8 Feb 2023 6:30 AM GMT
Summary
- 2022 ഒക്ടോബറില്‍ 108 രൂപയുണ്ടായിരുന്ന ഓഹരി വില ഫെബ്രുവരി രണ്ടിന് വ്യപാരം നടത്തിയത് 268 രൂപയിലാണ്
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കേരള കമ്പനികള്‍ 30 ല്‍ താഴെയാണെങ്കിലും വലിയൊരു വിഭാഗം ഓഹരികളും പോയവര്‍ഷത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബാങ്കിംഗ് രംഗത്ത് അതിവേഗം മുന്നേറിയ 200 ശതമാനത്തിലധികം നേട്ടം സമ്മാനിച്ച കമ്പനിയായി സൗത്ത് ഇന്ത്യന്‍ ബാങ്കും മാറിയിരുന്നു. എന്നാല്‍ വര്‍ഷാവസാനത്തില്‍ ഉയരങ്ങള്‍ താണ്ടി നിക്ഷേപകര്‍ക്ക് മിന്നും നേട്ടം സമ്മാനിച്ചിരിക്കുകയാണ് മറ്റൊരു കേരള കമ്പനിയായ എഫ്എസിടി.
കഴിഞ്ഞ നാല് മാസത്തിനിടെ 148 ശതമാനത്തിന്റെ നേട്ടമാണ് എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെര്‍ട്ട്‌ലൈസര്‍ കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. അതായത്, 2022 ഒക്ടോബറില്‍ 108 രൂപയുണ്ടായിരുന്ന ഓഹരി വില ഫെബ്രുവരി രണ്ടിന് വ്യപാരം നടത്തിയത് 268 രൂപയിലാണ്. അതിനിടെ 52 ആഴ്ചയിലെ ഉയര്‍ന്ന നിലയായ 390 രൂപയിലും എഫ്എസിടിയുടെ ഓഹരിയെത്തി. നിലവില്‍ 17,341 കോടി രൂപയാണ് ഫെര്‍ട്ട്ലൈസര്‍ ആന്‍ഡ് കെമിക്കല്‍ ട്രാവന്‍കൂര്‍ ലിമിറ്റഡിന്റെ വിപണി മൂല്യം.
മുന്നോട്ടു നയിച്ചത് മികച്ച പാദഫലം
സെപ്റ്റംബര്‍ പാദത്തിലെ മികച്ച പാദഫലമാണ് എഫ്എസിടി ഓഹരിയുടെ പെട്ടെന്നുള്ള കുതിപ്പിന് കാരണമായത്. മുന്‍വര്‍ഷത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ മൊത്തം വരുമാനത്തില്‍ 49 ശതമാനത്തിന്റെ നേട്ടമാണ് സെപ്റ്റംബര്‍ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതായത്, 1960 കോടി രൂപ. അവസാനമായി പുറത്തുവന്ന ഡിസംബര്‍ പാദഫലത്തില്‍ 1757 കോടി രൂപയാണ് ഈ കമ്പനിയുടെ മൊത്തം വരുമാനം. മുന്‍വര്‍ഷത്തെ കാലയളവിലെ 1240 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 29 ശതമാനം വര്‍ധനവ്.
നിലവില്‍ എഫ്എസിടിയില്‍ 90 ശതമാനം ഓഹരികളും പ്രൊമോട്ടര്‍മാരുടെ കൈവശമാണ്. 8.56 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപകരുടെയും 0.01 ശതമാനം ഓഹരികള്‍ ആഭ്യന്തര ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെയും കൈവശവുമാണ്.
ഇന്ത്യയിലെ ആദ്യത്തെ വലിയ ഫെര്‍ട്ട്ലൈസര്‍ പ്ലാന്റായി ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ് (എഫ്എസിടി) 1943 ലാണ് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. തുടക്കത്തില്‍ എം/എസ് ശേഷസായി ബ്രദേഴ്‌സ് പ്രമോട്ട് ചെയ്ത കമ്പനി 1960 ലാണ് ഒരു പൊതുമേഖലാ കമ്പനിയായി മാറിയത്. തുടര്‍ന്ന് ഇന്ത്യാ ഗവണ്‍മെന്റ് 1962 ല്‍ പ്രധാന ഓഹരി ഉടമയാവുകയും ചെയ്തു. പിന്നീട് വിവിധ പദ്ധതികളിലൂടെ ഒരു മള്‍ട്ടി-ഡിവിഷണല്‍ ഓര്‍ഗനൈസേഷനായി മാറി.
രാസവളങ്ങള്‍ (ഫാക്ടംഫോസ് 20:20), കാപ്രോലാക്റ്റം, അമോണിയം സള്‍ഫേറ്റ് തുടങ്ങിയവയാണ് ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡിന്റെ പ്രധാന ഉല്‍പ്പന്നങ്ങള്‍.