4 July 2023 3:30 PM IST
Summary
- 2017 മുതലാണ് സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ സജീവമായത്
പുതു വര്‍ഷത്തിലെ സ്‌കൂള്‍ വിപണിയില്‍ സഹകരണ സംഘങ്ങള്‍ക്ക് വന്‍ നേട്ടം. വിലക്കുറവിന്റെ സ്റ്റുഡന്റ് മാര്‍ക്കറ്റ് ഒരുക്കിയ സഹകരണമേഖലയില്‍ മികച്ച വ്യാപാരമാണ് നടന്നതെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ഇത്തവണ കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ 512 സ്റ്റുഡന്റ് മാര്‍ക്കറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഇതിലൂടെ മാത്രമുള്ള വ്യാപാരം 7.5 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷം ഈ സമയത്ത് 6.5 കോടി രൂപയുടെ വ്യാപാരമാണ് നടന്നത്.
സ്റ്റുഡന്റ് മാര്‍ക്കറ്റുകളിലൂടെയുള്ള വില്‍പ്പന 2017 മുതലാണ് സജീവമായത്. 2017 ല്‍ 346 വില്‍പ്പന കേന്ദ്രങ്ങളാണുണ്ടായിരുന്നത്. 5.94 കോടിയായിരുന്നു അന്നത്തെ വില്‍പ്പന. കഴിഞ്ഞ വര്‍ഷം 400 മാര്‍ക്കറ്റുകള്‍ ജൂണ്‍ അവസാനം വരെ പ്രവര്‍ത്തിച്ചപ്പോള്‍ വില്‍പ്പന 7.93 കോടിയിലെത്തി.
കണ്‍സ്യൂമര്‍ഫെഡ് നേരിട്ട് 183 മാര്‍ക്കറ്റുകളും, 283 എണ്ണം സംഘങ്ങള്‍ വഴിയുമാണ് നടത്തുന്നത്. സ്‌കൂള്‍ സംഘങ്ങള്‍ വഴി 46 സ്റ്റുഡന്റ് മാര്‍ക്കറ്റുകളാണ് നടത്തുന്നത്. ഇതാദ്യമാണ് സ്‌കൂള്‍ സംഘങ്ങളിലൂടെ സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ നടത്തുന്നത്. ഗുണനിലവാരമുള്ള ത്രിവേണി നോട്ട് ബുക്കുകള്‍ ഉള്‍പ്പടെ വിദ്യാര്‍ഥികള്‍ക്കാവശ്യമായ മുഴുവന്‍ പഠന സാമഗ്രികളും ഇക്കുറി കണ്‍സ്യൂമര്‍ഫെഡ് മുഖാന്തരം വില്‍പ്പനയ്ക്കെത്തിയിരുന്നു.
പൊതുവിപണിയേക്കാള്‍ 40 ശതമാനം വരെ വിലക്കുറച്ചായിരുന്നു കണ്‍സ്യൂമര്‍ഫെഡിന്റെ വ്യാപാരം.അടുത്ത മൂന്നാഴ്ച്ചകൂടി മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് കൂടാതെ സംസ്ഥാനത്തെ വിവിധ എംപ്ളോയിസ് സൊസൈറ്റികളും സ്‌കൂള്‍ വിപണികള്‍ നടത്തുന്നുണ്ട്. വില്‍പ്പനയില്‍ ലാഭത്തിനപ്പുറം വലിയ വിലകുതിപ്പില്‍ നിന്ന് സ്‌കൂള്‍ വിപണിയെ പിടിച്ചു നിര്‍ത്താന്‍ സഹകരണ മേഖലയുടെ ഇടപെടലുകള്‍ക്ക്കഴിഞ്ഞു എന്നതാണ് പ്രധാന നേട്ടമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.