image

28 Dec 2022 10:30 AM GMT

Business

കളി കഴിഞ്ഞു; സ്റ്റേഡിയങ്ങള്‍ ഖത്തര്‍ ഇനി എന്തുചെയ്യും?

MyFin Bureau

കളി കഴിഞ്ഞു; സ്റ്റേഡിയങ്ങള്‍ ഖത്തര്‍ ഇനി എന്തുചെയ്യും?
X

Summary

  • ചെറിയ ഭൂപ്രദേശമായ ഖത്തറില്‍ ലോകകപ്പിന് വേണ്ടി മാത്രം എട്ട് സ്റ്റേഡിയങ്ങളാണ് നിര്‍മിച്ചത്


ഖത്തറിനെപ്പറ്റി കുറേപ്പേരെങ്കിലും ആധിപ്പെടുന്നത് ബില്യണ്‍ ഡോളറുകള്‍ മുടക്കി പണിത സ്റ്റേഡിയങ്ങളെപ്പറ്റിയാണ്. ആരവമൊഴിഞ്ഞ പൂരപ്പറമ്പുകളാവുമോ ഖത്തറിലെ സ്റ്റേഡിയങ്ങള്‍?

ഖത്തറിലെ ലോകകപ്പിന്റെ ആരവങ്ങള്‍ ഏറെക്കുറെ അവസാനിച്ചു. ടൂര്‍ണമെന്റില്‍ ചാംപ്യന്‍മാരായ അര്‍ജന്റീനിയന്‍ ടീം നാട്ടിലെത്തി. ടൂര്‍ണമെന്റിനായി യാത്ര ഉള്‍പ്പെടെ മികച്ച സൗകര്യമായിരുന്നു ഖത്തര്‍ ഒരുക്കിയത്.

ചെറിയ ഭൂപ്രദേശമായ ഖത്തറില്‍ ലോകകപ്പിന് വേണ്ടി മാത്രം എട്ട് സ്റ്റേഡിയങ്ങളാണ് നിര്‍മിച്ചത്. എന്നാല്‍ ഭാവിയില്‍ അത്രയും സ്റ്റേഡിയങ്ങളില്‍ ഖത്തറിന് ആവശ്യമായി വരുമോ. അതിനാല്‍ ചില സ്റ്റേഡിയങ്ങളെല്ലാം കപാസിറ്റി കുറക്കാനും ചിലത് പൊളിക്കാനുമാണ് ഖത്തറിന്റെ തീരുമാനം. ഏതെല്ലാം സ്റ്റേഡിയത്തില്‍ മാറ്റം വരുത്തുമെന്നറിയാം.




974 സ്റ്റേഡിയം

ഫിഫയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് വേണ്ടി താല്‍ക്കാലിക സ്റ്റേഡിയം നിര്‍മിക്കുന്നത്. ഖത്തറിന്റെ ഡയലിങ് കോഡായ 974 എന്ന പേരില്‍ 974 കണ്ടെയ്‌നറുകള്‍ ഉപയോഗിച്ച് നിര്‍മിച്ച സ്റ്റേഡിയം മത്സരത്തിന് ശേഷം നീക്കം ചെയ്യുമെന്ന തീരുമാനത്തോടെയായിരുന്നു ഗള്‍ഫ് ഉള്‍ക്കടലിന് തീരത്ത് സ്റ്റേഡിയം നിര്‍മിച്ചത്. 40,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തില്‍ ഫിഫയുടെ ഏഴ് മത്സരം മാത്രമാണ് നടന്നത്. ഉടന്‍ സ്റ്റേഡിയം ചരിത്രത്തിന്റെ ഭാഗമാകും. സ്റ്റേഡിയം പൊളിച്ചു നീക്കാനാണ് തീരുമാനം.

ലുസൈല്‍ സ്റ്റേഡിയം

ലോകകപ്പ് നടത്താനായി ഖത്തര്‍ നിര്‍മിച്ച ഏറ്റവും വലിയ സ്റ്റേഡിയമാണ് ലുസൈല്‍. അത്യാധുനിക സൗകര്യത്തോടെ പണി പൂര്‍ത്തീകരിച്ച ലുസൈല്‍സ് സ്റ്റേഡിയം പത്ത് മത്സരങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ലുസൈല്‍ സിറ്റിയോട് ചേര്‍ന്ന് കിടക്കുന്ന ലുസൈല്‍സ് സ്റ്റേഡിയം നിലനിര്‍ത്തും. ലോകത്തെ പേരുകേട്ട സ്റ്റേഡിയങ്ങളായ മറാക്കാനാ, ലോഡ്‌സ് തുടങ്ങിയ വേദികളുടെ പട്ടികയിലായിരിക്കും ഇനി ലുസൈല്‍സിന്റെ പേരും.

അല്‍ബയ്ത് സ്റ്റേഡിയം

ഖത്തറിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റേഡിയമാണ് അല്‍ബയ്ത്. 63,000 പേര്‍ക്ക് മത്സരം വീക്ഷിക്കാന്‍ കഴിയുന്ന സ്റ്റേഡിയമാണിത്. എട്ട് മത്സരം നടന്ന അല്‍ബയ്തില്‍ ഫൈവ് സ്റ്റാര്‍ റസ്റ്റോറന്റ്, ഷോപ്പിങ് സെന്റര്‍ എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. ഫൈവ് സ്റ്റാര്‍ സര്‍ട്ടിഫിക്കേഷന്‍ നേടിയ സ്റ്റേഡിയമാണ് അല്‍ബയ്ത്. സ്റ്റേഡിയത്തിന്റെ കപാസിറ്റി പകുതിയാക്കി കുറക്കനാണ് ഇപ്പോള്‍ തീരുമാനം.

