6 July 2023 1:00 PM IST
Summary
- 1000 അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഒരു കുട്ടിയ്ക്ക് ആറ് രൂപയാണ്.
- 500 ലധികം വിദ്യാര്‍ഥികളുള്ള സ്‌കൂളില്‍ ഏഴു രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്.
- 500 ല്‍ താഴെ കുട്ടികളുള്ള സ്‌കൂളില്‍ എട്ട് രൂപയാണ് ഒരു കുട്ടിയ്ക്ക് കണക്കാക്കുന്നത്.
സൂകുളുകളില്‍ നല്‍കി വരുന്ന ഉച്ചഭക്ഷണ പദ്ധതിയില്‍ ഒരോ കുട്ടിക്കുമുള്ള വിഹിതം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. നിലവില്‍ ഉള്ളതിനേക്കാള്‍ നാല് രൂപയുടെ വര്‍ധനവാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന ധനകാര്യ വകുപ്പിനു മുന്നിലാണ് ഇക്കാര്യം അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഉച്ചഭക്ഷണ ഫണ്ടില്‍ 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്.
കഴിഞ്ഞ വര്‍ഷങ്ങളിലും സമാനമായ ആവശ്യവുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് വന്നിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധികള്‍ കാരണം പരിഗണിക്കപ്പെട്ടിരുന്നില്ല. 1000 അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഒരു വിദ്യാര്‍ഥിക്ക് ഒരു ദിവസം ഭക്ഷണം നല്‍കാന്‍ ആറുരൂപയും 500 ലധികം വിദ്യാര്‍ഥികളുള്ളിടത്ത് ഏഴു രൂപയും അഞ്ഞൂറില്‍ താഴെയാണെങ്കില്‍ എട്ടു രൂപയുമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതില്‍ ആഴ്ചയില്‍ ഒരു ദിവസം പാലും മുട്ടയും നല്‍കണം. എന്നാല്‍ ഇത് പോലും സമയത്തിന് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. 1000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഒരു മാസത്തെ ഉച്ചഭക്ഷണ ചെലവ് ഏതാണ്ട് ഒരു ലക്ഷം രൂപയാണ്.
നിലവില്‍ പച്ചക്കറി വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിലാണ് മുന്നോട്ട് പോകുന്നത്. കോഴിമുട്ടയുടെ വില ഒരു മാസത്തിനിടെ ഒന്നര രൂപയോളം വര്‍ധിച്ചു. തക്കാളി, വെളുത്തുള്ളി, ഇഞ്ചി എന്നിവയുടെ എല്ലാം വില കുത്തനെയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുളള എല്‍എസ്എസ്-യുഎസ്എസ് സ്‌കോളര്‍ഷിപ്പിന്റെ നാലു വര്‍ഷത്തെ കുടിശിക തുക പോലും ഇതുവരെ കൊടുത്തു തീര്‍ത്തിട്ടില്ല.