image

20 Dec 2022 7:00 AM GMT

Kerala

കൈകൊണ്ട് നെയ്‌തെടുത്ത വിജയം; ഇത് രഞ്ജുവിന്റെ ക്രോഷേ വിസ്മയം

MyFin Bureau

ranju rajus crochet wonder
X

Summary

  • കസ്റ്റമൈസ്ഡ് ആയ പ്രൊഡക്ടാണ് ഇപ്പോള്‍ ചെയ്യുന്നത്
  • അതുകൊണ്ടുതന്നെ പ്രീ ബുക്കിംഗ് ആവശ്യമാണ്
  • പ്രൊഡക്ട് ഒന്നും നേരത്തെ ചെയ്തു വയ്ക്കാറില്ല


പഠനകാലത്തെ ഹോസ്റ്റല്‍ ജീവിതത്തിന്റെ ബോറടി മാറ്റാനായി ക്രോഷെ വീഡിയോകള്‍ കണ്ടുതുടങ്ങി, പിന്നീട് ക്രോഷെ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും സംരംഭകയായി മാറി, വായിക്കാം രഞ്ജു രാജുവിന്റെ ക്രോഷേ വിസ്മയം

തൊടുപുഴക്കാരിയായ രഞ്ജു രാജുവിന് ക്രോഷെ ഭ്രമം പിടിച്ചത് കാക്കനാട് പ്രസ് അക്കാദമിയിലെ ഹോസ്റ്റല്‍ ജീവിതത്തിലായിരുന്നു. കുട്ടിക്കാലം മുതല്‍ എമ്പ്രോയ്ഡറി ചെയ്യുമായിരുന്ന രഞ്ജുവിന് ക്രോഷേയോടും ഇഷ്ടം തുടങ്ങിയത് ഇക്കാലത്താണ്. വീഡിയോകളിലൂടെ ക്രോഷെ നെയ്തിലേയ്ക്ക് കൂടുതല്‍ അടുക്കുകയായിരുന്നു. പക്ഷെ അന്നൊന്നും രഞ്ജു അറിഞ്ഞിരുന്നില്ല ആ വീഡിയോ കൊണ്ട് താന്‍ ഒരു സംരംഭകയായി മാറുമെന്ന്.

ക്രോഷേ സംരംഭത്തിലേക്കുള്ള യാത്ര

ജോലിയുടെ മടുപ്പില്‍ നിന്നും കരകയറാനാണ് രഞ്ജു ക്രോഷെ ഒരു ഗൗരവപൂര്‍വ്വം ചെയ്തു തുടങ്ങിയത്. 2015 ല്‍ ക്രോഷെ വര്‍ക്കുകള്‍ ഇന്നത്തെ പോലെ കേരളത്തില്‍ സുപരിചിതമായി തുടങ്ങിയിട്ടില്ലായിരുന്നു. അതുകൊണ്ടു തന്നെ ക്രോഷേ ചെയ്യാനുള്ള ഹൂക്ക്, യാണ്‍ പോലുള്ള സാധനങ്ങള്‍ കടയില്‍ കിട്ടുമോ എന്നുപോലും രഞ്ജുവിന് അറിയില്ലായിരുന്നു. എങ്കിലും ഒന്ന് അന്വേഷിച്ചു. അങ്ങനെ സാധനങ്ങള്‍ കിട്ടി.

പിന്നീട് യൂട്യൂബ് നോക്കി തന്റെ അളവില്‍ ഒരു ക്രോഷെ ഷ്രഗ് നെയ്‌തെടുത്തു. അതു ധരിച്ച് പുറത്തുപോകാറുണ്ടായിരുന്ന രഞ്ജുവിനോട് അതുപോലൊരു വര്‍ക്ക് ചെയ്തുകൊടുക്കാന്‍ പലരും ആവശ്യപ്പെട്ടെങ്കിലും ജോലിത്തിരക്കുകള്‍ക്കിടയില്‍ അതൊന്നും സാധ്യമല്ലായിരുന്നു. ഇതിനിടയില്‍ 2018 ല്‍ വിവാഹവും നടന്നു. തുടര്‍ന്ന് ഗര്‍ഭിണിയായതോടെ ജോലി ഉപേക്ഷിച്ച രഞ്ജു വീണ്ടും ക്രോഷെ വര്‍ക്കുകള്‍ ചെയ്യാന്‍ തുടങ്ങിയെങ്കിലും ശാരീരികാസ്വസ്ഥതകള്‍ മൂലം പിന്നെയും ക്രോഷെയെ മാറ്റി നിര്‍ത്തി.

