27 Dec 2022 7:15 AM GMT
Summary
- വാണിജ്യത്തിനായി വമ്പന്മാരും ഭീമന്‍ കമ്പനികളും ഭാവിയില്‍ ഖത്തറിലെത്തുമെന്ന കാര്യത്തില്‍ സംശയമേതും വേണ്ട
- ഖത്തര്‍ ലോകകപ്പ് തീരുമ്പോള്‍ അതിനു പിന്നിലെ കണക്കിലെ കളികള്‍ അറിയാം
ആളുകള്‍ കൂടുമ്പോള്‍ എങ്ങനെയെങ്കിലും അവരുടെ പൈസ പോക്കറ്റിലാക്കാനല്ല ഖത്തര്‍ നോക്കിയത്. 220 ബില്യണ്‍ ഡോളര്‍ എന്ന ഭീമമായ തുക മുടക്കിയതിനു പിന്നില്‍ വലിയ ലക്ഷ്യങ്ങളുണ്ടായിരുന്നു. അതെങ്ങനെ പ്രതിഫലിക്കുന്നുവെന്ന് വിലയിരുത്തുകയാണ് ഫിഫ ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഖത്തറിലെത്തിയ മാധ്യമ പ്രവര്‍ത്തകന്‍ ഹാറൂണ്‍ റഷീദ്
ഖത്തര്‍ ലോകകപ്പിന്റെ അലയൊലികള്‍ അവസാനിച്ചുകൊണ്ടിരിക്കുന്നു. 35 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലയണല്‍ മെസ്സിയുടെ നേതൃത്വത്തില്‍ അര്‍ജന്റീനയുടെ കിരീട നേട്ടത്തോടെയാണ് ലോകകപ്പിന് തിരശ്ശീല വീണത്. ഇതോടെ ലയണല്‍ മെസ്സിയെന്ന ഫുട്ബോള്‍ ഇതിഹാസത്തിന്റെ കരിയറിലെ ലോകകപ്പ് കിരീടമെന്ന സ്വപ്നവും പൂവണിഞ്ഞു. എന്നാല്‍ ഖത്തര്‍ ലോകകപ്പ് തീരുമ്പോള്‍ അതിനു പിന്നിലെ കണക്കിലെ കളികളാണ് ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്ന പ്രധാന കാര്യം.
ഫിഫയുടെ ചരിത്രത്തില്‍ ഇതാദ്യമായണ് ഇത്രയും തുക മുടക്കി ഒരു ലോകകപ്പ് മത്സരം നടക്കുന്നത്. 220 ബില്യന്‍ ഡോളറാണ് ഖത്തര്‍ ലോകകപ്പ് വിജയകരമായി പൂര്‍ത്തിയാക്കാനായി ചെലവഴിച്ചതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇതുവരെ നടത്തിയ ലോകകപ്പുകളുടെ തുകയെല്ലാം കൂട്ടിയാലും ഖത്തര്‍ 2022 ലോകകപ്പിനായി ചെലവഴിച്ച തുകയുടെ അവിടെയെത്തില്ല. 1994 ലെ അമേരിക്കന്‍ ലോകകപ്പിലായിരുന്നു ലോകകപ്പ് മത്സരങ്ങള്‍ക്കായി കൂടുതല്‍ പണം പൊടിക്കുന്ന പരിപാടി തുടങ്ങിയത്. അന്ന് 500 മില്യന്‍ ഡോളറായിരുന്നു ചിലവഴിച്ചത്. 1998 ലോകകപ്പില്‍ ചെലവ് ഒന്നുകൂടി വര്‍ധിച്ചു. 2002ല്‍ ജപ്പാനില്‍ നടന്ന ലോകകപ്പില്‍ ഏഴു ബില്യന്‍ ഡോളറായിരുന്നു അവര്‍ ചെലവഴിച്ചത്.
