31 Jan 2023 7:30 AM GMT
നിക്ഷേപം=0, ലാഭം= 100%, വരുമാനം=മാസം 80,000: നിങ്ങള്‍ക്കുമാവാം ജ്യോതി മോഡല്‍ ബിസിനസ്
MyFin Bureau
Summary
- ഏതോ ഓണ്‍ലൈന്‍ തട്ടിപ്പ് കേസാണിതെന്ന് വിചാരിച്ചെങ്കില്‍ തെറ്റി. ലോകമൊട്ടാകെ വിജയിച്ചു പരീക്ഷിച്ചിട്ടുള്ള റീസെല്ലിംഗ് ബിസിനസിലൂടെയാണ് ജ്യോതി ഇത്രയും വരുമാനമുണ്ടാക്കുന്നത്.
സമയം ധാരാളമുണ്ടാവും, ബിസിനസ് ചെയ്യാന്‍ നല്ല താല്‍പ്പര്യവുമുണ്ടാവും. പക്ഷേ, ഇറക്കാന്‍ പണമില്ലെങ്കിലോ? വഴിയുണ്ടെന്ന് തെളിയിച്ചുതരികയാണ് ജ്യോതി എലിസാ ജെയിംസ് എന്ന വീട്ടമ്മ
പണമിറക്കാതെ ബിസിനസോ? സാധ്യമല്ലെന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ സാധ്യമെന്ന ഉത്തരമാണ് കായംകുളംകാരി ജ്യോതി എലിസാ ജെയിംസ് തന്റെ വിജയ ബിസിനസിലൂടെ തെളിയിക്കുന്നത്. കാല്‍ക്കാശ് ബിസിനസിനായി നിക്ഷേപമിറക്കാതെ മാസംതോറും നേടുന്നത് അരലക്ഷം മുതല്‍ 80,000 രൂപ വരെയാണ്. ഏതോ ഓണ്‍ലൈന്‍ തട്ടിപ്പ് കേസാണിതെന്ന് വിചാരിച്ചെങ്കില്‍ തെറ്റി. ലോകമൊട്ടാകെ വിജയിച്ചു പരീക്ഷിച്ചിട്ടുള്ള റീസെല്ലിംഗ് ബിസിനസിലൂടെയാണ് ജ്യോതി ഇത്രയും വരുമാനമുണ്ടാക്കുന്നത്.
എംബിഎ പഠനം കഴിഞ്ഞ് ടെക്നോപാര്‍ക്കില്‍ ജോലി ചെയ്തിരുന്ന ജ്യോതിക്ക് പണ്ടേ ബിസിനസില്‍ കൈവെക്കണമെന്ന പൂതിയുണ്ടായിരുന്നു. പല ആശയങ്ങളും ചിന്തകളും കുമിഞ്ഞുകൂടുന്നതിനിടെയാണ് വെറുതെ അടുത്ത വീട്ടുകാരും കുടുംബക്കാരുമായ 15 പേരെ ചേര്‍ത്തൊരു വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കുന്നത്. അതില്‍ ചില ഡ്രസുകളുടെ ഫോട്ടോകളും വിലയും ചേര്‍ത്ത് ഷെയര്‍ ചെയ്തു. ചിലര്‍ വാങ്ങുകയും ചെയ്തു.
ബിസിനസ് വിപുലീകരിക്കുന്നു
ഒരു ഗ്രൂപ്പിലൊതുക്കിയില്ല ജ്യോതിയുടെ ബിസിനസ്. ഗ്രൂപ്പില്‍ കൂടുതല്‍ പേരെ ചേര്‍ക്കുകയും പല ഭാഗത്തുനിന്നുള്ളവരെ ചേര്‍ത്ത് നിരവധി ഗ്രൂപ്പുകള്‍ ഉണ്ടാക്കുകയും ചെയ്തു. ഒപ്പം, വസ്ത്ര നിര്‍മാതാക്കളെയും നെയ്ത്തുകാരെയും നേരിട്ടുപോയി കാണുകയും ഡീലില്‍ എത്തുകയും ചെയ്തു. വാട്സാപ്പ് ഗ്രൂപ്പുകള്‍ക്കൊപ്പം ജോസ് മാജിക്കല്‍ ത്രെഡ്‌സ് എന്ന പേരില്‍ പെയ്സ്ബുക്ക് പേജും തുടങ്ങി. ഇന്നിപ്പോള്‍ പത്തിലേറെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ ജോയുടെ ബിസിനസ് പൊടിപൊടിക്കുകയാണ്. പ്രതിദിനം 30 ഓര്‍ഡറുകളെങ്കിലും ലഭിക്കുന്നുണ്ടെന്ന് പറയുന്നു ജ്യോതി.
