image

31 Jan 2023 11:00 AM GMT

Premium

ബ്രാന്‍ഡ് എന്നത് ഭ്രാന്തല്ല

MyFin Bureau

brand not madness
X

Summary

  • ബയോളജി, സുവോളജി, സൈക്കോളജി എന്നൊക്കെ കേട്ടിട്ടുണ്ടാവും, പക്ഷേ എന്താണീ ബ്രാന്‍ഡോളജി? ബ്രാന്‍ഡുകളെക്കുറിച്ചും, ബ്രാന്‍ഡിംഗ് രീതികളെക്കുറിച്ചും, ലോകമെമ്പാടുമുള്ള ബ്രാന്‍ഡിംഗ് ട്രെന്‍ഡുകളെക്കുറിച്ചുമൊക്കെ പഠിപ്പിക്കുന്ന ബ്രാന്‍ഡോളജി എന്നൊരു വിഷയം മുന്നോട്ടുകൊണ്ടുവരണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍


അച്യുത് ബി മോഹന്‍ദാസ്


'മോഹന്‍ലാല്‍ ഒരു ബ്രാന്‍ഡാണ്, അതുപോലെ എല്‍ജെപി മറ്റൊരു ബ്രാന്‍ഡാണ്''; ഈയിടെയായി സോഷ്യല്‍ മീഡിയയിലും മറ്റും വളരെ വ്യാപകമായി കാണപ്പെടുന്ന ചില ഡയലോഗുകള്‍ ആണിത്. അതുപോലെ ലോകപ്രശസ്തമായ പല ബ്രാന്‍ഡുകളും നമുക്കിന്ന് സുപരിചിതമാണ്. ബ്രാന്‍ഡ് എന്ന വാക്കെടുത്ത് തലങ്ങും വിലങ്ങും ഉപയോഗിക്കുമ്പോഴും നമ്മുടെ നാട്ടില്‍ മിക്കവര്‍ക്കും അതെന്താണ് എന്നൊരു ഐഡിയ ഇല്ല.

ഒരു ബിസിനസ്, അല്ലെങ്കില്‍ ഒരു ഉത്പന്നമോ സേവനമോ മാര്‍ക്കറ്റില്‍ അവതരിപ്പിക്കുമ്പോള്‍ അതൊരു ബ്രാന്‍ഡായി മാറണം എന്ന ആഗ്രഹം മിക്ക സംരംഭകര്‍ക്കും ഉണ്ടാകും. പക്ഷേ അതില്‍ പലരും കരുതിയിരിക്കുന്നതുപോലെ ഒരു പേരോ, ലോഗോയോ, ഉണ്ടെങ്കില്‍ അത് ആശയപരമായി ഒരു ബ്രാന്‍ഡ് ആകുമായിരിക്കും, പക്ഷേ പ്രാവര്‍ത്തികമായി അതിനെ ഒരു ബ്രാന്‍ഡാക്കി മാറ്റുക എന്നത് ഒരു മികച്ച ബ്രാന്‍ഡ് സ്ട്രാറ്റജിസ്റ്റിന് ചെയ്യാന്‍ കഴിയുന്ന ഒരു ജോലിയാണ്. ''ബ്രാന്‍ഡൊക്കെ എന്ത്, ഇതൊരുതരം ഭ്രാന്തല്ലേ'' എന്നുചിന്തിച്ച് ബിസിനസ് ചെയ്താല്‍ ഒടുവില്‍ ചിലപ്പോള്‍ ഭ്രാന്ത് പിടിച്ചെന്നും വരും.

സത്യത്തില്‍ എന്താണ് ബ്രാന്‍ഡ് (brand)?

ഒരു ബിസിനസിനെയോ, ഉത്പന്നത്തെയോ, സേവനത്തെയോ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാനാവുന്ന ഒരു പേര്, ലോഗോ, സ്ലോഗന്‍ എന്നിവ നല്കുന്നതിലൂടെ ഒരു 'പ്രതിച്ഛായ (image)' നിര്‍മ്മിച്ചെടുക്കുക എന്നതാണ് ആദ്യപടി. അതിനോടൊപ്പം ഉപഭോക്താക്കളുടെ മനസ്സില്‍ അത് ഉണ്ടാക്കിയെടുക്കുന്ന ഒരു വൈകാരിക ബന്ധവും (emotional connect), അവര്‍ അതിനോട് എങ്ങനെ ഇടപെടുന്നു (interaction) എന്നതും ചേര്‍ന്നാണ് യഥാര്‍ത്ഥത്തില്‍ ഒരു ബ്രാന്‍ഡ് ജനിക്കുന്നത്.

