4 May 2023 6:58 AM GMT
Summary
- ത്രീ വീലറുകളുടെ വില്‍പ്പനയില്‍ 57% വളർച്ച
- ടൂവീലറുകളുടെ ആവശ്യകതയില്‍ മാന്ദ്യം
- ഒബിഡി 2എ മാനദണ്ഡങ്ങള്‍ വിപണിയെ ബാധിച്ചു
രാജ്യത്ത് വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പന ഏപ്രിലില്‍ പ്രകടമാക്കിയത് 4% ഇടിവ്. ടൂവീലറുകളുടെ ആവശ്യകതയിലുണ്ടായ ഇടിവും, ഏപ്രിലില്‍ പുതിയ നയപരിഷ്കാരങ്ങള്‍ നടപ്പിലാക്കിയതിനു മുന്നോടിയായി മാർച്ചില്‍ പ്രകടമായ ഉയർന്ന വില്‍പ്പനയുമാണ് ഏപ്രിലിലെ കണക്കുകളില്‍ പ്രതിഫലിക്കുന്നത്. എട്ട് മാസത്തിനിടെ ആദ്യമായാണ് രാജ്യത്ത് പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന മന്ദഗതിയിലാകുന്നത്.
ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (FADA) പങ്കിട്ട ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, ത്രീ വീലറുകളുടെ വില്‍പ്പന 57 ശതമാനം വളർച്ച കാണിക്കുന്നു, അതേസമയം ഇരുചക്ര വാഹനങ്ങളുടെയും യാത്രാ വാഹനങ്ങളുടെയും വിൽപ്പന യഥാക്രമം 7 ശതമാനവും ഒരു ശതമാനവും കുറഞ്ഞു. ട്രാക്റ്ററുകളുടെയും കൊമേഴ്സ്യല്‍ വാഹനങ്ങളുടെയും വിഭാഗങ്ങളില്‍ യഥാക്രമം 1 ശതമാനത്തിന്‍റെയും 2 ശതമാനത്തിന്‍റെയും കുറവാണ് ഉണ്ടായിട്ടുള്ളത്.
2023 സാമ്പത്തിക വർഷത്തിൽ റെക്കോർഡ് വിൽപ്പനയാണ് പാസഞ്ചർ വാഹന വിഭാഗം കരസ്ഥമാക്കിയിരുന്നത്. കഴിഞ്ഞ വർഷത്തെ ഉയർന്ന അടിത്തറയും ഒബിഡി 2എ മാനദണ്ഡങ്ങളുമാണ് ഏപ്രിലിലെ വില്‍പ്പനയുടെ കണക്കുകളില്‍ പ്രതിഫലിക്കുന്നത്. മാനദണ്ഡങ്ങളില്‍ വന്ന മാറ്റം മാർച്ചിലെ വിപുലമായ വാങ്ങലുകൾക്കും കാരണമായെവന്ന് എഫ്എഡിഎ ചൂണ്ടിക്കാണിക്കുന്നു.
ഒബിഡി 2എ മാനദണ്ഡങ്ങള്‍ കാരണം കൊമേഴ്സ്യല്‍ വാഹനങ്ങളുടെ ലഭ്യതയില്‍ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് ഡീലര്‍മാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തിലെ താഴ്ന്ന അടിത്തറയാണ് ഏപ്രിലില്‍ ഈ വിഭാഗത്തില്‍ നേരിയ വില്‍പ്പന വളര്‍ച്ചയ്ക്ക് ഇടയാക്കിയത്.
"വിതരണം മെച്ചപ്പെടുന്നുണ്ടെങ്കിലും, ഉപഭോക്തൃ ആവശ്യകതയും ലഭ്യമായ ചരക്കും തമ്മിൽ കാര്യമായ പൊരുത്തക്കേടുണ്ട്. കൂടാതെ, എൻട്രി ലെവൽ പിവികൾക്ക് വാങ്ങുന്നവർ കുറവാണ്, പിരമിഡിന്റെ താഴെയുള്ള ഉപഭോക്താക്കൾ 2-വീലറുകളിൽ നിന്ന് 4-വീലറുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ഇപ്പോഴും മടിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ," എഫ്എഡിഎ പ്രസിഡന്‍റ് മനീഷ് രാജ് സിംഘാനിയ പറഞ്ഞു.
ഏപ്രിലില്‍ മാരുതി സുസുക്കി മൊത്തം 1,09,919 യൂണിറ്റുകൾ വിറ്റഴിച്ചു. ഹ്യുണ്ടായ് മോട്ടോർസ് ഏപ്രിലിൽ 41,813 യൂണിറ്റുകൾ വിറ്റു. ടാറ്റ മോട്ടോഴ്‌സ് 41,374 യൂണിറ്റുകൾ വിറ്റപ്പോള്‍ 29,545 യൂണിറ്റുകളുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്രയും 16,641 യൂണിറ്റുകളുമായി കിയ മോട്ടോഴ്‌സും തൊട്ടുപുറകിലുള്ള സ്ഥാനങ്ങളിലെത്തി.
ഏപ്രിലിലെ പ്രതികൂല കാലാവസ്ഥയും, അകാല മഴയും ആലിപ്പഴവർഷവുമെല്ലാം പല സംസ്ഥാനങ്ങളിലും വിളനാശത്തിനു കാരണമാകുകയും കർഷകരുടെ ആശങ്കകൾ വർധിപ്പിക്കുകയും ചെയ്തു. ഇതും എൻട്രി ലെവൽ 2-വീലർ, പാസഞ്ചർ കാർ വിൽപ്പനയെ ബാധിച്ചിട്ടുണ്ടെന്ന് എഫ്എഡിഎ അഭിപ്രായപ്പെട്ടു.
ഈ ഘടകങ്ങൾ കാരണം, മെയ് മാസത്തിലെ വില്‍പ്പന സംബന്ധിച്ച് ജാഗ്രതാപൂര്‍ണമായ സമീപനമാണ് ഡീലര്‍മാര്‍ കൈക്കൊള്ളുന്നത്. മെയ് മാസത്തിൽ വരാനിരിക്കുന്ന വിവാഹ സീസൺ ഇരുചക്രവാഹനങ്ങളുടെ വിൽപ്പന പുനരുജ്ജീവിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇതിന്‍ സൂചനകള്‍ വിപണിയില്‍ പ്രകടമാണെന്നും ഡീലര്‍മാര്‍ പറയുന്നു.
മൊത്തം വാഹന വിൽപ്പനയുടെ 75% പ്രതിനിധീകരിക്കുന്നു എന്നത് കണക്കിലെടുത്ത്, ഇരുചക്ര വാഹനങ്ങളുടെ ജിഎസ്ടി 28%ൽ നിന്ന് 18% ആയി കുറയ്ക്കുന്നത് പരിഗണിക്കാൻ ജിഎസ്ടി കൗൺസിലിനോട് എഫ്എഡിഎ ആവശ്യപ്പെട്ടിട്ടുണ്ട്. കൊറാണ മഹാമാരിക്ക് ശേഷം ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് സംഘടന വിലയിരുത്തുന്നു. കൊറൊണയ്ക്ക് മുമ്പുള്ള 2019 ഏപ്രിലിലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇരുചക്രവാഹന വിൽപ്പന ഇപ്പോഴും 19% കുറവാണ്.