9 Dec 2023 5:53 AM GMT
Summary
- വ്യാപാരം വിപുലീകരിക്കുക പ്രധാന ലക്ഷ്യം
- മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ വന്‍ വളര്‍ച്ച
- ചൈനയുമായുള്ള വ്യാപാരക്കമ്മിയിലും ഈവര്‍ഷം കുറവുണ്ടായി
ആഗോള വാണിജ്യത്തില്‍ തങ്ങളുടെ പങ്ക് വിപുലീകരിക്കുന്നതിനുള്ള നടപടികളുമായി ഇന്ത്യ. ഇതനുസരിച്ച് പ്രധാന രാജ്യങ്ങളുമായി നടന്നുവരുന്ന വ്യാപാര കരാറുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉഭയകക്ഷി യോഗങ്ങള്‍, പങ്കാളികളുടെ കൂടിയാലോചനകള്‍, വ്യാപാര ഡാറ്റ കൈമാറ്റം എന്നിവ നടന്നുവരികയാണെന്ന് വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ രാജ്യസഭയില്‍ രേഖാമൂലമുള്ള മറുപടിയില്‍ പറഞ്ഞു.
വ്യാപാര കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി യൂറേഷ്യന്‍ ഇക്കണോമിക് യൂണിയനുമായി (ഇഎഇയു) നിരവധി ഉഭയകക്ഷി യോഗങ്ങള്‍ നടന്നിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'കരാറിന്റെ വ്യാപ്തിയും കരാറില്‍ നിന്നുള്ള സാധ്യതകളും നിര്‍ണ്ണയിക്കാന്‍ 2022 ജനുവരി മുതലുള്ള ഇഎഇയു-ന്റെ വ്യാപാര ഡാറ്റ ആവശ്യമാണ്. അത് ഇഎഇയു ലഭ്യമാകുന്നത് കാത്തിരിക്കുകയാണ്,' അവര്‍ പറഞ്ഞു.
''പ്രധാനമായ വ്യാപാര പങ്കാളികളുമായി വ്യാപാര കരാറുകള്‍ ഉടന്‍ പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി മുന്‍കൈയ്യെടുത്തുവരികയാണ്. ലോക vyaparathilത്തില്‍ നമ്മുടെ പങ്ക് വിപുലീകരിക്കുക എന്ന ലക്ഷ്യം മാത്രമാണ് മുന്നിലുള്ളത്', മന്ത്രി വ്യക്തമാക്കി.
മൊബൈല്‍ ഫോണ്‍ കയറ്റുമതി
ഇന്ത്യയുടെ മൊബൈല്‍ ഫോണ്‍ കയറ്റുമതി 2023 ഒക്ടോബര്‍ വരെ 781 കോടി ഡോളറിലധികം (ഏകദേശം 64,823 കോടി രൂപ) ആയി ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ കയറ്റുമതി 481 കോടി ഡോളറിന്റേത് മാത്രമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ചില മേഖലകളില്‍, ആഭ്യന്തര ഉല്‍പ്പാദന ശേഷി ഉയര്‍ന്ന നിലയില്‍ എത്തുന്നതുവരെ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിയിലൂടെ ആഭ്യന്തര ആവശ്യം നിറവേറ്റുകയാണെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി പട്ടേല്‍ പറഞ്ഞു.
'2022 23-ല്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരക്കമ്മി 8320 കോടി ഡോളറായിരുന്നു. 2023 24ല്‍ (ഏപ്രില്‍-സെപ്റ്റംബര്‍) ചൈനയുമായുള്ള വ്യാപാരക്കമ്മി 2022 23ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 3.91 ശതമാനം കുറഞ്ഞു,' അവര്‍ കൂട്ടിച്ചേര്‍ത്തു.
ചൈനയുമായുള്ള ചര്‍ച്ചകളില്‍ വിപണി പ്രവേശനവും താരിഫ് ഇതര പ്രശ്‌നങ്ങളും ഇന്ത്യ നിരന്തരമായി ഉന്നയിക്കുന്നതായും പട്ടേല്‍ വ്യക്തമാക്കി.