ലോകപ്രശസ്ത ബ്രാന്‍ഡായ കൊക്കക്കോളയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ത്തന്നെ അവരുടെ ചുവപ്പും വെളുപ്പും ചേര്‍ന്ന കളര്‍ സ്‌കീമും, ഒഴുക്കന്‍ മട്ടിലെഴുതിയ പേരും, അവരുടെ ചില സ്ലോഗനുകളും നമ്മുടെ മനസ്സിലെത്തും. അതോടൊപ്പം ''ഒരു കൊക്കക്കോള കുടിച്ചാലോ'' എന്ന നമ്മുടെ തോന്നലും ഒരു കടയില്‍ കയറി ഫ്രിഡ്ജ് തുറന്ന് ഒരു കൊക്കക്കോള ബോട്ടില്‍ സ്വന്തമാക്കുക എന്ന പ്രവര്‍ത്തിയും കൂടിച്ചേരുമ്പോഴേ അത് ശരിക്കുമൊരു ബ്രാന്‍ഡ് ആകുന്നുള്ളൂ. പല മാര്‍ഗങ്ങളിലൂടെ ഇക്കാര്യങ്ങള്‍ നടത്തിയെടുക്കുന്ന പ്രക്രിയയെ (process) ബ്രാന്‍ഡിംഗ് എന്ന് വിളിക്കുന്നു.

ബ്രാന്‍ഡ് സ്ട്രാറ്റജി

ബ്രാന്‍ഡ് സ്ട്രാറ്റജി എന്നത് ശക്തവും തിരിച്ചറിയാവുന്നതുമായ ഒരു ബ്രാന്‍ഡ് നിര്‍മ്മിക്കുന്നതിനുള്ള ഒരു രൂപരേഖ സൃഷ്ടിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന പ്രക്രിയയാണ്. അതില്‍ പല ഘടകങ്ങളും പല രീതികളുമുണ്ട്. ഒരു ബ്രാന്‍ഡിനെക്കുറിച്ചുള്ള സന്ദേശങ്ങളും വിവരങ്ങളും ആളുകളിലേക്ക് എത്തിക്കുന്നത് (brand messaging) ഒരു പാഴ്സല്‍ അയക്കുന്നതുപോലെയാണ്. ആരിലേക്ക് എത്തണം എന്ന് തീരുമാനിച്ചാലേ എങ്ങനെ എത്തിക്കണം എന്ന് തീരുമാനിക്കാന്‍ പറ്റൂ. അതിന് ആദ്യമായി ചെയ്യുന്നത് ആ ബ്രാന്‍ഡിന്റെ ടാര്‍ഗെറ്റ് ഓഡിയന്‍സിനെ തിരിച്ചറിയുക എന്നതാണ്. ഇതിന്റെ പിന്‍ബലത്തിലാണ് ഒരു വിശിഷ്ടമായ വാല്യൂ പ്രൊപോസിഷന്‍, വിഷ്വല്‍ ഐഡന്റിറ്റി, ബ്രാന്‍ഡ് വോയിസ് എന്നിവ സൃഷ്ടിക്കപ്പെടുന്നത്. ഇവയെല്ലാം ചേര്‍ന്ന് ശക്തമായ ഒരു ബ്രാന്‍ഡ് സ്ട്രാറ്റജിയായി മാറുകയും മത്സരമേറിയ വിപണിയില്‍ വേറിട്ടുനില്‍ക്കാനും, ഉപഭോക്താക്കളെ ആകര്‍ഷിക്കാനും, നിലനിര്‍ത്താനും ആത്യന്തികമായി വരുമാനവും വളര്‍ച്ചയും വര്‍ദ്ധിപ്പിക്കാനും ഒരു ബിസിനസ്സിനെ സഹായിക്കും.




ബ്രാന്‍ഡ് സ്ട്രാറ്റജിയുടെ ചവിട്ടുപടികള്‍

ടാര്‍ഗെറ്റ് ഓഡിയന്‍സ്: ഒരു ബ്രാന്‍ഡ് സ്ട്രാറ്റജി സൃഷ്ടിക്കുന്നതിനുള്ള ആദ്യ ഘട്ടങ്ങളിലൊന്നാണ് ടാര്‍ഗെറ്റ് ഓഡിയന്‍സിനെ തിരിച്ചറിയുക എന്നത്. നമ്മള്‍ ആരെ ഉദ്ദേശിച്ചാണോ ഉത്പന്നങ്ങളും സര്‍വീസുകളും പുറത്തിറക്കുന്നത്, അവരെയാണ് ടാര്‍ഗെറ്റ് ഓഡിയന്‍സ് എന്നുപറയുന്നത്. ഒരു ബ്രാന്‍ഡ് ആരിലേക്ക് എത്തിച്ചേരണമെന്ന് നാം ആഗ്രഹിക്കുന്നുവോ അവരുടെ ജനസംഖ്യാശാസ്ത്രം(demography), ചിന്താസരണികള്‍ (psychographics), പെരുമാറ്റരീതികൾ (behavioural patterns) എന്നിവയെക്കുറിച്ച് ഗവേഷണം ചെയ്യുകയും മനസ്സിലാക്കുകയും ചെയ്യുന്നത് ഇതില്‍ ഒഴിവാക്കാനാകാത്ത ഒരു കാര്യമാണ്. ടാര്‍ഗെറ്റ് ഓഡിയന്‍സിനെ മനസ്സിലാക്കുന്നതിലൂടെ, ഒരു ബിസിനസ്സിന് അവരുമായി നടത്തുന്ന ഓരോ ആശയവിനിമയവും ഗുണകരമാക്കാന്‍ കഴിയുന്നു.

