20 April 2023 12:00 PM
Summary
- മധ്യവേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി വിദ്യാലയങ്ങളില്‍ മികച്ച തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്
പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുക എന്ന നയത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇടക്കൊച്ചി ഗവ.ഹൈസ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ഏകദേശം 3000കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി 76 സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തുവരികയാണെന്ന് മന്ത്രി വ്യക്തമാക്കി. മെയ്20ന് മുന്‍പ് എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും. എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി കുട്ടികള്‍ക്ക് ഗ്രേസ്മാര്‍ക്ക് നല്‍കാന്‍ തീരുമാനമായതായും ഇടക്കൊച്ചി ഗവണ്‍മെന്റ് സ്‌കൂളിനെ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ആക്കി ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മധ്യവേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി വിദ്യാലയങ്ങളില്‍ മികച്ച തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ എത്തുന്നതിന് മുന്‍പ് തന്നെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കും. സ്‌കൂളും പരിസരവും ക്ലാസ്മുറികളും ടോയ്ലറ്റുകളും വൃത്തിയാക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കും. വിദ്യാലയങ്ങളിലെ കുടിവെള്ളടാങ്കുകള്‍, കിണറുകള്‍ തുടങ്ങിയവ അണുവിമുക്തമാക്കി കുട്ടികള്‍ക്ക് ശുദ്ധമായ കുടിവെള്ളം നല്‍കും. ജൂണ്‍ മാസം ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് കൊച്ചി നഗരസഭയുടെ കീഴില്‍ വരുന്ന ഇടക്കൊച്ചി ഗവ.ഹൈസ്‌കൂളിന്റെ പുതിയ കെട്ടിടം നിര്‍മ്മിച്ചത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ പദ്ധതി പ്രകാരം 2019ല്‍ അംഗീകാരം ലഭിച്ച കെട്ടിടമാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.