2014ല്‍ ലോകകപ്പ് ബ്രസീലിലെത്തിയപ്പോള്‍ 14 ബില്യന്‍ ഡോളര്‍ ചെലവഴിക്കാന്‍ ബ്രസീലിന് കഴിഞ്ഞു. എന്നാല്‍ പിന്നീട് റഷ്യയില്‍ നടന്ന ലോകകപ്പില്‍ കാര്യമായ പണം ചെലവഴിച്ചിട്ടില്ല. ഏകദേശം പത്തുവര്‍ഷത്തെ കാലാവധിക്കുള്ളിലാണ് ഖത്തര്‍ 220 ബില്യന്‍ ഡോളറിന്റെ വികസന പ്രവര്‍ത്തികള്‍ ഖത്തര്‍ ലോകകപ്പിന് വേണ്ടി മാത്രം നടത്തിയത്. അറബ് ലോകത്തുനിന്ന് ഖത്തറിന് ശക്തമായ ഉപരോധവും കൊവിഡ് എന്ന മഹാമാരിയെവരെ നേരിടേണ്ടി വന്നിട്ടും ഖത്തര്‍ അതിനെയെല്ലാം അതിജീവിച്ചായിരുന്നു എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊണ്ടിരുന്നത്.
ആടിയുലയാത്ത സാമ്പത്തിക ഭദ്രത
ഖത്തറിന്റെ സാമ്പത്തികനില 2013 വരെ മികച്ചതായിരുന്നു. എന്നാല്‍ പിന്നീട് ഉപരോധവും കൊവിഡും കാരണം സാമ്പത്തികനില അല്‍പം താഴ്ന്നെങ്കിലും മറ്റുള്ള അറബ് രാജ്യങ്ങളെക്കാള്‍ ഉയര്‍ന്നതായിരുന്നു ഖത്തറിന്റെ സാമ്പത്തിക നില. 2016ല്‍ മുകളിലേക്ക് വളര്‍ന്ന ഖത്തറിന്റെ സാമ്പത്തികം ഇപ്പോഴും തുല്യതയിലാണ് നീങ്ങുന്നത്.
2020ന് ശേഷവും പ്രതീക്ഷിച്ചത് പോലുള്ള മുന്നേറ്റമാണ് ഖത്തറിന്റെ സാമ്പത്തിക രംഗം നേടിയിട്ടുള്ളത്. ജിസിസി രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം 75 ശതമാനം മാത്രമാണ് ഇപ്പോള്‍ നീങ്ങിയിട്ടുള്ളത്. ബാക്കി 25 ശതമാനംകൂടി മാറിയാല്‍ ഖത്തറിന്റെ വളര്‍ച്ച പൂര്‍ണ ഗതിയിലാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
ലോകകപ്പിനായി എട്ട് സ്റ്റേഡിയങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി മാത്രം ആറു മുതല്‍ മുതല്‍ എട്ട് ബില്യന്‍ ഡോളര്‍ വരെയാണ് ഖത്തര്‍ ചെലവഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എട്ടിലെ അഞ്ചു സ്റ്റേഡിയവും ഫൈവ് സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചവയുമാണ്. ബാക്കി വരുന്ന തുക ഖത്തറിന്റെ വികസന പ്രവര്‍ത്തികള്‍ക്ക് വേണ്ടി മാത്രമാണ് ചെലവഴിച്ചിരിക്കുന്നത്.
30 വര്‍ഷത്തേക്ക് വേണ്ട അത്ര വികസനപ്രവര്‍ത്തികളാണ് കഴിഞ്ഞ പത്തുവര്‍ഷമായി ഖത്തര്‍ ചെയ്ത് വെച്ചിട്ടുള്ളത്. ലോകോത്തര നിലവാരമുള്ള മെട്രോ, ട്രാം, റോഡ് എന്നിവയെല്ലാം ഏറ്റവും ആവശ്യമായ സമയത്തായിരുന്നു ഖത്തര്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.