യൂണിക് വാല്യൂ പ്രൊപോസിഷന്‍: ടാര്‍ഗെറ്റ് ഓഡിയന്‍സിനെ തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍, അടുത്ത ഘട്ടം ഒരു യൂണിക് വാല്യൂ പ്രൊപോസിഷന്‍ വികസിപ്പിക്കുക എന്നതാണ്. ഒരു ബ്രാന്‍ഡ് അതിന്റെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വാഗ്ദാനമാണിത്; അത് വ്യക്തവും സത്യസന്ധവുമായിരിക്കണം. ഇതാണ് എതിരാളികളില്‍ നിന്നും ഈ ബ്രാന്‍ഡ് എങ്ങനെ, എത്രത്തോളം വ്യത്യസ്തമാണ് എന്ന് ആളുകളോട് പറയുന്നത്. ആ ബ്രാന്‍ഡിന്റെ വിഷ്വല്‍ ഐഡന്റിറ്റിയിലും ആശയവിനിമയങ്ങളിലും ഇത് കൃത്യമായി പ്രതിഫലിക്കുകയും വേണം.

വിഷ്വല്‍ ഐഡന്റിറ്റി: ഒരു ബ്രാന്‍ഡിന്റെ വിഷ്വല്‍ ഐഡന്റിറ്റി ഒരു ബ്രാന്‍ഡ് സ്ട്രാറ്റജിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ്. ഇതില്‍ ബ്രാന്‍ഡിന്റെ ലോഗോ, നിറങ്ങൾ (colour palette), ടൈപ്പോഗ്രാഫി (font scheme) എന്നിവ ഉൾപ്പെടുന്നു, എല്ലാ മാർക്കറ്റിംഗ് സാമഗ്രികളിലും (Marketing materials) ഇത് സ്ഥിരമായും കൃത്യമായും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

ബ്രാന്‍ഡ് വോയിസ്: ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുമ്പോള്‍ ഒരു ബ്രാന്‍ഡ് ഉപയോഗിക്കുന്ന ടോണ്‍, ഭാഷ, അവലംബിക്കുന്ന മെസേജിംഗ് രീതികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഒരു ശക്തമായ ബ്രാന്‍ഡ് വോയിസിന് ഉപഭോക്താക്കളുമായി വൈകാരിക ബന്ധം സൃഷ്ടിക്കാനും അതിനെ കൂടുതല്‍ സ്വീകാര്യമാക്കാനും കഴിയും.

ഒരു ബ്രാന്‍ഡ് സ്ട്രാറ്റജി വികസിപ്പിച്ചെടുത്താല്‍, എല്ലായിടത്തും (കഴിയുന്നയിടങ്ങളിലെങ്കിലും) സ്ഥിരമായി അത് നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്. വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ, പരസ്യങ്ങള്‍, പാക്കേജിംഗ്, ഇവന്റുകള്‍, കസ്റ്റമര്‍ സര്‍വീസ്, എന്നിങ്ങനെ എവിടെയൊക്കെ ആ ബ്രാന്‍ഡ് പരാമര്‍ശിക്കപ്പെടുന്നുവോ അവിടെയെല്ലാം ആ ബ്രാന്‍ഡ് സ്ട്രാറ്റജിയും പ്രയോഗിക്കപ്പെടണം. ഇത്തരത്തില്‍ സ്ഥിരതയാര്‍ന്ന ഒരു ബ്രാന്‍ഡ് അനുഭവം (brand experience) ഉപഭോക്താക്കള്‍ക്കിടയില്‍ വിശ്വാസവും വിശ്വസ്തതയും സൃഷ്ടിക്കാന്‍ സഹായിക്കും.

