image

16 Jun 2023 10:21 AM GMT

Business

നന്ദിനി വരുമ്പോള്‍ മില്‍മ പേടിക്കുന്നതെന്തിന്? അതിര്‍ത്തികള്‍ ഭേദിക്കുന്ന പാല്‍ വിവാദം

MyFin Desk

nandini milk and milma
X

പാലാണ് രാജ്യത്തിപ്പോള്‍ ചര്‍ച്ചാ വിഷയം. അമുല്‍ കര്‍ണാടകത്തേക്ക് വരാന്‍ ശ്രമിക്കുന്നു. അവര്‍ പ്രാദേശികവാദം പറഞ്ഞ് അതേപടി ഓടിക്കുന്നു. അതേസമയം തന്നെ കര്‍ണാടകയുടെ സ്വന്തം നന്ദിനി കേരളത്തിലേക്ക് വിപണി വ്യാപിപ്പിക്കുന്നു. ഇപ്പോള്‍ അതേപ്പറ്റി ചര്‍ച്ചകള്‍ നടക്കുന്നു.

നന്ദിനി കേരളത്തിലേക്ക്

കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ (കെഎംഎഫ്) പുറത്തിറക്കുന്ന നന്ദിനി ബ്രാന്‍ഡാണ് അമുല്‍ കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ പാല്‍ ബ്രാന്‍ഡ്. സ്വന്തമായി ഉല്‍പ്പാദിപ്പിക്കുകയും ക്ഷീരസംഘങ്ങളില്‍ നിന്ന് ശേഖരിക്കുകയും ചെയ്യുന്ന പാലാണ് നന്ദിനി വില്‍ക്കുന്നത്. കേരളത്തില്‍ ഔട്ട്‌ലെറ്റ് തുടങ്ങാമെന്ന പരസ്യം ഈയിടെയാണ് നന്ദിനി പുറത്തുവിട്ടത്. പിന്നാലെ മഞ്ചേരിയും എറണാകുളത്തും തിരൂരിലും പന്തളത്തും ഔട്ട്‌ലെറ്റുകള്‍ തുടങ്ങുകയും ചെയ്തു. കേരളത്തില്‍ ദിനേന 15,000 ലിറ്റര്‍ വരെ പാല്‍ വില്‍ക്കാനാണ് നിലവിലെ നന്ദിനിയുടെ ലക്ഷ്യം.

മില്‍മയുടെ പേടി

നന്ദിനി പാലിന് മില്‍മയേക്കാള്‍ വില കുറവാണെന്നത് തന്നെയാണ് മില്‍മയെ അലട്ടുന്ന പ്രശ്‌നം. കര്‍ണാടകയില്‍ നിലവില്‍ 21 രൂപ മുതലാണ് അരലിറ്റര്‍ നന്ദിനി പാലിന്റെ വില. വിവിധ പാലുകള്‍ക്ക് രണ്ടു രൂപ മുതല്‍ ഏഴു രൂപ വരെ മില്‍മയേക്കാള്‍ വിലക്കുറവ്! 6 രൂപ വരെ കര്‍ണാടക സര്‍ക്കാര്‍ ഇന്‍സെന്റീവ് നല്‍കുന്നതു കൊണ്ടാണ് ഇത്രയും കുറച്ചുകൊടുക്കാനാവുന്നത്.

പാലിന് മാത്രമല്ല, തൈര് പോലുള്ള പാലുല്‍പ്പന്നങ്ങളിലും ഈ കുറവ് ദൃശ്യമാണ്. മില്‍മയേക്കാള്‍ മികച്ച പാലാണ് നന്ദിനിയെന്ന ഗുണവും കേരള-കര്‍ണാടക അതിര്‍ത്തികളില്‍ ഉപയോഗിക്കുന്നവര്‍ പറയുന്നുണ്ട്. വിലക്കുറവിനൊപ്പം നല്ല ഗുണമേന്മയോടെയും നന്ദിനി പാല്‍ വിപണിയിലെത്തിച്ചാല്‍ മില്‍മയ്ക്ക് പണി കിട്ടുമെന്നുറപ്പാണ്. അതുതന്നെയാണ് മില്‍മയുടെ പേടിയും.

പാല്‍ നല്‍കിയ കൈ കൊണ്ട് അടി കിട്ടുമ്പോള്‍...

മില്‍മയും നന്ദിനിയും തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോഴുള്ളത്. പക്ഷേ, മില്‍മയും നന്ദിനിയും തമ്മിലൊരു വിപണി ബന്ധമുണ്ട്. കേരളത്തില്‍ പാല്‍ ഉല്‍പ്പാദനം കുറയുന്ന സമയങ്ങളില്‍ പാല്‍ക്ഷാമം ഉണ്ടാകാതിരിക്കാന്‍ മില്‍മ നന്ദിനിയില്‍ നിന്നാണ് പാല്‍ വാങ്ങാറുള്ളത്. ഇങ്ങനെ 2 ലക്ഷം ലിറ്റര്‍ വരെ പാല്‍ വാങ്ങാറുണ്ട്. നന്ദിനി നേരിട്ട് തന്നെ കേരള വിപണിയിലേക്ക് ഇറങ്ങുമ്പോള്‍ ഈയൊരു ഇടപാടിന്റെ ഭാവിയും അനിശ്ചിതത്വത്തിലാണ്.

നന്ദിനിയിലും മില്‍മയിലും ഒതുങ്ങുന്നില്ല, പാല്‍ക്കലഹം. തമിഴ്‌നാടിന്റെ ആവിനും ശക്തമായ പ്രതിരോധത്തിലാണ്. ഗുജറാത്ത് ഡയറി കോപ്പറേറ്റീവിന്റെ അമുലാണ് നന്ദിനിയെയും ആവിനെയും ചൊടിപ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവനയോടെയാണ് അമുല്‍-നന്ദിനി പ്രശ്‌നം തുടങ്ങുന്നത്. കര്‍ണാടകയില്‍ അമുല്‍ വിപണിയില്‍ പ്രവേശിക്കുന്നുവെന്ന പ്രഖ്യാപനം പക്ഷേ, കര്‍ണാടകയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കി. ഈയിടെ നടന്ന തെരഞ്ഞെടുപ്പില്‍ വരെ അത് ചര്‍ച്ചാ വിഷയമായി. തമിഴ്‌നാട്ടിലും ഇതേ അവസ്ഥയാണ് അമുലിന് നേരിടേണ്ടിവന്നത്.

ദിനേന 15.86 ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ വില്‍ക്കുന്നത്. 4000 കോടി രൂപയാണ് വിറ്റുവരവ്. 3,300 ആനന്ദ് മാതൃകാ സഹകരണസംഘങ്ങളിലായി 10 ലക്ഷത്തോളം കര്‍ഷകരുടെ കൂട്ടായ്മയാമ് മില്‍മയുടെ കരുത്ത്.

21,000 കോടി രൂപയാണ് നന്ദിനിയുടെ മൂല്യം. ഒട്ടേറെ വൈവിധ്യ ഉല്‍പ്പന്നങ്ങളുള്ള അമൂലിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തിലെ വിറ്റുവരവ് 72,000 കോടി രൂപയാണ്.