11 Dec 2023 5:39 AM
Summary
- കരാറിന്റെ പ്രാധാന്യം വളരെ വലുതെന്ന് സ്വിസ് അംബാസിഡര്‍
- ഐസ്ലാന്‍ഡ്, ലിച്ചെന്‍സ്‌റ്റൈന്‍, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളുമായുള്ളതാണ് കരാര്‍
- ഇഎഫ്ടിഎ രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമല്ല
2024ലെ പൊതു തെരഞ്ഞെടുപ്പിനു മുമ്പായി ഇന്ത്യയുമായി യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍ (ഇഎഫ്ടിഎ) കരാറിലെത്തുമെന്ന് സ്വിറ്റ്‌സര്‍ലാന്‍ഡ് അംബാസിഡര്‍ റാല്‍ഫ് ഹെക്നര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇന്നൊവേഷനും നിക്ഷേപ അവസരങ്ങളും തുറന്നുകിട്ടുന്നതിനുള്ള നിര്‍ദ്ദിഷ്ട വ്യാപാര കരാറിന്റെ പ്രാധാന്യം വളരെ വലുതാണെന്ന് ഹെക്‌നര്‍ ഊന്നിപ്പറഞ്ഞു.
'കഴിഞ്ഞ 12 മാസത്തിലേറെയായി ഇരുപക്ഷവും നിരന്തരമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. തെരഞ്ഞെടുപ്പിനുമുമ്പ് കരാറിലെത്താനാകുമെന്നാണ് കരുതുന്നത്, അദ്ദേഹം പിടിഐയോട് പറഞ്ഞു. സ്വിസ്-ഇന്ത്യ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ കൊല്‍ക്കത്ത ചാപ്റ്റര്‍ അനാച്ഛാദനം ചെയ്യാന്‍ എത്തിയതായിരുന്നു ഹെക്‌നര്‍.
2024-ന്റെ തുടക്കത്തിലാണ് ഇന്ത്യയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്.
'ഇന്ത്യയ്ക്ക് പുതുമകള്‍ വേണമെങ്കില്‍, ഏകദേശം 12 മുതല്‍ 15 വരെ രാജ്യങ്ങളുമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതിലൊന്ന് സ്വിറ്റ്‌സര്‍ലന്‍ഡാണ്', ഇന്ത്യയുമായി ഞങ്ങള്‍ക്ക് കൂടുതല്‍ തന്ത്രപരമായ നവീകരണ ബന്ധമുണ്ടാകുമെന്നും ഹെക്‌നര്‍ പറഞ്ഞു.
ഐസ്ലാന്‍ഡ്, ലിച്ചെന്‍സ്‌റ്റൈന്‍, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക ബന്ധം വര്‍ദ്ധിപ്പിക്കുന്നതിനായി ഒരു വ്യാപാര-സാമ്പത്തിക പങ്കാളിത്ത ഉടമ്പടിയാണ് ഇപ്പോള്‍ പൂര്‍ത്തീകരണത്തിനായി കാത്തിരിക്കുന്നത്.. കരാറിന്റെ ചര്‍ച്ചകള്‍ 2008 ജനുവരിയില്‍ ഔദ്യോഗികമായി ആരംഭിച്ചു. ഈ രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമല്ല.
സ്വിറ്റ്സർലണ്ടിലേക്കുള്ള വിസ അപേക്ഷാ പ്രോസസ്സിംഗ് നമ്പറുകളില്‍ കുത്തനെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കോവിഡിനുമുമ്പുള്ള കാലഘട്ടത്തെ അപേക്ഷിച്ച് 2023ല്‍ വിസ പ്രോസസിംഗ് റെക്കാര്‍ഡ് നിലയിലെത്തി. ഈ പ്രവണത ഇന്ത്യയും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മിലുള്ള വ്യാപാര സാംസ്‌കാരിക ബന്ധങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് ഹെക്‌നര്‍ പറഞ്ഞു.
ഇഎഫ്ടിഎ- ഇന്ത്യ വ്യാപാരം 2022-ല്‍ 6.1 ബില്യണ്‍ ഡോളര്‍ കവിഞ്ഞിരുന്നു. ഇത് കൂടുതല്‍ ഉയര്‍ത്താനാണ് കരാര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.