ഞങ്ങള്‍ പുലിയാണേ, പുപ്പുലിയാണേ

ബ്രാന്‍ഡിംഗ് ചെയ്യുമ്പോള്‍ ആ ബ്രാന്‍ഡിനെക്കുറിച്ച് എടുത്താല്‍പ്പൊങ്ങാത്ത കാര്യങ്ങള്‍ വെറുതേ വിളിച്ചുപറഞ്ഞിട്ടും കാര്യമില്ല എന്ന് മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം അത് കൃത്യമായി പാലിക്കാന്‍ പറ്റിയില്ലെങ്കില്‍ ബ്രാന്‍ഡിംഗ് തിരിഞ്ഞുകടിക്കും. അവിടെയാണ് വാല്യൂ പ്രൊപോസിഷന്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ഉത്പന്നം വില്‍ക്കുമ്പോള്‍ അതിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഘോരഘോരം വിളിച്ചുപറഞ്ഞിട്ട് വിറ്റുപോയ സകല യൂണിറ്റുകള്‍ക്കും തകരാര്‍ വന്നാല്‍ എങ്ങിനെയുണ്ടാവും? അതുപോലെ ഇരുപത്തിനാല് മണിക്കൂറും കസ്റ്റമര്‍ സപ്പോര്‍ട്ട് തരാം എന്നുപറഞ്ഞ് സര്‍വീസ് കൊടുത്തശേഷം ഉപഭോക്താവ് സപ്പോര്‍ട്ടിനായി വിളിക്കുമ്പോള്‍ ഫോണെടുക്കാത്ത അവസ്ഥ വന്നാല്‍ കഴിഞ്ഞില്ലേ കഥ?

എല്ലാവരും ഇപ്പോഴും അവലംബിക്കുന്ന ഒന്നാണ് ''മൗത്ത് പബ്ലിസിറ്റി''. പാണന്മാര്‍ പാടിനടക്കുന്നതുപോലെ നമ്മുടെ ഉത്പന്നത്തെക്കുറിച്ചും സേവനത്തെക്കുറിച്ചും ആളുകള്‍ പുകഴ്ത്തിപ്പറഞ്ഞുനടക്കും, അതുവഴി കച്ചവടം വരും എന്ന ആശയത്തെയാണ് പൊതുവേ മൗത്ത് പബ്ലിസിറ്റി എന്ന് വിളിക്കുന്നതെങ്കിലും ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ അത് റിവ്യൂകളുടെ രൂപത്തില്‍ നേരെ തിരിഞ്ഞാണ് സംഭവിക്കുന്നത്. ഒരു സ്ഥാപനം ഒരാള്‍ക്കൊരു സേവനം നല്‍കിയാല്‍ ഗൂഗിളിലോ മറ്റോ ഒരു പോസിറ്റിവ് റിവ്യൂ നല്‍കാന്‍ ആ സ്ഥാപനം ഉപഭോക്താവിന്റെ പിന്നാലെ നടക്കണം, അല്ലെങ്കില്‍ അത്തരമൊരു റിവ്യൂ ആരും ആവശ്യപ്പെടാതെ നമ്മളില്‍ എത്രപേര്‍ എഴുതിയിടാറുണ്ട്? അതേസമയം ഉപഭോക്താവ് സന്തുഷ്ടനല്ലെങ്കില്‍ സ്ഥാപനം ഒന്നും പറയണ്ട, നെഗറ്റിവ് റിവ്യൂ ഓണ്‍ലൈനില്‍ ഉടനെയെത്തും. അതുകൊണ്ട് ചെയ്യാന്‍ പറ്റുന്നതേ പറയാവൂ, അഥവാ പറഞ്ഞുപോയാല്‍ അത് ചെയ്യുകയും വേണം.

മാര്‍ക്കറ്റിംഗില്‍ ബ്രാന്‍ഡിംഗിന്റെ പങ്കെന്ത്?

ചുരുക്കം വാക്കുകളില്‍ മാര്‍ക്കറ്റിംഗിനെ 'Bringing something to the market and making it useful to the customers, thus driving more sales and profit' അതായത് വിപണിയിലേക്ക് ഒരു ഉത്പന്നത്തെയോ സേവനത്തെയോ കൊണ്ടുവരിക, അതിനെ ഉപഭോക്താക്കള്‍ക്ക് ഗുണകരമാക്കിമാറ്റുക, അതുവഴി കൂടുതല്‍ വില്‍പ്പനയും ലാഭവും നേടിയെടുക്കുക എന്നുപറയാം. ഈ പ്രക്രിയയില്‍ സഹായിക്കുന്ന ഒരു ടൂള്‍ ആണ് ബ്രാന്‍ഡിംഗ്. അതായത് മാര്‍ക്കറ്റിംഗ് ഒരു ചക്കയാണെങ്കില്‍ അത് ഇടാനുള്ള കത്തിയാണ് ബ്രാന്‍ഡിംഗ്. കത്തിക്ക് മൂര്‍ച്ചയില്ലെങ്കില്‍ ചക്കയിടാന്‍ പറ്റില്ല എന്നര്‍ത്ഥമില്ല, പക്ഷേ അത് ചക്കയിടല്‍ കൂടുതല്‍ ബുദ്ധിമുട്ടാക്കും എന്നതുപോലെ ബ്രാന്‍ഡിംഗിന് മൂര്‍ച്ചയില്ലെങ്കില്‍ മാര്‍ക്കറ്റിംഗും ബുദ്ധിമുട്ടാകും. പറ്റില്ല എന്നല്ല, പക്ഷേ അതിന് കൂടുതല്‍ അധ്വാനവും സമയവും ചെലവാകും. ബിസിനസില്‍ സമയവും അധ്വാനവും പണത്തിന് തുല്യമാണ് എന്നോര്‍ക്കണം.

