23 May 2023 10:30 AM
Summary
- . ജൂണ്‍ ഒന്നിന് വിദ്യാലയങ്ങള്‍ തുറക്കുന്നതിന് പിന്നാലെയായുള്ള ബസ് സമരം വലിയ യാത്ര ദുരിതമായിരിക്കും സൃഷ്ടിക്കുക.
കൊച്ചി: ജൂണ്‍ ഏഴ് മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്കും. വിദ്യാര്‍ഥി കണ്‍സഷന് പ്രായപരിധി നിശ്ചയിക്കണമെന്നും വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബസ് ഉടമകളുടെ സംയുക്ത സമരസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജുമായി ബന്ധപ്പെട്ട ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് നടപ്പാക്കുക, വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കുക, ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ തുടരാന്‍ അനുവദിക്കുക, നിലവിലെ ബസ് പെര്‍മിറ്റുകള്‍ നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സംയുക്ത സമരസമിതി മുന്നോട്ടുവെക്കുന്നത്. ജൂണ്‍ ഒന്നിന് വിദ്യാലയങ്ങള്‍ തുറക്കുന്നതിന് പിന്നാലെയായുള്ള ബസ് സമരം വലിയ യാത്ര ദുരിതമായിരിക്കും സൃഷ്ടിക്കുക.
12 ബസ് ഉടമകളുടെ സംഘടനകള്‍ ഉള്‍പ്പെടുന്നതാണ് സമര സമിതി. മാത്രമല്ല സംയുക്ത സമര സമിതിയുടെ കീഴില്‍ 7500 ഓളം ബസുകള്‍ പണിമുടക്കിന്റെ ഭാഗമാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ പേര് പറഞ്ഞ് സ്വകാര്യ ബസുകളെ നശിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ബസ്സുടമ സംയുക്ത സമര സമിതി ആരോപിച്ചു.