കുഞ്ഞു ജനിച്ചതോടെ കഥമാറി. കുഞ്ഞിനുവേണ്ടി കൈകൊണ്ട് നെയ്‌തെടുത്ത ക്രോഷെ ഉടുപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് മാറ്റങ്ങളിലേയ്ക്ക് ചുവടുവയ്ക്കുന്നത്. അതുകണ്ട് നിരവധി ആവശ്യക്കാര്‍ രഞ്ജുവിനെ തേടിയെത്തി. അങ്ങനെയാണ് ഇതൊരു സംരംഭമാക്കി മാറ്റിയാലെന്താ എന്നൊരു ചിന്ത രഞ്ജുവിന് തോന്നുന്നത്. ആ സമയത്താണ് കോവിഡും പിന്നാലെ ലോക്ഡൗണും എത്തുന്നത്.

പുതിയ ക്രോഷെ വര്‍ക്കുകളെ കൂടുതല്‍ അറിയാന്‍ രഞ്ജു ഇക്കാലങ്ങള്‍ ഉപയോഗപ്പെടുത്തി. ഓണ്‍ലൈനായും ഓഫ്‌ലൈനായും അതിനുവേണ്ട സാധനങ്ങള്‍ വാങ്ങി. പതിയെ പതിയെ തനിക്കു വരുന്ന ഓര്‍ഡറുകള്‍ അനുസരിച്ച് ക്രോഷേ വര്‍ക്കുകള്‍ ചെയ്ത്‌കൊടുക്കാന്‍ തുടങ്ങി.

ക്രോഷെയുടെ പ്രൊഡക്ടുകള്‍

തുടക്ക കാലത്ത് ബൂട്ടീസ്, ഡ്രെസ് എന്നിവ മാത്രമാണ് ചെയ്തുകൊണ്ടിരുന്നത്. ഇപ്പോള്‍ ഇതിനുപുറമെ ഹെയര്‍ ആക്‌സസറീസ്, കളിപ്പാട്ടങ്ങള്‍ ( amigurumi),ഡെക്കോര്‍, ബാഗുകള്‍ എന്നിവയും ചെയ്യുന്നുണ്ട്.

ക്രോഷെയുടെ നിര്‍മ്മാണം

ആക്രിലിക്ക്, കോട്ടണ്‍ എന്നീ മെറ്റീരിയല്‍ ആണ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. ഷൂസുകള്‍, ബൂട്ടീസ് ചെയ്യാനാണ് ആക്രിലിക് ഉപയോഗിക്കുന്നത്. കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍ ഹെയര്‍ ആക്‌സസറീസ് എല്ലാം കോട്ടണില്‍ ആണ് ചെയ്‌തെടുക്കുന്നത്. കുട്ടികള്‍ക്ക് 100 ശതമാനം പരിരക്ഷ ഉറപ്പുവരുത്തിയാണ് കളിപ്പാട്ടങ്ങള്‍ ഇവിടെ നിര്‍മ്മിക്കുന്നത്. പ്ലാസ്റ്റിക് ഒന്നിലും ഉപയോഗിക്കാറില്ല.

