26 Jun 2023 12:00 PM
Summary
- കൃഷിക്ക് ഒപ്പം കളമശേരി പദ്ധതിയുടെ നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്തു
മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ക്കായി സഹകരണ ബാങ്കുകള്‍ പ്രത്യേക പദ്ധതി നടപ്പിലാക്കുന്നുണ്ടെന്ന് വ്യാവസായ വകുപ്പ് മന്ത്രി പി രാജീവ്. ഇതിനായി ഒരു ശതമാനം പലിശയില്‍ രണ്ട് കോടി വരെ വായ്പ നല്‍കുന്നുണ്ട്. 'കൃഷിക്കൊപ്പം കളമശേരി' പദ്ധതിയുടെ ഭാഗമായി കടുങ്ങല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കൃഷിക്കൊപ്പം കളമശേരി' പദ്ധതിയുടെ നാലാമത്തെ നടീല്‍ ആണിത്. വിഷു, ഓണം, ഈസ്റ്റര്‍ തുടങ്ങിയ വിശേഷദിവസങ്ങളെ മുന്‍നിര്‍ത്തി അല്ലാതെ എല്ലാകാലത്തും കാലത്തിനനുസരിച്ചുള്ള പച്ചക്കറികള്‍ കൃഷി ചെയ്യണമെന്നും കൃഷിയുടെ കാര്യത്തില്‍ നാട്ടില്‍ നല്ല മാറ്റം പ്രകടമാണെന്നും മന്ത്രി പറഞ്ഞു.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകശ്രീ കേന്ദ്രവും പി രാജീവ് ഉദ്ഘാടനം ചെയ്തു. അടുത്തവര്‍ഷം ആലങ്ങാട് ശര്‍ക്കര യാഥാര്‍ത്ഥ്യമാകും. സംരംഭക വര്‍ഷത്തിന്റെ ഭാഗമായി 1026 വെളിച്ചെണ്ണ മില്ലുകളും 1260 കൊപ്ര ഡ്രൈയറുകളും കേരളത്തില്‍ ആരംഭിച്ചു. മായം ചേര്‍ക്കാതെ മുളക്, മല്ലി, മഞ്ഞള്‍ എന്നിവ തല്‍സമയം പൊടിച്ച് നല്‍കുന്ന യൂണിറ്റുകള്‍ക്കും തുടക്കമായെന്ന് മന്ത്രി പറഞ്ഞു.
സഹകരണ ബാങ്കിന്റെ കീഴില്‍ കൃഷി ചെയ്യുന്നതിനായി രൂപീകരിച്ചിട്ടുള്ള സ്വാശ്രയ ഗ്രൂപ്പുകളുടെ വാര്‍ഡുതല നടീല്‍ ഉദ്ഘാടനമാണ് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ നടന്നത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ തരിശു സ്ഥലത്തെ പച്ചക്കറി കൃഷിക്കാണ് ഇന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ തുടക്കമിട്ടത്.
പച്ചക്കറി, കപ്പ, നെല്‍, വാഴ, പൂവ് തുടങ്ങി വിവിധ കൃഷികള്‍ സഹകരണ ബാങ്കിന്റെ ധനസഹായത്തോടെ പഞ്ചായത്തില്‍ നടന്നുവരുന്നു. കൃഷി ചെയ്യാന്‍ താല്പര്യമുള്ളവരെ കണ്ടെത്തി ഗ്രൂപ്പുകള്‍ രൂപീകരിച്ചാണ് ബാങ്ക് ധനസഹായം നല്‍കുന്നത്.
കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കടങ്ങല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. കെ. സജിവ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ആര്‍. രാമചന്ദ്രന്‍, കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ചീഫ് കോ ഓഡിനേറ്റര്‍ എം. പി. വിജയന്‍, ബാങ്ക് ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.