16 May 2023 11:18 AM IST
Summary
- ഉടമ്പടി ലക്ഷ്യമിടുന്നത് തൊഴില്‍,നിക്ഷേപം,വാണിജ്യം എന്നീരംഗത്തെ മുന്നേറ്റം
- വ്യാപാരകമ്മി ഒരു പരിധിവരെ നികത്താനാകുമെന്ന് ഇന്ത്യക്ക് പ്രതീക്ഷ
- ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ അടിയുറച്ച വിശ്വാസമെന്ന് ഇഎഫ്ടിഎ പ്രതിനിധികള്‍
ഇന്ത്യയും ചതുര്‍ രാഷ്ട്ര കൂട്ടായ്മയായ ഇഎഫ്ടിഎയും തമ്മില്‍ ഒരു സ്വതന്ത്ര വ്യാപാര കരാര്‍ രൂപപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ ഫലവത്താകുന്നു. യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍ അഥവാ ഇഎഫ്ടിഎയില്‍ ഐസ്ലാന്‍ഡ്, ലിച്ചെന്‍സ്‌റ്റൈന്‍, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ് എന്നീരാജ്യങ്ങളാണ് ഉള്ളത്. ഈ രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമല്ല.
ഇഫ്ടിഎ രാജ്യങ്ങളുടെ പ്രതിനിധികളുമായി വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ബ്രസല്‍സില്‍ സമഗ്രമായ വ്യാപാര-സാമ്പത്തിക പങ്കാളിത്ത കരാര്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി. കരാറിനായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള വഴികള്‍ ചര്‍ച്ചയായത്.
ഇന്ത്യയും ഇഎഫ്ടിഎയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര ഉടമ്പടി യാഥാര്‍ത്ഥ്യമായാല്‍ ഇരുവശത്തും വാണിജ്യം, നിക്ഷേപ പ്രവാഹം, തൊഴിലവസരങ്ങള്‍, സാമ്പത്തിക വളര്‍ച്ച എന്നിവ വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഏപ്രില്‍ 26 ന് ഇവിടെ ഇരുപക്ഷവും കരാറിനായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്തിരുന്നു.
കരാറുമായി ബന്ധപ്പെട്ട നിര്‍ണായക വിഷയങ്ങളില്‍ ഒരു പൊതു ധാരണയിലെത്താന്‍ അടുത്ത മാസങ്ങളില്‍ കൂടുതല്‍ യോഗങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇത് കരാറിനായുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാന്‍ സഹായിക്കും.
കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ഇരുവിഭാഗവും സമ്മതിച്ചിട്ടുണ്ട്.
സ്വിസ് ഫെഡറല്‍ കൗണ്‍സിലറും ഫെഡറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്സ്, എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് മേധാവിയുമായ ഗൈ പാര്‍മെലിന്‍, ജനീവയിലെ ഐസ്ലാന്‍ഡിലെ സ്ഥിരം പ്രതിനിധി ഐനാര്‍ ഗുന്നര്‍സണ്‍, ഇഎഫ്ടിഎയിലേക്കുള്ള ലിച്ചെന്‍സ്‌റ്റൈന്റെ സ്ഥിരം ദൗത്യത്തിലെ സ്ഥിരം പ്രതിനിധി കുര്‍ട്ട് ജാഗര്‍, നോര്‍വീജിയന്‍ വ്യാപാര, വ്യവസായ, മത്സ്യബന്ധന മന്ത്രാലയത്തിലെ സ്‌പെഷ്യലിസ്റ്റ് ഡയറക്ടര്‍ എറിക് ആന്‍ഡ്രിയാസ് ആന്‍ഡ്രിയാസ് എന്നിവരുമായി പിയൂഷ് ഗോയല്‍ ചര്‍ച്ചകള്‍ നടത്തി.