കൊണ്ട് നെയ്‌തെടുത്ത കലാവിരുതിന് ആവശ്യക്കാര്‍ ഏറെ

ഒറ്റയ്ക്ക് തുടങ്ങിയ ഈ സംരംഭത്തിന് ഇന്ന് കേരളത്തിനകത്തും പുറത്തും ആവശ്യക്കാര്‍ ഏറെയാണ്. ഇന്‍സ്റ്റാഗ്രാം ഫേസ്ബുക്ക് എന്നിവയില്‍ കൂടിയാണ് ഓര്‍ഡറുകള്‍ കൂടുതലും ലഭിക്കാറുള്ളതെന്ന് രഞ്ജു പറയുന്നു. ഇതികൂടാതെ മുമ്പു വാങ്ങിയവര്‍ പറഞ്ഞറിഞ്ഞും പുതിയ ഉപഭോക്താക്കള്‍ ഇവിടെ എത്താറുണ്ട്.

നിലവില്‍ പ്രൊഡക്ട് ഒന്നും നേരത്തെ ചെയ്തു വയ്ക്കാറില്ല. കസ്റ്റമൈസ്ഡ് ആയ പ്രൊഡക്ടാണ് ഇപ്പോള്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ പ്രീ ബുക്കിംഗ് ആവശ്യമാണ്.സ്പീഡ് പോസ്റ്റായാണ് ഡെലിവറി നടത്തുന്നത്. ഇത്തരം പ്രൊഡക്ടിന്റെ പ്രാധാന്യം മനസ്സിലാക്കിയും ഇഷ്ടപ്പെട്ടും വരുന്ന ധാരാളം ആളുകള്‍ ഉണ്ട്. വില പ്രശ്‌നമാക്കാതെ ഗുണമേന്മ മാത്രം നോക്കി പ്രൊഡക്ടുകള്‍ വാങ്ങുന്നവരാണ് അധികവും എന്ന് രഞ്ജു പറയുന്നു.

ലാഭം സുനിശ്ചിതം

കഴിവും ആത്മാര്‍ത്ഥതയും ക്ഷമയും ഉണ്ടെങ്കില്‍ എത്ര വേണമെങ്കിലും സമ്പാദിക്കാന്‍ കഴിയുന്നൊരു മേഖലായാണിത്. എന്നാല്‍ രഞ്ജുവിനെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ തന്റെ കുഞ്ഞിനാണ് മുന്‍ഗണന നല്‍കുന്നത്. അതുകൊണ്ടുതന്നെ മാസം ഒരു പതിനയ്യായിരം രൂപയ്ക്കടുത്തുള്ള പ്രൊഡക്ടുകള്‍ മാത്രമേ നിലവില്‍ ചെയ്തുകൊടുക്കാറുള്ളൂ.

നിര്‍മ്മാണ സാമഗ്രികളുടെ വില കൂടുതലായതിനാലും ചെറിയൊരു സംരംഭമായതിനാലും കൂടുതല്‍ ശ്രദ്ധയും കഴിവും വേണ്ടതിനാലും മറ്റു പ്രൊഡക്ടുകളെ അപേക്ഷിച്ച് വില കൂടുതലാണെങ്കിലും ഇതിന്റെ ഗുണമേന്മയും അത്ര തന്നെ ഉണ്ടെന്നാണ് രഞ്ജു അവകാശപ്പെടുന്നത്.

അടുത്ത വര്‍ഷത്തോടെ ഒരു കമ്പനിയായി ഈ സംരംഭത്തെ മാറ്റുക എന്നതാണ് രഞ്ജുവിന്റെ ആഗ്രഹം. കൂടാതെ ഒരു വെബ്‌സൈറ്റ് ഉണ്ടാക്കുന്നതും പരിഗണനയിലുണ്ട്. മാത്രമല്ല എറണാകുളത്തുള്ള ഷോപ്പുകളില്‍ തന്റെ പ്രൊഡക്ട് ഡിസ്‌പ്ലേ ചെയ്യുക എന്ന ആഗ്രഹവും മനസിലുണ്ട്. തന്റെ സംരംഭം അങ്ങനെ മൊത്തത്തില്‍ മാറ്റിമറിക്കാനുള്ള പ്രയത്‌നത്തിലാണ് രഞ്ജു ഇപ്പോള്‍. രഞ്ജുവിന് പൂര്‍ണ്ണ പിന്തുണയുമായി ഭര്‍ത്താവ് സുജീഷും കൂടെയുണ്ട്.