23 Jun 2023 10:21 AM GMT
Summary
- തര്‍ക്കങ്ങള്‍ അവസാനിക്കുന്നത് ഉഭയകക്ഷി വ്യാപാരത്തില്‍ വര്‍ധനവ് ഉണ്ടാക്കും
- 28 യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ അധിക കസ്റ്റംസ് തീരുവ ചുമത്തിയിരുന്നു
- ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി യുഎസാണ്
ലോക വ്യാപാര സംഘടനയിലെ (ഡബ്‌ളിയുടിഒ)ആറ് വ്യാപാര തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെയും യുഎസിന്റെയും തീരുമാനം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വാണിജ്യം വര്‍ധിപ്പിക്കാനും ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ലോകവ്യാപാര സംഘടനയിലേക്കെത്താതെ ഉഭയകക്ഷിപരമായി പരിഹരിക്കാന്‍ ശക്തമായ സംവിധാനമൊരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.ഇത് വ്യവസായ രംഗത്ത് കൂടുതല്‍ ഗുണകരമാകും.
ആറ് വ്യാപാര തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ഇന്ത്യയും യുഎസും തീരുമാനിച്ചു കഴിഞ്ഞതോടെ ബദാം, വാല്‍നട്ട്, ആപ്പിള്‍ തുടങ്ങിയ 28 അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ അധിക കസ്റ്റംസ് തീരുവ ന്യൂഡെല്‍ഹി നീക്കം ചെയ്യും. മോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെയാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
ഇതൊരു നല്ല പ്രഖ്യാപനമാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സഹായിക്കുമെന്നും അന്താരാഷ്ട്ര വ്യാപാര വിദഗ്ധന്‍ ബിശ്വജിത് ധര്‍ പറഞ്ഞു.
പ്രഖ്യാപനത്തെ സ്വാഗതം ചെയ്തുകൊണ്ട് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് (എഫ്ഐഇഒ) ഡയറക്ടര്‍ ജനറല്‍ അജയ് സഹായ് യും രംഗത്തുവന്നു.
ന്യൂഡല്‍ഹിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് മികച്ച തീരുമാനമാണെന്നും ഇത്തരത്തിലൊരു പ്രഖ്യാപനത്തിനായി തങ്ങള്‍ കാത്തിരിക്കുകയായിരുന്നുവെന്നും സഹായ് പറഞ്ഞു. ഇത് ഇന്ത്യയുടെ യുഎസിലേക്കുള്ള കയറ്റുമതിക്ക് ഊര്‍ജ്ജം പകരും.
ഇന്ത്യയും യുഎസും തമ്മിലുള്ള 2+2 സംഭാഷണം ശക്തിപ്പെടുത്താന്‍ ഈ തീരുമാനം സഹായിക്കുമെന്നായിരുന്നു മറ്റൊരു വിദഗ്ധന്റെ അഭിപ്രായം. ഇത്തരം നടപടികള്‍ വ്യാപാരം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷന്‍ മാനേജ്മെന്റ് ബെംഗളൂരു (ഐഐപിഎംബി) ഡയറക്ടര്‍ രാകേഷ് മോഹന്‍ ജോഷിയും അഭിപ്രായപ്പെട്ടു.
പരിഹിക്കപ്പെട്ട ആറ് തര്‍ക്കങ്ങളില്‍ മൂന്നെണ്ണം ഇന്ത്യ ആരംഭിച്ചതും മറ്റുള്ളവ യുഎസ് തുടങ്ങിവെച്ചതുമാണ്.
വ്യാപാര വിദഗ്ധര്‍ പറയുന്നതനുസരിച്ച്, ഇരു രാജ്യങ്ങള്‍ക്കും പരസ്പര സമ്മതത്തോടെയുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനും പിന്നീട് ജനീവ ആസ്ഥാനമായുള്ള ഡബ്ല്യുടിഒയെ അതേ കുറിച്ച് അറിയിക്കാനും കഴിയും. 2018ല്‍ സുരക്ഷയുടെ അടിസ്ഥാനത്തില്‍ യുഎസ് ചില ഇന്ത്യന്‍ അധിക ഇറക്കുമതി തീരുവ ചുമത്തി. ഇതിന് പ്രതികാരമായി, 2019 ജൂണില്‍, ചെറുപയര്‍, പയര്‍, ബദാം, വാല്‍നട്ട്, ആപ്പിള്‍, ബോറിക് ആസിഡ് ഉള്‍പ്പടെ 28 അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയും അധിക കസ്റ്റംസ് തീരുവ ചുമത്തി. അമേരിക്കന്‍ നടപടിക്കെതിരെ ഇന്ത്യ ലോക വ്യാപാര സംഘടനയില്‍ പരാതിയും നല്‍കിയിരുന്നു.
2018 മെയ് 18-ന്, യുഎസിലേക്കുള്ള സ്റ്റീല്‍, അലൂമിനിയം എന്നിവയുടെ ഇറക്കുമതി ക്രമീകരിക്കാന്‍ അമേരിക്ക ചുമത്തിയ ചില നടപടികളെക്കുറിച്ച് ഇന്ത്യ യുഎസുമായി കൂടിയാലോചനകള്‍ അഭ്യര്‍ത്ഥിച്ചു. ഈ നടപടികള്‍ ഡബ്ല്യുടിഒ നിയമങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഇന്ത്യ അവകാശപ്പെട്ടിരുന്നു. അതുപോലെ, 2019 ജൂലൈ 3 ചില അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ അധിക തീരുവ ചുമത്തുന്നതുസംബന്ധിച്ച് ലോക വ്യാപാര സംഘടനയുടെ ചട്ടക്കൂടിനു കീഴില്‍ ഇന്ത്യ കൂടിയാലോചനകള്‍ നടത്തണമെന്ന് യുഎസ് ആവശ്യപ്പെട്ടിരുന്നു. ഇതിനാണ് ഇപ്പോള്‍ ഒരു പരിഹാരം ഉണ്ടായിരിക്കുന്നത്.
ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക. 2021-22 ല്‍ 119.5 ബില്യണ്‍ ഡോളര്‍ആയിരുന്ന ഭയകക്ഷി ചരക്ക് വ്യാപാരം ഇന്ന് 2022-23 ല്‍ ഉഭയകക്ഷി ചരക്ക് വ്യാപാരം 128.8 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്.