9 Jan 2024 11:32 AM GMT
Summary
- ട്രേഡ് ഷോയില്‍ 20 രാജ്യങ്ങള്‍ പങ്കെടുക്കുന്നുണ്ട്
- സ്ത്രീ ശാക്തീകരണം, എംഎസ്എംഇ വികസനം, ഗ്രീന്‍ ആന്‍ഡ് സ്മാര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യമാണ് ട്രേഡ് ഷോയിലുള്ളത്
- 12,13 തീയതികളില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാനാകും
വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ട്രേഡ് ഷോ 2024 പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിന്റെ 10-ാം പതിപ്പിന് മുന്നോടിയായി ഉദ്ഘാടനം ചെയ്യപ്പെട്ട ട്രേഡ് ഷോയില്‍ ആകെ 20 രാജ്യങ്ങള്‍ പങ്കെടുക്കുന്നുണ്ട്.
ഗുജറാത്തിലെ ഗാന്ധിനഗറില്‍ ഹെലിപാഡ് ഗ്രൗണ്ട് എക്‌സിബിഷന്‍ സെന്ററില്‍ ഒന്നിലധികം ഹാളുകളിലായി 2 ലക്ഷം ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്നതാണ് ട്രേഡ് ഷോ. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഗുജറാത്തിലെത്തിയ മോദി ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ ട്രേഡ് ഷോയുടെ ഉദ്ഘാടന വേദിയിലെത്തി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനും മറ്റ് പ്രമുഖര്‍ക്കുമൊപ്പമെത്തിയാണ് സ്റ്റാളുകള്‍ സന്ദര്‍ശിച്ചത്.
ട്രേഡ് ഷോ 10,11 തീയതികളില്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്കും 12,13 തീയതികളില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാനാകും.
ഓസ്‌ട്രേലിയ, ടാന്‍സാനിയ, മൊറോക്കോ, മൊസാംബിക്, ദക്ഷിണ കൊറിയ, തായ്‌ലന്‍ഡ്, എസ്‌തോണിയ, ബംഗ്ലാദേശ്, സിംഗപ്പൂര്‍, യുഎഇ (യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്), യുകെ, ജര്‍മ്മനി, നോര്‍വേ, ഫിന്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്‌സ്, റഷ്യ, റുവാണ്ട, ജപ്പാന്‍, ഇന്തോനേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലെ വ്യവസായങ്ങള്‍ അവരുടെ വിവരങ്ങള്‍ എക്‌സിബിഷനില്‍ അവതരിപ്പിക്കും.
സ്ത്രീ ശാക്തീകരണം, എംഎസ്എംഇ വികസനം, പുതിയ സാങ്കേതികവിദ്യ, ഗ്രീന്‍ ആന്‍ഡ് സ്മാര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍, സുസ്ഥിര ഊര്‍ജം എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യമാണ് ട്രേഡ് ഷോയിലുള്ളത്.