ലോകകപ്പ് തുടങ്ങുന്നതിന് ഒരുമാസം മുന്‍പ് മാത്രമായിരുന്നു ഖത്തറിലെ മെട്രോ സര്‍വീസുകള്‍ പൂര്‍ണ തോതില്‍ യാത്രാ സജ്ജമായത്. അതിനാല്‍ ഖത്തറില്‍ മത്സരം വീക്ഷിക്കാനെത്തിയ എല്ലാ ആളുകള്‍ക്കും സുഖമായി യാത്ര ചെയ്യാന്‍ കഴിഞ്ഞു. ഇത്രയും ചെറിയ സ്ഥലത്ത് രണ്ടര കോടിയിലധികം ആളുകള്‍ എത്തിയിട്ടും യാത്രക്ക് യാതൊരു ബുദ്ധിമുട്ടും നേരിട്ടിട്ടില്ലെന്നതിനാല്‍ ഖത്തര്‍ ചെയ്ത സൗകര്യങ്ങള്‍ അത്ഭുപ്പെടുത്തുന്നത്.
മെട്രോ മുഴുവനും ഭൂമിക്കടിയിലായതിനാല്‍ പുറത്ത് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും നേരിടേണ്ടി വന്നിട്ടില്ല. 4000 ഇലക്ടിക് ബസുകളായിരുന്നു ലോകകപ്പിന്റെ ആവശ്യത്തിനായി ഷട്ടില്‍ സര്‍വീസ് നടത്തിയിരുന്നത്. അതിനാല്‍ യാതൊരുവിധാ അന്തരീക്ഷ മലിനീകരണമോ മറ്റോ ഇല്ലാതെ എല്ലാം ഭംഗിയായി പൂര്‍ത്തിയാക്കാനയി എന്നതാണ് ഖത്തിന്റെ നേട്ടം. ലോകകപ്പിന് ശേഷം ഇലക്ടിക് ബസുകളായിരിക്കും ഖത്തറിന്റെ നിരത്തുകളില്‍ ഓടുക. അതിനാല്‍ പരമാവധി കാര്‍ബണ്‍ ഫ്രീയാക്കാന്‍ അവര്‍ക്ക് കഴിയും.
മെട്രോയില്‍ യാത്ര ചെയ്തത് 2.68 കോടി യാത്രക്കാര്‍
ഖത്തര്‍ ലോകകപ്പിനെത്തിയ എല്ലാ യാത്രക്കാര്‍ക്കും ഫ്രീ യാത്ര ഓഫര്‍ ചെയ്ത ഖത്തറിന്റെ പ്രവൃത്തിയെ എല്ലാവരും പ്രശംസിക്കുന്നുണ്ട്. ആരാധകരുടെ സുഗമമായ യാത്രക്കായി ദോഹ മെട്രോയും ട്രാമുകളും, ബസ്സുകളും ഉള്‍പ്പെടെയുള്ള പൊതുഗതാഗത കമ്പനിയായ മൗസലാത്തിന്റെ കര്‍വ ബസുകളുമാണ് യാത്ര ഒരുക്കിയത്.
ഹമദ്, ദോഹ രാജ്യാന്തര വിമാനത്താവളങ്ങളില്‍ ആരാധകരുമായി വന്നു പോയത് 26,425 വിമാനങ്ങളാണ്. അംഗപരിമിതര്‍ക്കായി മൗസലാത്ത് 70 പ്രത്യേക വാഹനങ്ങളും നിരത്തിലിറക്കിയിരുന്നു.
കര്‍വ ബസുകളില്‍ 938 എണ്ണവും വീല്‍ചെയറുകള്‍ പ്രവേശിപ്പിക്കാന്‍ സൗകര്യമുള്ളതായിരുന്നു. ലോകകപ്പ് ആരാധകരില്‍ ഹയാ കാര്‍ഡുള്ളവര്‍ക്ക് ദോഹ മെട്രോ, ട്രാം, കര്‍വ ബസ് എന്നിവിടങ്ങളില്‍ യാത്ര സൗജന്യമായിരുന്നു.
