസ് സുഗമമാക്കുന്നതിനായി ഇരു രാജ്യങ്ങൾക്കുമിടയിൽ നടപ്പിലാക്കിയ നയ പരിഷ്‌കരണങ്ങളും യുഎഇ-യില്‍ നിന്നുള്ള നിക്ഷേപങ്ങളുടെ വരവിനെ പ്രോല്‍സാഹിപ്പിച്ചുവെന്ന് ഷാർദുൽ അമർചന്ദ് മംഗൾദാസ് ആൻഡ് കോ-യിലെ പാര്‍ട്‍ണര്‍ രുദ്ര കുമാർ പാണ്ഡെ പറഞ്ഞു.
പ്രധാനമായും സേവനങ്ങൾ, കടൽ ഗതാഗതം, വൈദ്യുതി, നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിലായാണ് ഇന്ത്യയില്‍ യുഎഇ-യില്‍ നിന്നുള്ള നിക്ഷേപം എത്തിയിട്ടുള്ളത്. സിഇപിഎ-യ്ക്ക് പുറമേ യുഎഇ വിവിധ ഘട്ടങ്ങളില്‍ പ്രഖ്യാപിച്ചിട്ടുള്ള നിക്ഷേപ വാഗ്‍ദാനങ്ങളും അവിടെ നിന്ന് ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങളുടെ വര്‍ധനയ്ക്ക് ഇടയാക്കി. ഇന്ത്യയുടെ പശ്ചാത്തല വികസന മേഖലയില്‍ 75 മില്യണ്‍ ഡോളറിന്‍റെ നിക്ഷേപത്തിന് യുഎഇ പ്രതിജ്ഞാബദ്ധമാണ്. പുനരുപയോഗ ഊര്‍ജ്ജ മേഖലയിലും ഇന്ത്യയും യുഎഇയും സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്.
2000 ഏപ്രിലിനും 2023 മാർച്ചിനുമിടയിൽ ഇന്ത്യക്ക് ലഭിച്ച മൊത്തം എഫ്‍ഡിഐ-യുടെ ഏകദേശം 2.5 ശതമാനമാണ് യുഎഇ-യുടെ സംഭാവന. ഈ കാലയളവിൽ, യുഎഇയിൽ നിന്ന് 15.6 ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപം ഇന്ത്യ ആകർഷിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
വ്യാപാര കരാറിന്‍റെ ഭാഗമായി വിവിധ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ക്കും നികുതി ഇളവുകള്‍ക്കും പുറമേ ഇന്ത്യ തങ്ങളുടെ എഫ്‍ഡിഐ നയത്തില്‍ തുടര്‍ച്ചയായി നടത്തുന്ന ഉദാരവത്കരണവും യുഎഇയില്‍ നിന്നുള്ള നിക്ഷേപങ്ങളെ ഇന്ത്യന്‍ കമ്പനികളില്‍ എത്തിക്കുന്നുണ്ട്. പല ഇന്ത്യന്‍ സ്റ്റാർട്ടപ്പുകളും യുഎഇയിലേക്ക് പ്രവര്‍ത്തനം വിപൂലീകരിക്കുന്നതും കാണാനാകുന്നുണ്ടെന്ന് വ്യാവസായിക-നയതന്ത്ര വിദഗ്‍ധര്‍ ചൂണ്ടിക്കാണിക്കുന്നു.
അബുദാബി ഇന്‍വെസ്റ്റ്‍മെന്‍റ് ഓഫിസ് തങ്ങളുടെ ഇന്നൊവേഷന്‍ പ്രോഗ്രാമിലൂടെ നല്‍കുന്ന ആനുലൂല്യങ്ങള്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ ആകര്‍ഷിക്കുന്നുണ്ടെന്ന് ഇന്‍ഡസ് ലോയിലെ പാര്‍ട്‍ണര്‍ അനിന്‍ദ്യ ഘോഷ് പറയുന്നു. സാമ്പത്തിക ആനുകൂല്യങ്ങള്‍ക്ക് പുറമേ ഡാറ്റ, നെറ്റ്‌വർക്ക്, ലൈസൻസിംഗ്, ലോജിസ്റ്റിക്‌സ്, റിയൽ എസ്റ്റേറ്റ്, വിസ തുടങ്ങിയവയിലും ഈ പദ്ധതിയിലൂടെ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്.