രണ്ടായിരത്തി രണ്ടില്‍ പുറത്തിറങ്ങിയ മീശമാധവന്‍ എന്ന സിനിമയില്‍ ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച ഭഗീരഥന്‍ പിള്ള എന്ന കഥാപാത്രം ചോദിച്ചില്ലേ, ''വിളിച്ചുപറയാതെ വെടിപഴിപാട് നടത്താന്‍ പറ്റുമോ'' എന്ന്? അതുപോലെ എപ്പോഴും ബ്രാന്‍ഡിന്റെ പേര് വിളിച്ചുപറയാതെയും ബ്രാന്‍ഡ് ചെയ്യാം. ഒരു ഉദാഹരണം പറയാം. കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ആഗോള ഫിന്‍ടെക്ക് കമ്പനിയുടെ മാര്‍ക്കറ്റിംഗ് ആന്‍ഡ് ബ്രാന്‍ഡിംഗില്‍ ജോലി ചെയ്ത് തുടങ്ങുമ്പോള്‍ത്തന്നെ ആ കമ്പനി എനിക്ക് തന്നത് ലക്ഷങ്ങള്‍ വിലയുള്ള പുതുപുത്തന്‍ ആപ്പിള്‍ മാക്ബുക്കും ഐഫോണുമായിരുന്നു. കാരണം ആ കമ്പനിയെ പ്രതിനിധീകരിക്കുന്നവര്‍ ഉയര്‍ന്ന ബ്രാന്‍ഡ് വാല്യൂ ഉള്ള ഉത്പന്നങ്ങള്‍ ഉപയോഗിക്കണം എന്ന് അവര്‍ക്ക് നിര്‍ബന്ധമായിരുന്നു. ഓരോ മീറ്റിങ്ങുകളിലും കോണ്‍ഫറന്‍സുകളിലും പോകുമ്പോള്‍ വിലകൂടിയ ഗാഡ്ജറ്റുകള്‍, വസ്ത്രങ്ങള്‍, അക്‌സസറികള്‍ എന്നിവ ഉപയോഗിക്കുന്നതുവഴി ആ കമ്പനിയുടെ അവരുടെ ബ്രാന്‍ഡ് വാല്യുവിനെ അവരുടെ ടാര്‍ഗറ്റ് ഓഡിയന്‌സിന്റെ മുന്നില്‍ ഉയര്‍ത്തുകയായിരുന്നു.

ബ്രാന്‍ഡിംഗില്‍ കേസ് സ്റ്റഡിയുടെ പ്രാധാന്യം

ഓരോ കേസ് സ്റ്റഡിയും വ്യത്യസ്തമാണ്. ഒരു ബിസിനസ്/ബ്രാന്‍ഡ് തുടങ്ങുന്നതിനോടനുബന്ധിച്ച് ആ ഇന്‍ഡസ്ട്രിയിലെ സമാനമായ ബ്രാന്‍ഡുകള്‍ ശ്രദ്ധയോടെ വിശകലനം ചെയ്യണം. അവരില്‍ നിന്നും വ്യത്യസ്തമായി നമുക്ക് എന്തൊക്കെ ചെയ്തുകൊണ്ട് ജനമനസ്സുകളില്‍ കയറിപ്പറ്റാം എന്ന് ചിന്തിക്കുക, കൂടുതല്‍ ഗുണമേന്മ എങ്ങനെ നല്‍കാം എന്ന് പഠിക്കുക, അവര്‍ക്ക് കിട്ടിയ ഫലങ്ങളെ വിശകലനം ചെയ്ത് നമുക്ക് കിട്ടാന്‍പോകുന്ന ഫലങ്ങളെ മുന്‍കൂട്ടി കാണുക ഇങ്ങനെ ഒന്നിനുമുകളില്‍ ഒന്നായി അടുക്കിവയ്ക്കുന്ന നിരവധി പ്രവര്‍ത്തികളിലൂടെ കൂടുതല്‍ ഫലപ്രദമായ ഒരു ബ്രാന്‍ഡ് സ്ട്രാറ്റജി തയ്യാറാക്കാം.

