26 Jun 2023 5:00 AM
Summary
- 2022-23 വര്‍ഷത്തില്‍ 2,48,530 കര്‍ഷകരില്‍ നിന്നായി സര്‍ക്കാര്‍ സംഭരിച്ചത് 7.28 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ്
ഏപ്രില്‍ മുതല്‍ ഈ മാസം 23 വരെ നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് 437.77 കോടി രൂപ വിതരണം ചെയ്തതായി സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍.
നെല്ല് കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനായി 700 കോടി രൂപയാണ് ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് ഇക്കാലയളവില്‍ വായ്പയെടുത്തത്. ഇതില്‍ നിന്നാണ് 437.77 കോടി രൂപ വിതരണം ചെയ്തിരിക്കുന്നത്. ബാക്കി തുക ഉടന്‍ കൊടുത്തു തീര്‍ക്കും.
2,48,530 കര്‍ഷകരില്‍ നിന്ന് 7.28 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് 2022-23 വര്‍ഷത്തില്‍ സര്‍ക്കാര്‍ സംഭരിച്ചത്. ഇതില്‍ കര്‍ഷകര്‍ക്ക് 2053 കോടി രൂപ നല്‍കാനുള്ളതില്‍ 740.38 കോടി രൂപ നേരിട്ടും 194.19 കോടി രൂപ പിആര്‍എസ് മുഖേനയും കേരള ബാങ്ക് മുഖേനയുമായി ആകെ 934.57 കോടി രൂപ മാര്‍ച്ച് 30 വരെ വിതരണം ചെയ്തിട്ടുണ്ട്. ഇതിന് പുറമെയാണ് ഏപ്രിലിന് ശേഷം 437.77 കോടി രൂപ നല്‍കിയത്.
നെല്ല് സംഭരണത്തിനായി കണ്‍സോര്‍ഷ്യം ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), കാനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ വഴി സപ്ലൈകോ പിആര്‍എസ് വായ്പയായി 700 കോടി രൂപയാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്. ഈ മാസം പകുതിയിലെ കണക്കുകള്‍ പ്രകാരം കാനറ ബാങ്ക് 144.5 കോടി രൂപയും, ഫെഡറല്‍ ബാങ്ക് 56.16 കോടി രൂപയും, എസ് ബി ഐ 22.7 കോടി രൂപയും നല്‍കിക്കഴിഞ്ഞു.
സംശയ നിവാരണത്തിനായി കര്‍ഷകര്‍ക്ക് കൊച്ചിയിലെ സപ്ലൈകോ കേന്ദ്ര ഓഫീസില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ കര്‍ഷകര്‍ക്ക് 0484 2207923 എന്ന നമ്പറില്‍ ബന്ധപ്പെടാം.