23 April 2023 12:43 PM
Summary
- നീക്കം വളരുന്ന ബ്രാന്‍ഡഡ് കളിപ്പാട്ട വിപണി ലക്ഷ്യമിട്ട്
- സോനിപതിന് ഹരിയാനയിൽ ഒരു ആധുനിക നിർമ്മാണ യൂണിറ്റുണ്ട്
- മൂന്നാം കക്ഷി മാനുഫാക്ചറര്‍മാരെ ആശ്രയിക്കുന്നത് കുറയ്ക്കാനാകും
രാജ്യത്തെ മുൻനിര റീട്ടെയ്‌ലറായ റിലയൻസ് റീട്ടെയിൽ, വർദ്ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് കളിപ്പാട്ട നിര്‍മാണത്തിനായി സംയുക്ത സംരംഭം പ്രഖ്യാപിച്ചു. ബ്രിട്ടീഷ് കളിപ്പാട്ട ബ്രാൻഡായ ഹാംലീസിന്റെയും ഹോം ഗ്രൗണ്ട് ടോയ് ബ്രാൻഡായ റോവന്റെയും ഉടമയായ റിലയന്‍സ് റീട്ടെയില്‍ ഹരിയാന ആസ്ഥാനമായുള്ള സർക്കിൾ ഇ റീട്ടെയില്‍ കമ്പനിയായ സോനിപതുമായാണ് സംയുക്ത സംരംഭം നടപ്പാക്കുന്നത്. റിലയൻസ് റീട്ടെയിൽ സിഎഫ്‌ഒ ദിനേശ് തലുജയാണ് കഴിഞ്ഞ ആഴ്ച ഒരു ഏണിംഗ്സ് കോളിനിടെ ഇക്കാര്യം പറഞ്ഞത്.
കളിപ്പാട്ട് നിര്‍മാണത്തില്‍ ഡിസൈൻ മുതൽ ഷെൽഫ് വരെയുള്ള പ്രക്രിയകൾ സമന്വയിപ്പിക്കുന്നതിനുള്ള ഒരു തന്ത്രത്തിലാണ് കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നത്. ഉൽപ്പന്നത്തിന്റെ രൂപകൽപ്പനയും നിർമ്മാണവും മുതൽ ചില്ലറ വിൽപ്പന വരെ റിലയന്‍സ് റീട്ടെയിലിന്‍റെ നിയന്ത്രണമുണ്ടായിരിക്കും. വിവിധ ഘട്ടങ്ങളിൽ മൂന്നാം കക്ഷി മാനുഫാക്ചറര്‍മാരെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇത് റിലയൻസിനെ സഹായിക്കും.
റിലയൻസ് റീട്ടെയിലിന്റെ ഉടമസ്ഥതയിലുള്ള കളിപ്പാട്ട ബ്രാൻഡുകളായ ഹാംലീസ്, റോവൻ എന്നിവയെ ഈ പുതിയ സംരംഭം പരിഗണിക്കുമെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. കൂടാതെ, റിലയൻസ് റീട്ടെയിൽ B2B ടോയ് സെഗ്‌മെന്റിലെ ഒരു പ്രധാന കളിക്കാരനാണ്, അവിടെ അത് റോവൻ വഴി പ്രവർത്തിക്കുന്നു.
കളിപ്പാട്ട നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സർക്കിൾ ഇ റീട്ടെയിൽസോനിപതിന് ഹരിയാനയിൽ ഒരു ആധുനിക നിർമ്മാണ യൂണിറ്റുണ്ട്. കൂടാതെ വിപുലമായ തോതില്‍ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ലൈസൻസ് ഉണ്ട്.
കഴിഞ്ഞ വർഷമാണ് റിലയൻസ് റീട്ടെയിൽ തങ്ങളുടെ റോവൻ ബ്രാൻഡിന്‍റെ വ്യാപാരം ബി 2 ബി മൊത്തവ്യാപാരത്തിൽ നിന്ന് സാധാരണ റീട്ടെയിൽ വിപണിയിലേക്കും വിപുലീകരിച്ചത്. ചെറിയ ഷോപ്പുകളിലേക്കും നഗരങ്ങളിലേക്കും അതിവേഗം വളരുന്ന ബ്രാന്‍ഡഡ് കളിപ്പാട്ട വിപണിയില്‍ നേട്ടം കൊയ്യാനുള്ള ശ്രമമമാണ് റിലയന്‍സ് റീട്ടെയില്‍ നടത്തുന്നത്.