കേരളത്തിന്റെ തനത് ഉത്പന്നമാണ് വെളിച്ചെണ്ണ. ഒരു കടയില്‍ ചെന്നാല്‍ പല കമ്പനികളുടെ വെളിച്ചെണ്ണകള്‍ കാണാന്‍ കഴിയും. ഇതില്‍ ഏത് വെളിച്ചെണ്ണ ഒരാള്‍ വാങ്ങണമെന്ന് ഉപഭോക്താവ് തന്നെ തീരുമാനിക്കണം, പക്ഷേ ആ തീരുമാനത്തെ സ്വാധീനിക്കാനുള്ള കഴിവാണ് ഈ ഓരോ വെളിച്ചെണ്ണയുടെയും ബ്രാന്‍ഡിംഗ് മികവായി വിലയിരുത്തപ്പെടുന്നത്. ഒരേ മില്ലില്‍ നിന്നും (അല്ലെങ്കില്‍ ചക്കില്‍ നിന്നും), ഒരേ ഗുണനിലവാരത്തോടുകൂടി വരുന്ന വെളിച്ചെണ്ണകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണെങ്കിലും അതില്‍ ചിലത് ഒരു ബ്രാന്‍ഡായി വളര്‍ന്നിരിക്കുന്നതും കൂടുതല്‍ വില്‍പ്പന നേടുന്നതും ഇതേ തത്വത്തിന്റെ നടപ്പിലാക്കല്‍ വഴിയാണ്. ഇതേകാര്യം തന്നെ സോപ്പുകളിലും, സോപ്പുപൊടികളിലും, ഷാംപൂകളിലും ഒക്കെക്കാണാം.

രണ്ടായിരത്തി ഇരുപത്തിരണ്ടില്‍ കേരളത്തില്‍ ഒരു പുതിയ ഹെയര്‍ ഓയില്‍ പുറത്തിറക്കാനുള്ള പ്ലാനുമായി അതിന്റെ സംരംഭകര്‍ എന്നെ സമീപിച്ചിരുന്നു. നൂറായിരം ഹെയര്‍ ഓയില്‍ ബ്രാന്‍ഡുകളുള്ള കേരളത്തില്‍ എങ്ങനെ വളരാം എന്നതായിരുന്നു അവരുടെയും ഞങ്ങളുടെയും മനസ്സിലെ ആദ്യ ചോദ്യം. വിപണിയില്‍ എത്തുന്ന പല ഹെയര്‍ ഓയിലുകള്‍ക്കും ഒരു മേല്‍നോട്ടവും ഗുണനിലവാര പരിശോധനയും ഇല്ലാതെ എന്തൊക്കെയോ ചേര്‍ത്ത് കാച്ചിയെടുത്ത് ഒരു കുപ്പിയിലാക്കി ഓണ്‍ലൈനിലും മറ്റും വില്‍ക്കുന്ന ഈ കാലത്ത് കൃത്യമായ മാനദണ്ഡങ്ങളോടെ, ക്വാളിറ്റിയോടെ നിര്‍മ്മിക്കപ്പെടുന്ന ആ ഹെയര്‍ ഓയില്‍ ആളുകളിലേക്ക് എത്തിക്കുക എന്നതായിരുന്നു ബ്രാന്‍ഡിംഗിലെ ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഉദ്ദേശ്യലക്ഷ്യം.

ഉത്പന്നത്തിന്റെ വ്യക്തിത്വം അതിന്റെ ലോഗോ മുതല്‍ ആളുകള്‍ക്ക് മനസ്സിലാകത്തക്കരീതിയിലാണ് അതിന്റെ ബ്രാന്‍ഡിംഗ് ഞങ്ങള്‍ ചെയ്തിരുന്നത്. ബ്രാന്‍ഡിംഗിന്റെ മുന്നോടിയായി നടത്തിയ മാര്‍ക്കറ്റ് റിസര്‍ച്ചില്‍ സാധാരണ ഒരു ഹെയര്‍ ഓയിലിന്റെ നിറമെന്ത് എന്ന് ആളുകളോട് ചോദിച്ചപ്പോള്‍ 83% ആളുകളും പറഞ്ഞത് കറുപ്പ് എന്നാണ്. കൂട്ടത്തില്‍ ചുവപ്പ്, മഞ്ഞ അങ്ങനെ ചില നിറങ്ങളും ഉത്തരമായി ഉണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ ബ്രാന്‍ഡ് ചെയ്യുന്ന ഈ എണ്ണയ്ക്ക് സ്വര്‍ണ്ണനിറമായിരുന്നു. അതുകൊണ്ടുതന്നെ ലോഗോയിലും പാക്കേജിംഗിലും മുതല്‍ സോഷ്യല്‍ മീഡിയയില്‍ വരെ സ്വര്‍ണ്ണനിറം എടുത്തറിയത്തക്കവിധമാണ് വിഷ്വല്‍ ഐഡന്റിറ്റി തയ്യാറാക്കിയത്.

