image

13 April 2023 4:39 AM

Business

യുഎസില്‍ 500 മെഗാവാട്ട് ഉല്‍പ്പാദനം തുടങ്ങുമെന്ന് റെയ്‌സോണ്‍ സോളാര്‍

MyFin Desk

യുഎസില്‍ 500 മെഗാവാട്ട് ഉല്‍പ്പാദനം തുടങ്ങുമെന്ന് റെയ്‌സോണ്‍ സോളാര്‍
X

Summary

  • ഇന്ത്യയിലെ ഉല്‍പ്പാദന ശേഷി 2500 മെഗാവാട്ടായി ഉയര്‍ത്തും
  • ഉല്‍പ്പന്ന വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും


ഇന്ത്യയില്‍ നിന്നുള്ള സോളാര്‍ മൊഡ്യൂള്‍ മാനുഫാക്ചറര്‍മാരായ റെയ്‌സോണ്‍ സോളാര്‍ (Rayzon Solar) യുഎസില്‍ ഉല്‍പ്പാദന ശൃംഖല ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. 500 മെഗാവാട്ട് സോളാര്‍ മൊഡ്യൂള്‍ മാനുഫാക്ചറിംഗ് ശേഷി യുഎസില്‍ സ്ഥാപിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത് ഏതെല്ലാം മേഖലകളിലാണെന്നോ ഏതു കാലപരിധിക്കുള്ളില്‍ പദ്ധതി നടപ്പാക്കുമെന്നോ കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

ഇന്ത്യയില്‍ നിലവില്‍ 1,500 മെഗാവാട്ടിന്റെ ഉല്‍പ്പാദന ശേഷി തങ്ങള്‍ക്കുണ്ടെന്നാണ് റെയ്‌സോണ്‍ അവകാശപ്പെടുന്നത്. ഇത് സമീപ ഭാവിയില്‍ തന്നെ 2500 മെഗാവാട്ടാക്കി ഉയര്‍ത്തുന്നതിനും കമ്പനി ലക്ഷ്യമിടുന്നു. ഉല്‍പ്പാദന ശേഷി ഉയര്‍ത്തുന്നതിനൊപ്പം, അന്താരാഷ്ട്ര ബ്രാന്‍ഡുകളുമായി മല്‍സരിക്കുന്നതിനായി പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനും കമ്പനി ശ്രമിക്കുകയാണ്. കഴിഞ്ഞ വര്‍ഷം 540 വാട്ട് ഔട്ട്പുട്ട് നല്‍കുന്ന ഒരു മോണോക്രിസ്റ്റലൈന്‍ ബൈഫേഷ്യല്‍ മൊഡ്യൂള്‍ കമ്പനി പുറത്തിറക്കിയിരുന്നു. ആഗോള തലത്തിലെ മുന്‍നിര മാനുഫാക്ചര്‍മാരെല്ലാം വലിയ തോതില്‍ ബൈഫേഷ്യല്‍ മൊഡ്യൂള്‍ ഉല്‍പ്പാദനത്തിലേക്ക് തിരിയുകയാണെങ്കിലും ഇന്ത്യന്‍ മാനുഫാക്ചര്‍മാര്‍ ഇപ്പോഴും മോണോഫേഷ്യല്‍ മൊഡ്യൂളുകളിലാണ് കൂടുതലായി ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

അദാനി എന്റര്‍പ്രൈസസ്, ടാറ്റ പവര്‍ സോളാര്‍, വിക്രം സോളാര്‍, വാരീ എനര്‍ജീസ് എന്നിങ്ങനെ ഇന്ത്യയില്‍ നിന്നുള്ള മറ്റ് സോളാര്‍ ഉല്‍പ്പാദകരും തങ്ങളുടെ ഉല്‍പ്പാദനശേഷി വിപുലീകരിക്കുന്നതിനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൊഡ്യൂള്‍ ഉല്‍പ്പാദന മേഖലയില്‍ മുന്‍ പരിചയമില്ലാത്ത അവദ എനര്‍ജി, റിന്യൂ, എഎംപി എനര്‍ജി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയവയും ഷോപ്പുകള്‍ സ്ജ്ജീകരിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉല്‍പ്പാദന അധിഷ്ഠിത ഇന്‍സെന്റിവ് പദ്ധതിയും ഈ മേഖലയിലെ മാനുഫാക്ചറിംഗിലേക്ക് കമ്പനികളെ ആകര്‍ഷിക്കുന്നു.