ഇരു പ്രദേശങ്ങളും തമ്മിലുള്ള ഒരു സ്വതന്ത്ര വ്യാപാര കരാറിനെ ഔദ്യോഗികമായി ടിഇപിഎ എന്നാണ് വിളിക്കുന്നത്. അത്തരം ഉടമ്പടികള്‍ക്ക് കീഴില്‍, രണ്ട് വ്യാപാര പങ്കാളികള്‍ തമ്മിലുള്ള സേവനങ്ങളുടെയും നിക്ഷേപങ്ങളുടെയും മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നു. അതുവഴി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നു.
പരമാവധി സാധനങ്ങളുടെ കസ്റ്റംസ് തീരുവ കരാര്‍ പ്രകാരം ഗണ്യമായി കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യും.
സ്വതന്ത്ര വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുംവര്‍ധിപ്പിക്കുന്നതിനുള്ള സംവിധാനമാണ് ഇഎഫ്ടിഎ.
ഈ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2021-22ല്‍ 1.74 ബില്യണ്‍ ഡോളറിനുള്ളതായിരുന്നു.എന്നാല്‍ 2022-23ല്‍ ഇത് 1.67ഡോളറായി. അതേസമയം ഇറക്കുമതി 2021-22ല്‍ 25.5 ബില്യണ്‍ ഡോളറായിരുന്നു. വ്യാപാരത്തിലെ അന്തരം ഇഎഫ്ടിഎ ഗ്രൂപ്പിന് അനുകൂലമാണ്.
നീതിപൂര്‍വകവും സന്തുലിതവുമായ ഒരു കരാറിനാണ് ഇന്ത്യ ശ്രമിക്കുന്നത് അതുവഴി വ്യാപാരക്കമ്മി കുറയ്ക്കാനാകുമെന്നും സര്‍ക്കാര്‍ കരുതുന്നു. പരസ്പര വിശ്വാസവും ബഹുമാനവും ഉള്‍ക്കൊണ്ടുള്ള ചര്‍ച്ചകളാണ് ഇതിനായി നടക്കേണ്ടത്.
കരാര്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഇരുശത്തുമുള്ള ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.
നേരത്തെ കഴിഞ്ഞ മാസം 17മുതല്‍ 21 വരെ ഇഎഫ്ടിഎ പാര്‍ലമെന്ററി കമ്മിറ്റി ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പതിനഞ്ച് വര്‍ഷം മുമ്പ് ഇന്ത്യയും ഇഎഫ്ടിഎയും തമ്മില്‍ ആരംഭിച്ച വ്യാപാര കരാറിന്റെ ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുക എന്നതായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
എല്ലാ ഇഎഫ്ടിഎ രാജ്യങ്ങളില്‍ നിന്നുമുള്ള 10 പാര്‍ലമെന്റ് അംഗങ്ങള്‍ അടങ്ങുന്ന പ്രതിനിധി സംഘത്തെ നയിച്ചത് നോര്‍വേയിലെ ട്രൈന്‍ ലിസ് സണ്‍ഡ്നെസ് ആയിരുന്നു.
മിതമായ പണപ്പെരുപ്പവും സ്ഥിരമായ വളര്‍ച്ചാ നിരക്കും ഉള്ള ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വളര്‍ത്തി എടുക്കുന്നതിന്റെ ഗുണങ്ങളില്‍ പതിനഞ്ച് വര്‍ഷം മുമ്പുതന്നെ വിശ്വസിച്ചിരുന്നതായി അവര്‍ പറഞ്ഞു. അത്തരമൊരു കരാര്‍ ഇന്ത്യയ്ക്കും ഇഎഫ്ടിഎ അംഗരാജ്യങ്ങള്‍ക്കും നല്‍കുന്ന നേട്ടങ്ങള്‍ ഇന്ന് അതിലും വലുതാണെന്ന് തങ്ങള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ ബോധ്യമുണ്ടെന്നും നോര്‍വേ പ്രതിനിധി കൂട്ടിച്ചേര്‍ത്തു.