ഒപ്പം അതൊരു പ്രകൃതിദത്ത ഉത്പന്നമായതിനാല്‍ ആവശ്യത്തിന് പച്ചനിറവും ഉപയോഗിച്ചിരുന്നു. പച്ചനിറത്തിന് മനുഷ്യമനസ്സില്‍ പ്രകൃതി, പ്രകൃതിദത്തം എന്നിങ്ങനെയുള്ള ധാരണകള്‍ കൊണ്ടുവരാന്‍ കഴിയും. അതുകൊണ്ടുതന്നെ അവരുടെ ബ്രാന്‍ഡ് പേഴ്സണാലിറ്റി ഈ നിറങ്ങളെയും ഉത്പന്നത്തിന്റെ ഗുണനിലവാരത്തെയും മുന്‍നിര്‍ത്തി രൂപീകരിച്ച് ഒരു പ്രീമിയം ഹെയര്‍ കെയര്‍ പ്രോഡക്ട് എന്നനിലയില്‍ മാര്‍ക്കറ്റ് ചെയ്യാനായി. അങ്ങനെ ഉത്പന്നം വിപണിയിലെത്തിച്ച് വെറും മൂന്നുമാസത്തിനകം കേരളവും കടന്ന് ദക്ഷിണേന്ത്യ മുഴുവന്‍ വിശാലമായ ഒരു വിതരണശൃംഖല വ്യാപിപ്പിക്കാനുമായി.

ട്രേഡ്മാര്‍ക്കിംഗ്

® ™ എന്നിങ്ങനെയുള്ള ചിഹ്നങ്ങള്‍ തീര്‍ച്ചയായും നിങ്ങള്‍ പല ബ്രാന്‍ഡുകളോടൊപ്പവും കണ്ടിട്ടുണ്ടാകും. ഒരു ബ്രാന്‍ഡ് അവരുടെ പേര് ലോഗോ തുടങ്ങിയവ ട്രേഡ്മാര്‍ക്ക് ചെയ്യുന്നതിനായി അപേക്ഷിച്ചുകഴിയുമ്പോള്‍ ആ ട്രേഡ്മാര്‍ക്ക് അനുവദിക്കുന്നതുവരെ ™ എന്ന ചിഹ്നവും, അനുവദിച്ചുകഴിഞ്ഞാല്‍ ® എന്ന ചിഹ്നവും ആ ബ്രാന്‍ഡിനൊപ്പം ഉപയോഗിക്കാം.

ഒരു ബ്രാന്‍ഡിനെയും അതിന്റെ ആധികാരികതയേയും പരിരക്ഷിക്കുന്നതിനും ആ ബ്രാന്‍ഡിന്റെ ഉടമസ്ഥാവകാശം ഉറപ്പാക്കുന്നതിനുമുള്ള ഒരു പ്രധാന പ്രക്രിയയാണ് ഒരു ബ്രാന്‍ഡ് ട്രേഡ്മാര്‍ക്ക് ചെയ്യുക എന്നത്. പേര്, ലോഗോ, നിറം, സ്ലോഗന്‍ തുടങ്ങിയ ഒരു ബ്രാന്‍ഡിനെ പ്രതിനിധീകരിക്കുന്ന സവിശേഷതകള്‍ ഉപയോഗിക്കുന്നതിന് അതിന്റെ ഉടമയ്ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഒരു നിയമ പ്രക്രിയയാണിത്.

ഒരു ബ്രാന്‍ഡ് ട്രേഡ്മാര്‍ക്കിംഗ് ചെയ്യുകവഴി നിങ്ങളുടെ അനുമതിയില്ലാതെ നിങ്ങളുടെ ബ്രാന്‍ഡ് ഉപയോഗിക്കുന്നതില്‍ നിന്ന് മറ്റുള്ളവരെ തടയാന്‍ കഴിയുന്നു. ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ ഇത് വളരെ പ്രധാനമാണ്, കാരണം നിങ്ങളുടെ അറിവില്ലാതെ മറ്റുള്ളവര്‍ക്ക് എവിടെനിന്നും നിങ്ങളുടെ ബ്രാന്‍ഡ് പകര്‍ത്താനും ഉപയോഗിക്കാനും എളുപ്പമാണെന്നിരിക്കെ ട്രേഡ്മാര്‍ക്കിംഗ് നിങ്ങള്‍ക്ക് നിയമപരമായ അവകാശവും സഹായവും നല്‍കുന്നു. ബ്രാന്‍ഡിനെ തിരിച്ചുപിടിക്കാനായി ഒരു കേസ് ഫയല്‍ ചെയ്യുന്നതില്‍ തുടങ്ങി വന്‍ തുക നഷ്ടപരിഹാരം തേടുന്നതുവരെ ഇതില്‍ ഉള്‍പ്പെടാം.