റീസെല്ലിംഗ് മോഡല്‍
പണമില്ലാതെ പിന്നെങ്ങനെ വില്‍ക്കാനുള്ള സാധനം കിട്ടും? ഇതാണോ സംശയം. അതിനുള്ള ഉത്തരമാണ് റീസെല്ലിംഗ് ബിസിനസ്. നെയ്ത്തുകാരുമായും ഉത്പാദകരുമായും എത്തിയ ഡീലനുസരിച്ച് അവര്‍ പുതുപുത്തന്‍ മോഡലുകളുടെ ഫോട്ടോകളും വീഡിയോകളും ജ്യോതിക്ക് അയച്ചുകൊടുക്കും. അവരുടെ വിലയ്ക്കൊപ്പം തന്റെ ലാഭവും ചേര്‍ത്ത് കാറ്റലോഗ് പോലെ ജ്യോതി ഇത് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യും. ഇഷ്ടപ്പെട്ടവര്‍ തെരഞ്ഞെടുത്ത് ജ്യോതിക്ക് ഓര്‍ഡര്‍ നല്‍കിയാല്‍, ഉത്പാദകര്‍ക്ക് തന്നെ അവരുടെ അഡ്രസ് കൈമാറും.
ഉത്പാദകര്‍ തന്നെ നേരിട്ടാണ് ജ്യോതിയുടെ ഓര്‍ഡറുകള്‍ ഡെലിവെറി ചെയ്യുന്നത്. ഇങ്ങനെ ആയതിനാല്‍ ഡെലിവെറി ചാര്‍ജ്ജ് പോലും തനിക്ക് ചെലവായി വേണ്ടിവരുന്നില്ലെന്ന് ജ്യോതി വെളിപ്പെടുത്തുകയാണ്. ഇവരുമായി നേരിട്ട് നിരന്തരം സമ്പര്‍ക്കത്തിലുള്ളതിനാല്‍ തനിക്ക് വേണ്ടി പ്രത്യേകം ക്വാളിറ്റി ചെക്ക് ചെയ്താല്‍ ഉത്പന്നങ്ങള്‍ കൊറിയര്‍ ചെയ്യാറുള്ളതെന്നും ജ്യോതി പറയുന്നു.
ബജറ്റിനിണങ്ങുന്ന കസ്റ്റമൈസേഷന്‍
ഗ്രൂപ്പുകളില്‍ ഇടുന്ന മെറ്റീരിയലുകള്‍ മാത്രമല്ല, കസ്റ്റമൈസ് ചെയ്ത് കൊടുക്കാനും തയ്യാറാണ് ജ്യോതി. ഒരു സാരി കൊടുത്ത് അതുപോലെ ഇത്ര ബജറ്റിലുള്ളത് മതിയെന്ന് പറയുന്നവര്‍ക്ക് അത് എത്തിച്ചുകൊടുക്കാനും ജ്യോതിക്കാവുന്നുണ്ട്. നിര്‍മാതാക്കളില്‍ നിന്ന് നേരിട്ടായതിനാല്‍ പുതുപുത്തന്‍ ഡിസൈനുകളും ഉപഭോക്താക്കള്‍ക്കെത്തിക്കാനാവുന്നു.
തയ്പ്പിച്ച് കൊടുക്കാന്‍ ആവശ്യപ്പെടുന്നവര്‍ക്കും ഇതേ മോഡലില്‍ തന്നെ ജ്യോതി തയ്പ്പിച്ചും കൊടുക്കും. അടുത്തുള്ള തയ്യല്‍ക്കാരുമായി ധാരണയിലെത്തിയ ജ്യോതി, ഇത്തരം ഓര്‍ഡറുകള്‍ അവരുടെ അടുത്തേക്ക് ആദ്യം വിടും. അവിടുന്ന് ടൈലര്‍മാര്‍ തന്നെ ഉപഭോക്താക്കള്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യും.
അതിരില്ലാത്ത കച്ചോടം
നിരവധി വീട്ടമ്മമാര്‍ തനിക്ക് കീഴില്‍ റീസെല്ലര്‍മാരായി ബിസിനസ് ചെയ്യുന്നുണ്ടെന്ന് ജ്യോതി പറയുന്നു. അവരുടെ ഓര്‍ഡറുകളും ചെറിയൊരു ലാഭം വെച്ച് നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിച്ചുകൊടുക്കാറുണ്ട്. കേരളത്തില്‍ നിന്ന് മാത്രമല്ല, സംസ്ഥാനത്തിനു പുറത്തുനിന്നും ഇന്ത്യയ്ക്കു പുറത്തുനിന്നും വരെ തനിക്ക് ഓര്‍ഡറുകള്‍ ലഭിക്കാറുണ്ടെന്ന് ജ്യോതി പറയുന്നു. മൗറീഷ്യയില്‍ നിന്ന് വരെ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്.
സമയമാണ് നിക്ഷേപം
ഒഴിവു സമയമാണ് ബിസിനസാക്കി മാറ്റിയതെന്ന് പറയുന്നു ജ്യോതി. വാട്സാപ്പില്‍ വെറുതെ കുത്തിക്കുറിക്കുന്ന നേരം ഇതിനായി ചെലവിടുന്നുവെന്ന് മാത്രം. പലരുമായി ബന്ധമുണ്ടാക്കാനായതിനാല്‍ എല്ലാം ഓട്ടോമേറ്റഡ് ബിസിനസ് പോലെ പോവുന്നു. കാറ്റലോഗ് ഇടുകയും ഓര്‍ഡര്‍ സ്വീകരിക്കുകയും അത് കൃത്യമായി എത്തിയോ എന്ന് നോക്കുകയും മാത്രമാണ് ജ്യോതിയുടെ പണി.