image

24 Jun 2023 2:45 PM IST

Kerala

സ്റ്റാര്‍ട്ടപ് മിഷന് കീഴിലുള്ള ലീപ് പദ്ധതിയുടെ ആദ്യ കേന്ദ്രം കാസര്‍കോഡ് പ്രവര്‍ത്തനമാരംഭിച്ചു

Kochi Bureau

സ്റ്റാര്‍ട്ടപ് മിഷന് കീഴിലുള്ള ലീപ് പദ്ധതിയുടെ ആദ്യ കേന്ദ്രം കാസര്‍കോഡ് പ്രവര്‍ത്തനമാരംഭിച്ചു
X

Summary

  • സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദഗ്‌ധോപദേശം നേടാനും പുതിയ സാങ്കേതിക ക്രമങ്ങളെക്കുറിച്ച് ആശയവിനിമയം നടത്താനും ലക്ഷ്യമിടുന്നു


സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററുകളെ കൊ-വര്‍ക്കിംഗ് സ്‌പേസ് ആക്കി മാറ്റുന്നതിനുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ലീപ് (ലോഞ്ച്, എംപവര്‍, അക്‌സിലറേറ്റ്, പ്രോസ്പര്‍) പദ്ധതിയുടെ ആദ്യ കേന്ദ്രം കാസര്‍കോഡ് പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാനത്ത് കെഎസ്‌യുഎമ്മിന് കീഴിലുള്ള എല്ലാ ഇന്‍കുബേഷന്‍ കേന്ദ്രങ്ങളിലും ലീപ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സിഇഒ അനൂപ് അംബിക പറഞ്ഞു.

പ്രൊഫഷണലുകള്‍ക്ക് ദിവസ-മാസ വ്യവസ്ഥയില്‍ ഈ സൗകര്യങ്ങള്‍ ആവശ്യാനുസരണം ഉപയോഗിക്കാനാകും. വര്‍ക്കം ഫ്രം ഹോം ചെയ്യുന്നവര്‍ക്കും യാത്ര ചെയ്യേണ്ടി വരുന്ന പ്രൊഫഷണലുകള്‍ക്കും ഈ സൗകര്യം ഗുണകരമാകും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദഗ്‌ധോപദേശം നേടാനും പുതിയ സാങ്കേതിക ക്രമങ്ങളെക്കുറിച്ച് ആശയവിനിമയം നടത്താനും ഇതിലൂടെ ഉദ്ദേശിക്കുന്നുണ്ട്.

കാസര്‍കോഡ് എംഎല്‍എ എന്‍എ നെല്ലിക്കുന്ന് ലീപ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയാണ് നാടമുറിച്ച് ലീപ് കേന്ദ്രം നാടിന് സമര്‍പ്പിച്ചത്.

സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ലീപ് സെന്ററുകളില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. സംസ്ഥാന വ്യാപകമായി ലീപ് കേന്ദ്രങ്ങള്‍ ഉടന്‍ സാധ്യമാകും. മികച്ച രീതിയില്‍ രൂപകല്‍പന ചെയ്ത തൊഴിലിടങ്ങള്‍, അതിവേഗ ഇന്റര്‍നെറ്റ്, മീറ്റിംഗ് റൂമുകള്‍, തുടങ്ങി ആധുനികമായ സൗകര്യങ്ങള്‍ ലീപ്പിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൊഴിലെടുക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ ധാരാളമുണ്ട്. എന്നാല്‍ കുടുംബ മേല്‍നോട്ടത്തിന്റെ പരിമിതികള്‍ മൂലം ഇഷ്ടപ്പെട്ട തൊഴിലെടുക്കാന്‍ പലപ്പോഴും സാധിക്കുന്നില്ലെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം സിഎംഡി ഉഷാ ടൈറ്റസ് ചൂണ്ടിക്കാട്ടി. ലീപ് കേന്ദ്രങ്ങള്‍ വ്യാപകമാകുന്നതോടെ ചെറുനഗരങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഐടി തൊഴില്‍ എടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകില്ല. അവസരങ്ങള്‍ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നത് വനിതാ ശാക്തീകരണത്തിന്റെ ഭാഗമാണെന്നും ഉഷാ ടൈറ്റസ് പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ലീപ് പദ്ധതിയില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്ത പത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള കിറ്റ് ചടങ്ങില്‍ വിതരണം ചെയ്തു. അസാപ്പന്റെ സ്‌മോള്‍ കാറ്റഗറി ഡ്രോണ്‍ പൈലറ്റ് പരിശീലനം നേടിയ 16 പേര്‍ ഡിജിസിഎയുടെ ലൈസന്‍സിന് അര്‍ഹരായി. അവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു. ഡിജിറ്റല്‍ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ വില്‍പന നടത്തുന്ന ഫാബ്‌സ് ഫ്രെയിംസിന്റെ നവീകരിച്ച വെബ്‌സൈറ്റും അനൂപ് അംബിക പ്രകാശനം നടത്തി.

ടെക്‌ജെനിഷ്യ സ്ഥാപകന്‍ ജോയ് സെബാസ്റ്റ്യന്‍, എഫ് സി റോവറിലെ ഫിറോസ്, ലൈവ് ലോ സ്ഥാപകന്‍ പി വി ദിനേശ് ,അഡ്വ. ഹരീഷ് വാസുദേവന്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. ഡ്രോണ്‍ എക്‌സ്‌പോ, വര്‍ക്ക്‌ഷോപ്പുകള്‍, ചാറ്റ് ജിടിപി വര്‍ക്ക്‌ഷോപ്പ്, വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, നവ സംരംഭകര്‍ എന്നിവര്‍ക്കുള്ള കരിയര്‍ ക്ലിനിക്ക്, സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോ തുടങ്ങിയവ ഒരുക്കിയിരുന്നു.