ട്രേഡ്മാര്‍ക്കിന്റെ മറ്റൊരു പ്രധാന നേട്ടം അത് ഏതൊരു ബിസിനസ്സിന്റെയും മൂല്യം വര്‍ദ്ധിപ്പിക്കും എന്നതാണ്. രജിസ്റ്റര്‍ ചെയ്ത ട്രേഡ്മാര്‍ക്കിന് ഒരു ബിസിനസ്സിലുള്ള വിശ്വാസ്യത വര്‍ധിപ്പിക്കാനും നിക്ഷേപകരെയും ഉപഭോക്താക്കളെയും ആകര്‍ഷിക്കാനും കഴിയും. ഒരു ബ്രാന്‍ഡ് വളര്‍ന്നുവലുതായിക്കഴിഞ്ഞാല്‍ അതിന്റെ വിപുലീകരണത്തിനായി നിക്ഷേപം, ലോണ്‍ എന്നിവയൊക്കെ ലഭ്യമാക്കാന്‍ ശ്രമിക്കുമ്പോള്‍ പലപ്പോഴും ട്രേഡ്മാര്‍ക്ക് ചെയ്ത ബ്രാന്‍ഡിന്റെ മൂല്യത്തെപ്പോലും ആസ്തിയായി കണക്കിലെടുക്കാറുണ്ട്.

അതുകൊണ്ടുതന്നെ ഒരു ബ്രാന്‍ഡ് ആരംഭിക്കുന്നതിനുമുന്‍പുതന്നെ ആ പേര് ട്രേഡ്മാര്‍ക്കിംഗ് ചെയ്യാവുന്നതാണോ, മറ്റാരെങ്കിലും അതുതന്നെയോ അതുപോലെയുള്ളതോ ആയ ബ്രാന്‍ഡ് നെയിമുകള്‍ ഉപയോഗിക്കുന്നുണ്ടോ എന്നൊക്കെ മനസ്സിലാക്കിയിരിക്കണം; ഇതിന് ഒരു ബ്രാന്‍ഡ് സ്ട്രാറ്റജിസ്‌റ് നിങ്ങളെ സഹായിക്കും.

ട്രേഡ്മാര്‍ക് പ്രക്രിയ ഒരല്‍പ്പം സങ്കീര്‍ണ്ണമാണ്, അതുകൊണ്ടുതന്നെ എല്ലാകാര്യങ്ങളും കൃത്യതയോടെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നിങ്ങള്‍ക്ക് ഒരു ട്രേഡ്മാര്‍ക്ക് അറ്റോര്‍ണിയുടെ സഹായം വേണ്ടിവരും. മാത്രമല്ല, നിങ്ങള്‍ക്ക് ഒരു ട്രേഡ്മാര്‍ക് അനുവദിച്ചുകഴിഞ്ഞാല്‍ അത് പ്രാബല്യത്തില്‍ നിലനിര്‍ത്തുന്നതിന് ഓരോ 10 വര്‍ഷത്തിലും ട്രേഡ്മാര്‍ക്ക് പുതുക്കേണ്ടതുമുണ്ട്.

ബ്രാന്‍ഡോളജി

ബയോളജി, സുവോളജി, സൈക്കോളജി എന്നൊക്കെ കേട്ടിട്ടുണ്ടാവും, പക്ഷേ എന്താണീ ബ്രാന്‍ഡോളജി? ബ്രാന്‍ഡുകളെക്കുറിച്ചും, ബ്രാന്‍ഡിംഗ് രീതികളെക്കുറിച്ചും, ലോകമെമ്പാടുമുള്ള ബ്രാന്‍ഡിംഗ് ട്രെന്‍ഡുകളെക്കുറിച്ചുമൊക്കെ പഠിപ്പിക്കുന്ന ബ്രാന്‍ഡോളജി എന്നൊരു വിഷയം മുന്നോട്ടുകൊണ്ടുവരണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. പലരും ചെയ്യുന്നതുപോലെ മാര്‍ക്കറ്റിംഗിന്റെ കീഴില്‍ ഒതുക്കി നിര്‍ത്തപ്പെടേണ്ട ഒന്നല്ല ബ്രാന്‍ഡിംഗ്. അതിനു അതിന്റേതായ സാധ്യതകളും പ്രസക്തിയുമുണ്ട്.

ഇതുവഴി ബ്രാന്‍ഡിംഗിനെക്കുറിച്ചും ബിസിനസില്‍ അതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംരംഭകര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍പറ്റും. പഠിച്ചെടുത്തതുകൊണ്ടുമാത്രം കാര്യമില്ല; പല പ്രൊജക്റ്റുകളിലും ജോലിചെയ്ത്, പല പ്രവര്‍ത്തിപരിചയങ്ങളിലൂടെയും കടന്നുപോയാണ് ഓരോ ബ്രാന്‍ഡ് സ്ട്രാറ്റജിസ്റ്റും ജന്മമെടുക്കുന്നത്. അതുകൊണ്ടുതന്നെ വളരെ സൂക്ഷ്മതയോടെവേണം ബ്രാന്‍ഡുകളെയും, ബ്രാന്‍ഡിംഗിനെയും സമീപിക്കാന്‍.


(ഐടി& ഡിജിറ്റല്‍ മീഡിയ സ്ഥാപനമായ ഇന്‍ഫൊത്രോണിന്റെ സ്ഥാപകനും സിഇഒയുമാണ് പ്രഭാഷകനും പുസ്തക രചയിതാവുമായ ലേഖകന്‍.