21 Dec 2023 6:10 PM IST
Summary
- കരാര്‍ ഇന്ത്യ-ഒമാന്‍ ഉഭയകക്ഷി വ്യാപാരത്തില്‍ മാറ്റം വരുത്തും
- കരാര്‍ ജിസിസി രാജ്യങ്ങളിലേക്ക് മറ്റൊരു വാതില്‍ തുറക്കുമെന്ന് എഇപിസി
ഒമാനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ വസ്ത്ര കയറ്റുമതി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് എഇപിസി. ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ഗള്‍ഫ് രാജ്യത്ത് വലിയ ബിസിനസ്സ് അവസരങ്ങള്‍ ഉള്ളതിനാല്‍ അത് വസ്ത്രരംഗത്തെ കയറ്റുമതിക്കാര്‍ക്കും ഉപയോഗപ്പെടുത്താനാകും. സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (സിഇപിഎ) എന്ന് ഔദ്യോഗികമായി വിളിക്കപ്പെടുന്ന കരാറിനായുള്ള ചര്‍ച്ചകള്‍ അതിവേഗം പുരോഗമിക്കുകയാണ്.
സിഇപിഎയിലേക്കുള്ള വേഗത്തിലുള്ള നീക്കം പ്രോത്സാഹജനകമാണെന്നും ഇന്ത്യ-ഒമാന്‍ ഉഭയകക്ഷി വ്യാപാരത്തില്‍ മാറ്റം വരുത്തുമെന്നും അപ്പാരല്‍ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (എഇപിസി) പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2022-23 ല്‍ 12.39 ബില്യണ്‍ ഡോളറായിരുന്നു, മുന്‍ വര്‍ഷം ഇത് 9.99 ബില്യണ്‍ ഡോളറായിരുന്നു.
റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കയറ്റുമതി
'ഒമാനിലേക്കുള്ള ആര്‍എംജി (റെഡിമെയ്ഡ് വസ്ത്രങ്ങള്‍) കയറ്റുമതി 2020ല്‍ 13 മില്യണ്‍ ഡോളറില്‍ നിന്ന് 2021ല്‍ 28 മില്യണ്‍ ഡോളറായി വളര്‍ന്നു. ഒമാനിലെ കസ്റ്റംസ് ഡ്യൂട്ടി ആര്‍എംജി ഉല്‍പന്നങ്ങള്‍ക്ക് 5 ശതമാനമാണ്. ചെറിയ വിപണിയാണെങ്കിലും വളരാനുള്ള സാധ്യത വളരെ കൂടുതലാണ്. എഫ്ടിഎയ്ക്ക് ശേഷം താരിഫ് ഒഴിവാക്കുകയും അത് ജിസിസി രാജ്യങ്ങളിലേക്ക് മറ്റൊരു വാതിലാകുകയും ചെയ്യും,'' എഇപിസി സെക്രട്ടറി ജനറല്‍ മിഥിലേശ്വര്‍ താക്കൂര്‍ പറഞ്ഞു.
സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ബഹ്റൈന്‍ എന്നീ ഗള്‍ഫ് മേഖലയിലെ ആറ് രാജ്യങ്ങളുടെ യൂണിയനാണ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി). ഇന്ത്യയിലെ ഏറ്റവും വലിയ വ്യാപാര കൂട്ടായ്മയാണ് കൗണ്‍സില്‍.
കയറ്റുമതി വര്‍ധിപ്പിക്കുന്നതിനായി അടുത്ത വര്‍ഷം ഫെബ്രുവരി 26 മുതല്‍ 29 വരെ ഭാരത് ടെക്സ് എക്സ്പോ 2024 ഇന്ത്യ ഇവിടെ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രദര്‍ശനത്തിനായി ആഭ്യന്തര വ്യവസായത്തെ ആകര്‍ഷിക്കുന്നതിനായി എഇപിസി ഡിസംബര്‍ 15 ന് ബെംഗളൂരുവില്‍ ഒരു റോഡ്‌ഷോ സംഘടിപ്പിച്ചു.
എല്ലാ ഇഎസ്ജി (പരിസ്ഥിതി, സാമൂഹികം, ഭരണം) പരാമീറ്ററുകളിലുടനീളം ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ സുസ്ഥിര നിലയെക്കുറിച്ച് ബ്രാന്‍ഡ് പ്രതിനിധികള്‍ക്കും സോഴ്സിംഗ് ടീമുകള്‍ക്കും എഇപിസിചെയര്‍മാന്‍ നരേന്‍ ഗോയങ്ക ഉറപ്പ് നല്‍കിയിട്ടുണ്ട്.