image

11 July 2023 4:22 PM IST

Business

250 കോടി രൂപ സ്വന്തമാക്കി ഷാരൂഖിന്റെ ജവാന്‍

MyFin Desk

right to t series shah rukh khans jawan earned rs 250 crore
X

Summary

ചിത്രം സെപ്റ്റംബര്‍ ഏഴിന് റിലീസ് ചെയ്യും


റിലീസിന് ഒരുങ്ങുന്ന ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമാണ് ജവാന്‍. ജുലൈ 10ന് ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തിരുന്നു. ആരാധകരില്‍നിന്നും വന്‍ സ്വീകരണമാണ് ട്രെയ്‌ലറിന് ലഭിച്ചത്. ഷാരൂഖിനെ ഇതുവരെ കണ്ടിട്ടില്ലാത്ത രൂപത്തിലാണ് ട്രെയ്‌ലറില്‍ കണ്ടതെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

ചിത്രം സെപ്റ്റംബര്‍ ഏഴിന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. റിലീസിന് മുമ്പ് തന്നെ ജവാന്‍ സമ്പാദിച്ചു തുടങ്ങി. ചിത്രത്തിന്റെ അവകാശം ടി-സീരീസ് 250 കോടി രൂപയ്ക്കാണ് വാങ്ങിയിരിക്കുന്നത്.

കൂടാതെ, ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സും 36 കോടി രൂപയ്ക്ക് ടി-സീരീസ് സ്വന്തമാക്കി. സിനിമയുടെ മ്യൂസിക് റൈറ്റ്സ് വാങ്ങാന്‍ ഒരുപാട് കമ്പനികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഉയര്‍ന്ന ഡിമാന്‍ഡ് മികച്ച തുക ലഭിക്കാന്‍ കാരണമായെന്നു ബോക്സ് ഓഫീസ് വേള്‍ഡ് വൈഡ് വെളിപ്പെടുത്തി.

സിനിമാപ്രേമികള്‍ക്കിടയില്‍ ജവാന്‍ വളരെ പെട്ടെന്നു തന്നെ ചര്‍ച്ചാ വിഷയമായി മാറി കഴിഞ്ഞു. വലിയ ആവേശമാണ് കഴിഞ്ഞ ദിവസത്തെ ട്രെയ്‌ലറിന്റെ റിലീസോടെ ഉണ്ടായിരിക്കുന്നത്. 2 മിനിറ്റും 12 സെക്കന്‍ഡുമുള്ളതാണ് ട്രെയ്‌ലര്‍.

ആറ്റ്‌ലിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഷാരൂഖിനൊപ്പം നയന്‍ താര, വിജയ് സേതുപതി, ദീപിക പദുക്കോണ്‍, സഞ്ജയ് ദത്ത്, തലപതി വിജയ് തുടങ്ങിയ വമ്പന്‍ താരനിരയും അണിനിരക്കുന്നുണ്ട്.

2023 ഷാരൂഖിനെ സംബന്ധിച്ച് ശുഭകരമായ വര്‍ഷമാണെന്നു വേണം പറയാന്‍. 2023ന്റെ ആരംഭത്തില്‍ റിലീസ് ചെയ്ത പത്താന്‍ ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരുന്നു നേടിയത്. ആഗോളതലത്തില്‍ ഈ ചിത്രം 1000 കോടി രൂപയിലധികം കളക്റ്റ് ചെയ്തിരുന്നു. പത്താനു ശേഷം ഷാരൂഖിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമാണ് ജവാന്‍. ഡിസംബറില്‍ ഡുങ്കി എന്ന ചിത്രവും റിലീസിന് ഒരുങ്ങുകയാണ്.

ഈ രണ്ട് ചിത്രങ്ങളുടെയും സാറ്റ്‌ലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക് അവകാശത്തിലൂടെ ലഭിച്ചത് 450-500 കോടി രൂപയ്ക്കിടയിലാണെന്നാണു കഴിഞ്ഞദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ രണ്ട് ചിത്രങ്ങളും നിര്‍മിച്ചിരിക്കുന്നത് ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റാണ്.

ജവാന്‍ എന്ന ചിത്രം ഹിന്ദിക്കു പുറമേ തമിഴ്, തെലുങ്ക് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ റിലീസ് ചെയ്യുന്നുണ്ട്. ഡുങ്കി റിലീസ് ചെയ്യുന്നത് ഡിസംബര്‍ 22-നാണ്. തപ്‌സി പനുവാണ് ഈ ചിത്രത്തില്‍ നായിക. രാജ്കുമാര്‍ ഹിരാനിയാണ് സംവിധായകന്‍. മുന്നാ ഭായി എംബിബിഎസ്, 3 ഇഡിയറ്റ്‌സ്, പികെ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനാണു രാജ്കുമാര്‍ ഹിരാനി.

സമൂഹത്തിലെ തെറ്റുകള്‍ തിരുത്താന്‍ തയാറെടുക്കുന്ന ഒരു മനുഷ്യന്റെ ഇമോഷണല്‍ ജേര്‍ണിയാണ് ജവാന്‍ എന്ന ചിത്രത്തിന്റെ ഇതിവൃത്തം. ആക്ഷന്‍ ത്രില്ലറാണ് ചിത്രം. ജവാന്റെ ട്രെയ്‌ലറില്‍നിന്നും മനസിലാക്കാന്‍ സാധിക്കുന്നത് അതിശയിപ്പിക്കുന്ന വിഷ്വലുകളുണ്ടെന്നാണ്. ഇത് കാഴ്ചക്കാര്‍ക്ക് നവ്യാനുഭവമേകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

ജുലൈ 10ന് ജവാന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തതിനു ശേഷം സിനിമാ മേഖലയില്‍ നിന്ന് നിരവധി പേരാണ് അഭിനന്ദനങ്ങളുമായി രംഗത്തുവന്നത്.

സംവിധായകന്‍ കരണ്‍ ജോഹര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത് ജവാന്‍ ഒരു ബ്ലോക്ക്ബസ്റ്റര്‍ വിജയമായിരിക്കുമെന്നാണ്.

ബോളിവുഡിലെ താരമൂല്യമുള്ള നടനാണ് ഷാരൂഖ് ഖാന്‍. മൂന്ന് പതിറ്റാണ്ടിലേറെ കാലമായി അദ്ദേഹം ബോളിവുഡില്‍ സജീവമാണ്. ബാസിഗര്‍, ഡര്‍, ദില്‍വാലേ ദുല്‍ഹനിയ ലേജായേംഗേ, കരണ്‍ അര്‍ജുന്‍, ദില്‍ തോ പാഗല്‍ ഹേ, കുച് കുച് ഹോതാ ഹേ, സ്വദേശ്, ചക് ദേ ഇന്ത്യ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം ഇന്ത്യയിലെയും വിദേശത്തെയും സിനിമാ പ്രേമികളുടെ മനസിലിടം നേടി.