image

22 May 2023 4:30 AM

Business

ത്രിദിന അന്താരാഷ്ട്ര ലേബര്‍ കോണ്‍ക്ലേവ്; ഈ മാസം 24ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Tvm Bureau

ത്രിദിന അന്താരാഷ്ട്ര ലേബര്‍ കോണ്‍ക്ലേവ്; ഈ മാസം 24ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
X

Summary

  • 25 ന് തുടങ്ങുന്ന കോണ്‍ക്ലേവ് തൊട്ടടുത്ത ദിവസം സമാപിക്കും.


പ്ലാനിങ് ബോര്‍ഡുമായി ചേര്‍ന്ന് തൊഴില്‍വകുപ്പ് സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര ലേബര്‍ കോണ്‍ക്ലേവ് ഈ മാസം 24ന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ തൊഴില്‍ രംഗത്ത് പുതിയ നയങ്ങള്‍ക്കും മാറ്റങ്ങള്‍ക്കുമുള്ള നാഴികക്കല്ലായി കോണ്‍ക്ലേവ് മാറുമെന്ന് തൊഴില്‍ നൈപുണ്യവകുപ്പ് വകുപ്പുമന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തെലങ്കാന തൊഴില്‍ മന്ത്രി ചാമകുറ മല്ലറെഡ്ഡി, ബീഹാര്‍ തൊഴില്‍ മന്ത്രി സുരേന്ദ്ര റാം, പുതുച്ചേരി തൊഴില്‍ മന്ത്രി എസ് ചന്ദ്ര പ്രിയങ്ക, അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ ഇന്ത്യാ ഹെഡ് സതോഷി സസാക്കി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിലാളി തൊഴിലുടമാ സംഘടനാ പ്രതിനിധികള്‍, ഭരണ-വിജ്ഞാന രംഗത്തെ പ്രമുഖര്‍, നിയമജ്ഞര്‍, ഐഎല്‍ഒ പ്രതിനിധികള്‍, വിവിധ സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍, വിദഗ്ധര്‍ തുടങ്ങി തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട 150 പ്രധാന വ്യക്തിത്വങ്ങള്‍ ഡെലിഗേറ്റ്‌സുകളായി കോണ്‍ക്ലേവില്‍ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു. ദേശീയ അന്തര്‍ദേശീയ സര്‍വകാലാശാലകളിലെ വിദഗ്ധരും വിവിധ സെഷനുകളില്‍ പങ്കെടുക്കും.

തൊഴിലാളികളുടെ അവകാശങ്ങള്‍, നിയമനിര്‍മ്മാണവും സാമൂഹ്യ സുരക്ഷ, അനൗപചാരിക തൊഴില്‍ രീതികളില്‍ നിന്ന് ഔപചാരിക തൊഴില്‍ രീതികളിലേക്കുള്ള മാറ്റം, അതിന്റെ പ്രശ്‌നങ്ങളും വിശകലനവും, ആഭ്യന്തര കുടിയേറ്റം, കുടിയേറ്റ തൊഴിലാളികളുടെ അവകാശ സംരക്ഷണം, ഗാര്‍ഹിക തൊഴിലാളികള്‍, സ്‌കീം വര്‍ക്കേഴ്‌സ്, കെയര്‍ വര്‍ക്കേഴ്‌സ് എന്നീ തൊഴില്‍ മേഖലകളിലെ തൊഴിലാളികളുടെ ക്ഷേമം, ആധുനിക ജോലി സാധ്യതകളും അതിനനുസൃതമായ നൈപുണ്യവികസനവും, ഗിഗ്, പ്ലാറ്റ് ഫോം തൊഴിലാളികളുടെ ക്ഷേമം, ലേബര്‍ സ്ഥിതിവിവരങ്ങള്‍ എന്നീ വിഷയങ്ങളാണ് എഴ് സെഷനുകളിലായി രണ്ടാം ദിവസം കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യുക.

ആധുനിക കാലത്ത് തൊഴില്‍ രംഗത്തുണ്ടാക്കുന്ന വെല്ലുവിളികളെ നേരിടാനും അതിജീവിക്കാനും അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് അവസരം നല്‍കുന്നതിനുള്ള ഫലപ്രദമായ ഇടപെടലുകള്‍ക്കും നയരൂപീകരണങ്ങള്‍ക്കുമുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളുമാണ് ഈ കോണ്‍ക്ലേവില്‍ നിന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

വിവിധ സെഷനുകളില്‍ അന്താരാഷ്ട്ര തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് അലക്‌സ് ഗോര്‍ഡെന്‍ (നാഷണല്‍ യൂണിയന്‍ ഓഫ് റെയില്‍ മാരിടൈം ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് പ്രസിഡന്റ് യു കെ), റൊണാള്‍ഡോ ലിയെറ്റ് (സെക്രട്ടറി, ബ്രസീലിയന്‍ വര്‍ക്കേഴ്‌സ് സെന്റര്‍, പ്രിമെല്‍ കുമാര്‍ ഖനല്‍ (മെമ്പര്‍ പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ ഡബ്ല്യു എഫ് ടി നേപ്പാള്‍), ജനക അഡികാരി (മെമ്പര്‍ പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ ഡബ്ല്യു എഫ് ടി ശ്രീലങ്ക), ജസ്റ്റിന്‍ മെഡീന (ആമസോണ്‍ ലേബര്‍ യൂണിയന്‍ യു എസ് എ ഓര്‍ഗനൈസിംഗ് കമ്മിറ്റി മെമ്പര്‍), ഐ എല്‍ ഒ പ്രതിനിധികളായ ഗബ്രിയേല്‍ ബോര്‍ഡാഡോ, ശ്രീനിവാസ് ബി റെഡ്ഡി, ഡോ സുക്തി ദാസ് ഗുപ്ത, ഡോ ഉമാ റാണി, മഹേന്ദ്ര നായിഡു, ദേശീയ തൊഴിലാളി സംഘടനാ പ്രതിനിധികളായ എളമരം കരീം എം പി (ദേശീയ സെക്രട്ടറി സി ഐ ടി യു), കെ ഹേമലത (സി ഐ ടിയും ദേശീയ പ്രസിഡന്റ്), ശ്രീകുമാര്‍ (എ ഐ ടിയുസി ദേശീയ സെക്രട്ടറി), ആര്‍ സിന്ധു സി ഐ ടി യു ദേശീയ സെക്രട്ടറി, തമ്പാന്‍ തോമസ് എച്ച എം എസ് ദേശീയ സെക്രട്ടറി, ആര്‍ ചന്ദ്രശേഖരന്‍ ഐ എന്‍ ടി യു സി പ്രസിഡന്റ് എന്നിവരും ദേശീയ അന്തര്‍ദേശീയ സര്‍വകലാശാലകളുടെ പ്രതിനിധികളും സംബന്ധിക്കും.

25 ന് തുടങ്ങുന്ന കോണ്‍ക്ലേവ് തൊട്ടടുത്ത ദിവസം സമാപിക്കും. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അഡീ. ചീഫ് സെക്രട്ടറി പുനീത് കുമാര്‍, തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി അജിത്കുമാര്‍, ലേബര്‍ കമ്മീഷണര്‍ ഡോ കെ വാസുകി, എംപ്ലോയ്മെന്റ് ഡയറക്ടര്‍ വീണാ മാധവന്‍, പ്ലാനിങ് ബോര്‍ഡ് എക്സ്പെര്‍ട്ട് മെമ്പര്‍ ഡോ രവിരാമന്‍ എന്നിവര്‍ പങ്കെടുത്തു.