സ്റ്റേഡിയങ്ങളിലേക്കും തിരിച്ചും, താമസ കേന്ദ്രങ്ങളിലേക്കും ഇടതടവില്ലാത്ത ബസ് ഷട്ടില്‍ സര്‍വീസുകളും നടത്തിയ ഖത്തര്‍ ഫുട്ബോള്‍ ആസ്വദിക്കാനെത്തിയ ഒരു ആരാധകനെപ്പോലും നിരാശരാക്കാതെയാണ് മടക്കിയത്. 1.8416 കോടി യാത്രക്കാരാണ് ദോഹയിലെ മെട്രോയില്‍ യാത്ര ചെയ്തതെന്ന് പൊതു ഗതാഗത വകുപ്പ് വ്യക്തമാക്കുന്നുണ്ട്. ട്രാമുകളില്‍ 10,08,141 പേര്‍. (ലുസൈല്‍ 8,29,741), എജ്യൂക്കേഷന്‍ സിറ്റി 1,50,800, മിഷ്റെബ് 27,600), പബ്ലിക് ബസുകളില്‍ 73,68,387 പേര്‍ എന്നിങ്ങനെയാണ് ഖത്തറിലെ യാത്രയുടെ വിവരങ്ങള്‍.
ഖത്തര്‍ പ്രതീക്ഷിക്കുന്നത്
220 ബില്യന്‍ ഡോളര്‍ പൊടിച്ച് ഇത്തരത്തിലൊരു ലോകകപ്പ് ഫുട്ബോള്‍ മാമാങ്കം നടത്തുമ്പോള്‍ ഖത്തര്‍ ലക്ഷ്യം വെക്കുന്നത് എന്താണെന്ന ചോദ്യമാണ് എല്ലാവരിമുള്ളത്. ലോകത്ത് ഖത്തറിനെക്കൊണ്ട് മാത്രം ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ക്ക് ഇവിടെയുള്ള ഒരുമാസക്കാലം ഞാന്‍ സാക്ഷിയായി. നവംബര്‍ 12നായിരുന്നു ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. കൈയ്യില്‍ ഖത്തറിലേക്ക് പ്രവേശിക്കാന്‍ ഹയാ കാര്‍ഡ് മാത്രം. ഹയ്യാ കാര്‍ഡുള്ളതിനാല്‍ ഖത്തറിലെത്തിയപ്പോള്‍ രാജകീയ പരിവേശമായിരുന്നു.
സൗജന്യ യാത്ര, പല ഇടങ്ങളിലേക്കും സൗജന്യ പ്രവേശനം... അങ്ങനെ നീളുന്നു ആ സൗകര്യങ്ങള്‍. ഒന്നരമാസക്കാലം തുടര്‍ച്ചയായ യാത്രകള്‍. മെട്രോയിലും ബസ്സിലുമായി. ഹയ്യ കാര്‍ഡുള്ളവര്‍ക്ക് എല്ലാം ഫ്രീ. ആളുകള്‍ കൂടുമ്പോള്‍ എങ്ങനെയെങ്കിലും അവരുടെ പൈസ പോക്കറ്റിലാക്കാനല്ല ഖത്തര്‍ നോക്കിയത്. കാണികള്‍ക്ക് വേണ്ട സൗകര്യം ചെയ്തുകൊടുത്ത് ഖത്തറിലേക്ക് ആകര്‍ഷിക്കുക എന്ന തന്ത്രമാണ് അവര്‍ പയറ്റിയത്. 50 ദിവസം ഖത്തറില്‍ നിന്നെങ്കിലും ഇനിയും ഖത്തറില്‍ വരണമെന്ന മോഹമാണ് ഇപ്പോഴും മനസ് നിറയെ.
