26 Jun 2023 4:45 PM IST
Summary
- മണ്‍സൂണ്‍ കണക്കിലെടുത്താണ് ഈ നീക്കം
വൈപ്പിന്‍ മണ്ഡലത്തില്‍ കടല്‍ക്ഷോഭ പ്രതിരോധം ലക്ഷ്യമിട്ട് അടിയന്തിര പ്രവൃത്തികള്‍ക്കായി 49.5 ലക്ഷം രൂപയുടെ അനുമതിയായെന്ന് കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ. മേജര്‍ ഇറിഗേഷന്‍ എറണാകുളം ഡിവിഷന്റെ മേല്‍നോട്ടത്തിലാണ് തീരസംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കാലവര്‍ഷം കണക്കിലെടുത്താണ് അടിയന്തിര പ്രവൃത്തികള്‍.
പള്ളിപ്പുറം, എടവനക്കാട്, കുഴുപ്പിള്ളി, നായരമ്പലം ഗ്രാമപഞ്ചായത്തുകളിലെ തീരത്ത് മൊത്തം ആറിടങ്ങളിലാണ് കടല്‍ക്ഷോഭ പ്രതിരോധത്തിന്റെ ഭാഗമായി ജിയോബാഗ് ഭിത്തി തീര്‍ക്കുന്നത്. നായരമ്പലം പഞ്ചായത്തിലെ വെളിയത്താംപറമ്പ് 70 മീറ്റര്‍ നീളത്തില്‍ ആറ് ലക്ഷം രൂപയുടെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ഇതേ പഞ്ചായത്തിലെ ഷണ്മുഖ ക്ഷേത്രത്തിനു സമീപം 155 മീറ്റര്‍ നീളത്തിലാണ് 12.50 ലക്ഷം രൂപയുടെ ജിയോബാഗ് ഭിത്തി.
കുഴിപ്പിള്ളി പഞ്ചായത്ത് അതിര്‍ത്തി ഭാഗത്ത് 59 മീറ്റര്‍ നീളത്തില്‍ അഞ്ച് ലക്ഷം രൂപയുടെ തീരസംരക്ഷണ പ്രവൃത്തി ഇതിനകം തുടങ്ങിയിട്ടുണ്ട്. കുഴിപ്പള്ളി ഹരിജന്‍ കോളനിക്ക് സമീപം 60 മീറ്റര്‍ നീളത്തില്‍ 4.59 ലക്ഷം രൂപയുടെയും എടവനക്കാട് പഞ്ചായത്ത് അണിയില്‍ ഭാഗത്തു 208 മീറ്റര്‍ നീളത്തില്‍ 16.50 ലക്ഷം രൂപയുടെയുമാണ് പ്രതിരോധ ഭിത്തി. പള്ളിപ്പുറം പഞ്ചായത്ത് രക്തേശ്വരി ബീച്ചിന് 600 മീറ്റര്‍ വടക്കു ഭാഗത്തു 65 മീറ്റര്‍ നീളത്തില്‍ അഞ്ച് ലക്ഷം രൂപയുടെ ജിയോബാഗ് നിരത്തുന്ന പ്രവൃത്തിയാണ് നടത്തുക.
വേറിട്ട് ചെല്ലാനം
ടെട്രാപോഡ് കടല്‍ഭിത്തിക്ക് സമാന്തരമായി ചെല്ലാനത്ത് കടല്‍ത്തീര നടപ്പാതയും നിര്‍മിക്കുന്നുണ്ട്. 344 കോടി രൂപയാണ് ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഇതിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ കൊച്ചിയുടെ വിനോദ സഞ്ചാര മേഖലയ്ക്ക് പുതിയ മുഖം കൈവരിക്കുമെന്നാണ് കണക്കാക്കുന്നത്.
കടല്‍ഭിത്തി നിര്‍മ്മാണത്തിനൊപ്പം കടലിന് അഭിമുഖമായി ഒരുങ്ങുന്ന മെഗാ വാക്ക് വേ കൊച്ചി ടൂറിസത്തിന്റെ നാഴികക്കല്ലായി മാറുമെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ താരതമ്യേന കുറവ് കാണുന്ന ടെട്രാപോഡ് കടല്‍ത്തീര നടപ്പാത മത്സ്യത്തൊഴിലാളി ഗ്രാമമായ ചെല്ലാനത്തെ സുരക്ഷിതമാക്കുന്നതിനൊപ്പം വിനോദ സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.