അല്‍ ജുനൂബ് സ്റ്റേഡിയം

ബ്രിട്ടീഷ് ഇറാഖി ആര്‍ക്കിടെക്റ്റ് സഹ ഹാദിദിന്റെ രൂപകല്‍പ്പനയിലായിരുന്നു അല്‍ ജുനൂബ് സ്റ്റേഡിയം പണി കഴിപ്പിച്ചത്. പേര്‍ഷ്യന്‍ ഗള്‍ഫില്‍ മുത്തുവാരാന്‍ ആദ്യ കാലത്ത് ഉപയോഗിച്ചിരുന്ന ചെറു കപ്പലിന്റെ മാതൃകയിലാണ് സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. 40,000 പേര്‍ക്കാണ് സ്റ്റേഡിയം സൗകര്യം. നീന്തല്‍കുളം, സ്പാ, ഷോപ്പിങ് സെന്റര്‍ തുടങ്ങിയ സൗകര്യവും അല്‍ജുനൂബിലുണ്ട്.

അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയം

40,000 പേര്‍ക്കിരുന്ന് മത്സരം വീക്ഷിക്കാന്‍ കഴിയുന്ന സ്റ്റേഡിയമാണ് അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയം. ടൂര്‍ണമെന്റിന് ശേഷം സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി 20,000 മാക്കി കുറച്ച് അല്‍ റയാന്‍ സ്‌പോട്‌സ് ക്ലബിന്റെ ഹോം ഗ്രൗണ്ടാകും. ഏഴ് മത്സരങ്ങള്‍ക്ക് വേദിയായ സ്റ്റേഡിയം നേരത്ത ഖത്തറിലുണ്ടായിരുന്ന സ്റ്റേഡിയമായിരുന്നു. 2020ലായിരുന്നു വീണ്ടും നവീകരിച്ചത്.

അല്‍ തുമാമ സ്റ്റേഡിയം

അറബികളുടെ സംസ്‌കാരവുമായി പേരിലും രൂപത്തിലും ഏറെ സാമ്യമുള്ളതാണ് തുമാമ സറ്റേഡിയം. അറബികള്‍ ധരിക്കുന്ന ഖാഫിയ തൊപ്പിയുടെ രൂപത്തിലാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണം.

ഫ്രാന്‍സ് സ്‌പോട്‌സ് ആന്‍ഡ് സ്റ്റേഡിയം വിഭാഗത്തില്‍ എം.ഐ.പി.എ.എം ആര്‍ട്ടിടെക്ചറല്‍ അവാര്‍ഡ് ലഭിച്ച സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി 20,000മാക്കി കുറയ്ക്കും. സ്റ്റേഡിയത്തില്‍ ബൂട്ടിക് ഹോട്ടലും സ്പായും പ്രവര്‍ത്തിക്കുന്നുണ്ട്.

എഡ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം

രത്‌നങ്ങളുടെ മാതൃകയില്‍ പണി കഴിപ്പിച്ചതാണ് ഈ സ്റ്റേഡിയം. അതിനാല്‍ മരുഭൂമിയിലെ രത്‌നം എന്നര്‍ഥം വരുന്ന പേരാണ് സ്റ്റേഡിയത്തിന് നല്‍കിയിരിക്കുന്നത്. ഫെഡ്വിക് കിരബറ്റണാണ് സ്റ്റേഡിയന്റെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പഞ്ചനക്ഷത്ര റേറ്റിങ് ലഭിച്ച ലോകത്തെ പ്രധാന സ്റ്റേഡിയങ്ങളില്‍പ്പെട്ട ഒന്നാണ്. സ്റ്റേഡിയം കപ്പാസിറ്റി 25,000 മാക്കി കുറച്ച് യൂണിവേഴ്‌സിറ്റി മത്സരങ്ങളായിരിക്കും ഇനി ഇവിടെ നടക്കുക.

ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയം

ഖത്തറില്‍ ആദ്യമായി നിര്‍മിച്ച സ്റ്റേഡിയമാണ് ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയം. 1976ല്‍ നിര്‍മിച്ച സ്റ്റേഡിയം ഖത്തര്‍ മുന്‍ അമീര്‍ ഖലീഫ ബിന്‍ ഹമദ് അല്‍താനിയുടെ പേരിലുള്ളതാണ്. 1992ല ഗള്‍ഫ് കപ്പ്, 2006ലെ ഏഷ്യന്‍ ഗെയിംസ് എന്നിവ നടന്ന സ്റ്റേഡിയം ഖത്തര്‍ ദേശീയ ടീമിന്റെ ഹോം ഗ്രൗണ്ടാണ്. അതിനാല്‍ സ്റ്റേഡിയം ഫുള്‍ കപ്പാസിറ്റിയില്‍ നിലനിര്‍ത്തുകയും അത്‌ലറ്റിക് മത്സരങ്ങള്‍ നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യും.