image

24 Jun 2023 1:00 PM IST

Business

9 പൊതു മേഖലാ കമ്പനികളുടെ ഉത്പന്നങ്ങള്‍ ഇനി വിരല്‍തുമ്പില്‍

Kochi Bureau

9 പൊതു മേഖലാ കമ്പനികളുടെ ഉത്പന്നങ്ങള്‍ ഇനി വിരല്‍തുമ്പില്‍
X

Summary

  • വ്യവസായ വകുപ്പും ഒന്‍ഡിസിയും കൈകോര്‍ക്കുന്നു
  • ഭൂരിഭാഗവും പരമ്പരാഗത ഉത്പന്നങ്ങള്‍


ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സുമായി (ഒഎന്‍ഡിസി) ധാരണാ പത്രത്തില്‍ ഒപ്പു വച്ച് സംസ്ഥാന വ്യവസായ വകുപ്പ.് സംസ്ഥാനത്തെ ഒന്‍പത് പൊതുമേഖലാ സ്ഥാപനങ്ങളുടെ 220 ഉത്പന്നങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈനായി വാങ്ങന്‍ പുതിയ കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ സാധിക്കും.

പൊതുമേഖലാ ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഒഎന്‍ഡിസിയുമായി ധാരണയില്‍ എത്തിയത്. വ്യവസായ വകുപ്പിന് വേണ്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ലയും ഒഎന്‍ഡിസി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ തമ്പി കോശിയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് കുറേക്കൂടി വിപുലമായ വിപണിയാണ് തുറക്കുന്നത്. ഒഎന്‍ ഡിസി രാജ്യത്തിലെ തന്നെ വിശ്വസ്ത സ്ഥാപനമാണ്. നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ നിര്‍മിക്കുന്ന പരമ്പരാഗത ഉത്പന്നങ്ങള്‍ കിട്ടുമോ എന്ന് വിദേശികള്‍ ഉള്‍പ്പെടെ അന്വേഷിക്കാറുണ്ട്. എന്നാല്‍ സമയത്തിന് ഉത്പന്നങ്ങള്‍ ലഭ്യമാക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഓണ്‍ലൈനായി ഇവ ലഭ്യമാകുന്നതോടെ നമ്മുടെ ഉത്പന്നങ്ങള്‍ കൃത്യസമയത്ത് തന്നെ ഉപഭോക്താവിന് ലഭിക്കും. ഹാന്‍വീവ്, ഹാന്‍ടെക്സ്, കയര്‍ ഉത്പന്നങ്ങള്‍, കേരള സോപ്സിന്റെ ഉത്പന്നങ്ങള്‍ എന്നിവയെല്ലാം ഓണ്‍ലൈനായി ലഭിക്കും. സംസ്ഥാന വ്യവസായ വകുപ്പിന് ഇത് അഭിമാനകരമായ മുഹൂര്‍ത്തമാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കവെ വ്യവസായ മന്ത്രി രാജീവ് പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സ്വയം പുതുക്കാനും നവീകരിക്കാനും പുതിയ വെല്ലുവിളികള്‍ നേരിടാനും ഇതൊരു അവസരം ആണെന്നും ഉത്പന്നങ്ങള്‍ ഉപഭോക്താവിന് കൃത്യസമയത്ത് തന്നെ നല്‍കാന്‍ കഴിയണം. അതുപോലെ പാക്കിംഗില്‍ ഉള്‍പ്പെടെ പ്രൊഫഷണലിസം കൊണ്ടുവരണം. ഉത്പന്നവും നിരന്തരം നവീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യവസായ വകുപ്പ് ഉടന്‍ തന്നെ വിപുലമായ രീതിയില്‍ ഡിസൈന്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കും. ഡിസൈനിംഗ് സംബന്ധിച്ച് കയര്‍ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കും. എറണാകുളം ചേന്ദമംഗലത്തെ കൈത്തറി ഗ്രാമത്തിലും പരിശീലനം നല്‍കാന്‍ പോവുകയാണ്.

നിലവില്‍ ബിസിനസ്-ടു-കണ്‍സ്യൂമര്‍ (ബി2സി) മാതൃകയിലാണ് ഓണ്‍ലൈനിലൂടെ വിപണനമെങ്കിലും അടുത്ത ഘട്ടത്തില്‍ ബിസിനസ്-ടു-ബിസിനസ് (ബി2ബി) മാതൃകയും നടപ്പിലാക്കാനാണ് ശ്രമം.

ഇത് ചെറുകിട-ഇടത്തരം-സൂക്ഷ്മ സംരംഭകര്‍ക്ക് പ്രയോജനം ചെയ്യും. അവരുടെ ഉത്പന്നങ്ങള്‍ കൂടി ഓണ്‍ലൈന്‍ വിപണന ശൃംഖലയുടെ ഭാഗമാകും. ഇതിനു മുന്നോടിയായി എംഎസ്എംഇ സംരംഭകര്‍ക്കായി ഒഎന്‍ഡിസി യുമായി സഹകരിച്ച് എല്ലാ താലൂക്കുകളിലും പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

മേക്കിംഗ് കേരള എന്ന പദ്ധതിക്കായി 100 കോടി ഈ വര്‍ഷം മാറ്റിവെച്ചിട്ടുണ്ട്. കേരളം എന്ന മൂല്യമുള്ള ബ്രാന്‍ഡ് വിപണിയില്‍ ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയണമെന്നും മന്ത്രി വ്യക്തമാക്കി.

പരിപാടിയില്‍ ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. വ്യവസായമേഖലയില്‍ ചരിത്ര വിജയം കൈവരിച്ച ഒരു വര്‍ഷമാണ് കടന്നുപോയതെന്ന് അദ്ദേഹം പറഞ്ഞു. ഒഎന്‍ഡിസിയുമായി ഗതാഗത വകുപ്പും സഹകരണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ എസ് ഹരികിഷോര്‍, റിയാബ് സെക്രട്ടറി കെ പത്മകുമാര്‍, ആനി ജൂല തോമസ് എന്നിവര്‍ പങ്കെടുത്തു.