ഈ തന്ത്രത്തിലൂടെ ലോകകപ്പില്‍ നിന്ന് 17 ബില്യന്‍ ഡോളറാണ് ഖത്തര്‍ വരുമാനമായി നേടിയത്. ഇതുവരെയുള്ള ലോകകപ്പുകളില്‍ ഒരു രാജ്യം നേടുന്ന ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്. 30 വര്‍ഷത്തേക്ക് വേണ്ടി എല്ലാ വികസന പ്രവര്‍ത്തികളും ഖത്തര്‍ ഇപ്പോള്‍ ചെയ്തുവെച്ചിട്ടുണ്ട്. റോഡുകള്‍, പാലങ്ങള്‍, മെട്രോ, ട്രാം തുടങ്ങി അത്യാധുനിക സൗകര്യങ്ങള്‍. ലോകകപ്പ് ഫൈനല്‍ പോരാട്ടം നടക്കുന്ന ലുസൈല്‍ സ്റ്റേഡിയത്തിനടുത്തുള്ള ലുസൈല്‍ ബൊളവാഡ് എന്ന മനോഹരമായ സിറ്റിയും ലോകകപ്പിന് വേണ്ടി മാത്രമായിരുന്നു ഖത്തര്‍ പണി കഴിപ്പിച്ചത്.
ഹയ്യ കാര്‍ഡുള്ളവര്‍ക്ക് എല്ലാ ടൂറിസ്റ്റ് സ്ഥലങ്ങളിലേക്കും സൗജന്യമായി ബസ് ഷട്ടില്‍ സര്‍വീസുകള്‍. പുലര്‍ച്ചെ 5.30ന് തുടങ്ങിയാല്‍ രാത്രി മൂന്ന് വരെ ഫ്രീ സര്‍വീസ്. ഇതെല്ലാം ഖത്തറിനെക്കൊണ്ട് മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യമാണ്. മാക്സിമം വിദേശികളെ ഖത്തറിലെത്തിച്ച് ഖത്തറിന്റെ സംസ്‌കാരം, വ്യാപാരം, ജീവിത രീതി എന്നിവ നേരിട്ടനുഭവിക്കാന്‍ അവസരം നല്‍കി അവരെ വീണ്ടും ഖത്തറിലെക്കെത്തിക്കുക എന്ന തന്ത്രപ്രധാനമായ നീക്കമാണ് ഖത്തര്‍ നടത്തിയിരിക്കുന്നത്.
ഇക്കാര്യത്തില്‍ ഖത്തര്‍ വിജയിച്ചു എന്നത് തന്നെയായിരുന്നു ഖത്തറിലെത്തിയ വിദേശികളുടെ പ്രതികരണത്തില്‍ നിന്ന് മനസിലായത്. ഖത്തറിന്റെ സംസ്‌കാരത്തെയും വൈവിധ്യത്തേയും ഏറ്റവും കൂടുതല്‍ പരിചയപ്പെടുത്തിക്കൊടുത്തത് വിദേശത്തുനിന്നെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കായിരുന്നു.
ഖത്തറിനെ നേരിട്ടനുഭവിച്ചാല്‍ മാധ്യമ പ്രവര്‍ത്തകര്‍ അതിന്റെ പ്രചാരകരാകുമെന്ന ഉറപ്പുള്ളതിനാല്‍ തന്നെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി എല്ലാ ദിവസവും സൗജന്യ ടൂറുകളായിരുന്നു ഖത്തര്‍ ഒരുക്കിയത്. ഖത്തറിലുള്ള എല്ലാ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലേക്കും ഖത്തറിന്റെ സംസ്‌കാരം ഉയര്‍ന്നുവന്ന ഖത്താറ, സക്രീത് ബീച്ച് എന്നിവിടങ്ങളിലെല്ലാം എത്തിച്ച് തങ്ങള്‍ താണ്ടിയ ദൂരത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് പകര്‍ന്നു നല്‍കാന്‍ ഖത്തറിന് കഴിഞ്ഞു.
അതു തന്നെയാണ് ലോകകപ്പിന് ശേഷം ഖത്തര്‍ എന്താണ് ലക്ഷ്യമിടുന്നത് എന്നതിനുള്ള ഉത്തരം. വാണിജ്യത്തിനായി വമ്പന്മാരും ഭീമന്‍ കമ്പനികളും ഭാവിയില്‍ ഖത്തറിലെത്തുമെന്ന കാര്യത്തില്‍ സംശയമേതും വേണ്ട എന്നാണ് അനുഭവം വ്യക്തമാക്കുന്നത്.