image

28 Jun 2023 4:50 PM IST

Business

രാമായണം വീണ്ടുമെത്തുന്നു; ജുലൈ 3 മുതല്‍ സംപ്രേക്ഷണം ആരംഭിക്കും

MyFin Desk

ramayana returns the telecast will start from july 3
X

Summary

  • രാത്രി 7.30 മണിക്കാണ് സംപ്രേക്ഷണം ചെയ്യുന്നത്
  • ജൂണ്‍ 16-ന് രാമായണ കഥയെ ആസ്പദമാക്കി ആദിപുരുഷ് എന്ന സിനിമ റിലീസ് ചെയ്തിരുന്നു
  • രാമായണത്തില്‍ അരുണ്‍ ഗോവിലായിരുന്നു രാമന്റെ വേഷം ചെയ്തത്


രാമാനന്ദ് സാഗറിന്റെ ജനപ്രിയ ഷോ രാമായണം ഉടന്‍ ടെലിവിഷനില്‍ വീണ്ടും പ്രദര്‍ശനത്തിനെത്തും. ജൂലൈ 3 മുതല്‍ ഷെമാരൂ ടിവിയിലാണ് ഷോ സംപ്രേക്ഷണം ചെയ്യുന്നത്. 1987-ലാണ് ദൂരദര്‍ശനില്‍ രാമായണം ആദ്യമായി സംപ്രേക്ഷണം ചെയ്ത് തുടങ്ങിയത്. 1987 ജനുവരി 25 മുതല്‍ 1988 ജുലൈ 31 വരെ സംപ്രേഷണം ചെയ്തു.

ആദ്യ സംപ്രേക്ഷണം ആരംഭിച്ചിട്ട് മൂന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും രാമായണത്തിന് ആരാധകര്‍ ഏറെയാണ്. കൊറോണ പിടിമുറുക്കിയപ്പോള്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കാലത്ത് രാമായണം വീണ്ടും പുനസംപ്രേക്ഷണം ചെയ്തിരുന്നു.

ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത രാമായണത്തില്‍ അരുണ്‍ ഗോവിലായിരുന്നു രാമന്റെ വേഷം ചെയ്തത്. സീതയായി എത്തിയത് ദീപികയുമായിരുന്നു. സുനില്‍ ലാഹിരി ലക്ഷ്മണനായും, ധാരാസിംഗ് ഹനുമാനായും വേഷമിട്ടു. ധാരാ സിംഗ് ഈയടുത്തകാലത്ത് അന്തരിച്ചു.

ജുലൈ 3 മുതലാണ് പുനസംപ്രേക്ഷണം ആരംഭിക്കുന്നത്. രാത്രി 7.30 മണിക്കാണ് സംപ്രേക്ഷണം ചെയ്യുന്നത്.

ജൂണ്‍ 16-ന് രാമായണ കഥയെ ആസ്പദമാക്കി ആദിപുരുഷ് എന്ന സിനിമ റിലീസ് ചെയ്തിരുന്നു. വന്‍മുതല്‍ മുടക്കിലെടുത്ത സിനിമയില്‍ പ്രഭാസായിരുന്നു നായകന്‍. ചിത്രം വേണ്ടത്ര സ്വീകരിക്കപ്പെട്ടില്ലെന്നു മാത്രമല്ല, രാമായണം ടിവി സീരിയലില്‍ രാമനായി അഭിനയിച്ച അരുണ്‍ ഗോവില്‍ വരെ ചിത്രത്തെ വിമര്‍ശിച്ചു രംഗത്തുവരികയുണ്ടായി.

ആദിപുരുഷ് സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാമായണം പുനസംപ്രേക്ഷണം ചെയ്യുന്ന കാര്യം അറിയിച്ചുകൊണ്ട് ഷെമാരു ടിവി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടത്. നിരവധി പേരാണ് ഇതില്‍ അഭിനന്ദനം അറിയിച്ചു കൊണ്ട് രംഗത്തുവന്നത്.

ലോകപ്രശസ്ത പുരാണ സീരിയല്‍ രാമായണം എല്ലാ ആരാധകര്‍ക്കും വേണ്ടി തിരിച്ചെത്തുന്നു. ജുലൈ മൂന്ന് രാത്രി 7.30 മുതല്‍ നിങ്ങളുടെ പ്രിയപ്പെട്ട ചാനലായ ഷെമാരു ടിവിയില്‍ ഇത് കാണാം എന്നായിരുന്നു ഷെമാരു ടിവി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

Tags: