7 Sept 2023 8:27 AM
Summary
- ഓഗസ്റ്റിലെ കയറ്റുമതിയില്‍ 8.8 ശതമാനം ഇടിവ്
- സ്വദേശത്തുനിന്നും വിദേശത്തുനിന്നും ദുര്‍ബലമായ ഡിമാന്‍ഡ് പ്രതിസന്ധി
- യുഎസില്‍നിന്നുള്ള ഇറക്കുമതി കുത്തനെ ഇടിഞ്ഞു
ലോകത്തിന്റെ ഫാക്ടറി എന്നറിയപ്പെടുന്ന ചൈനയുടെ കയറ്റുമതിയില്‍ തുടര്‍ച്ചയായ നാലാം മാസവും ഇടിവ്. സ്വദേശത്തുനിന്നും വിദേശത്തുനിന്നും ദുര്‍ബലമായ ഡിമാന്‍ഡുമായി പൊരുതുകയാണ് ബെയ്ജിംഗ്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഓഗസ്റ്റില്‍ കയറ്റുമതി 8.8 ശതമാനമാണ് കുറഞ്ഞത്. ഇറക്കുമതിയിലും കുറവ് രേഖപ്പെടുത്തി. കുറവ് 7.3 ശതമാനം. എങ്കിലും ഈ തകര്‍ച്ച പ്രതീക്ഷിച്ചത്ര മോശമായില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. മുന്‍മാസത്തെ അപേക്ഷിച്ച് ചൈന പുരോഗതി കൈവരിച്ചിട്ടുണ്ട്.
റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ പ്രതിസന്ധിയും ദുര്‍ബലമായ ഉപഭോക്തൃ ചെലവും ഉള്‍പ്പെടെ നിരവധി പ്രതിസന്ധികള്‍ ചൈന ഇന്ന് അഭിമുഖീകരിക്കുന്നുണ്ട്. ചൈനീസ് നിര്‍മ്മിത ഉല്‍പ്പന്നങ്ങളുടെ ആഗോള ഡിമാന്‍ഡ് കുറയുന്നത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതമാണ് ചെലുത്തുന്നത്.
യുഎസ് ചരക്ക് ഇറക്കുമതിയില്‍ ചൈനയുടെ പങ്ക് 17 വര്‍ഷങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി എന്നാണ് യുഎസ് സെന്‍സസ് ബ്യൂറോയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് വിപണി കടുത്ത മാന്ദ്യത്തെ അഭിമുഖീകരിക്കുകയാണ്. ഇക്കാരണത്താല്‍ അവിടുള്ള ചില വലിയ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ ഏറെ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. സമ്പദ്വ്യവസ്ഥയെ ഊർജ്വസ്വലമാക്കുന്നതിനായി ഏതെങ്കിലും വലിയൊരു ഉത്തേജക പദ്ധതിക്ക് ചൈന ഇതുവരെ തുടക്കം കുറിച്ചിട്ടുമില്ല. പകരം, ആളുകളെയും ബിസിനസുകളെയും നോക്കി സഹായിക്കുന്ന നടപടികളാണ് അവര്‍ കൈക്കൊള്ളുന്നത്.
രാജ്യത്തെ രണ്ട് പ്രധാന ബാങ്കുകളായ കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈനയും അഗ്രികള്‍ച്ചറല്‍ ബാങ്ക് ഓഫ് ചൈനയും, ആദ്യ ഭവനവായ്പകള്‍ക്കുള്ള പലിശ നിരക്ക് സെപ്റ്റംബര്‍ 25 മുതല്‍ കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
വ്യാപാര കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി, ചൈനീസ് സര്‍ക്കാര്‍ നടത്തുന്ന പത്രമായ ദി ഗ്ലോബല്‍ ടൈംസ് അതിന്റെ ഇംഗ്ലീഷ് ഭാഷാ വെബ്സൈറ്റില്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള പാശ്ചാത്യ രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും അഭിപ്രായങ്ങളെ തള്ളി ഒരു വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു.