31 Jan 2023 10:00 AM GMT
Summary
- മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതികള്‍ ഏതൊക്കെ?
ഒരു സംരംഭത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ സംരംഭകന്‍ കടന്ന് പോകുന്ന നിരവധി വഴികളില്‍ ഒന്നാണ് അതത് വകുപ്പുകളില്‍ നിന്ന് ആവശ്യമായ അനുമതികള്‍ കൈക്കലാക്കുക. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി.
ഇവ ശരിക്കും ഏതൊക്കെ സംരംഭകരാണ് എടുക്കേണ്ടത്, എങ്ങനെ എടുക്കാം, തുടങ്ങിയ ആശങ്ക പലരിലും കണ്ടിട്ടുണ്ട്. ശരിക്കും പറഞ്ഞാല്‍ എല്ലാ ബിസിനസ്സുകള്‍ക്കും ഇത് ആവശ്യമായി വരില്ല. നമ്മുടെ സംരംഭത്തിന്റെ രീതിയും പ്രകൃതവും അടിസ്ഥാനമാക്കിയാണ് ഇവയുടെ ആവശ്യകത നിശ്ചയിക്കുന്നത്.
വ്യവസായങ്ങളുടെ തരം തിരിവ് എങ്ങനെ?
മലിനീകരണത്തിന്റെ അടിസ്ഥാനത്തില്‍ വ്യവസായങ്ങളെ പലതായി തിരിച്ചിരിക്കുന്നു.വൈറ്റ്-ഗ്രീന്‍-ഓറഞ്ച്-റെഡ് എന്നിങ്ങനെ നാല് കാറ്റഗറ്റഗറികളിലായാണ് ഇവ തരം തിരിച്ചിരിക്കുന്നത്. മലിനീകരണ തോത് തീരെ കുറഞ്ഞവയെ വൈറ്റായും ഏറ്റവും കൂടിയവയെ റെഡ് ആയും മറ്റുള്ളവയെ അതത് സ്ഥാനങ്ങളുടെ അടിസ്ഥാനത്തില്‍ ക്രമമായി തരം തിരിച്ചിരിക്കുന്നു. കൂടാതെ വൈറ്റ് കാറ്റഗറിയില്‍ ഉള്‍പ്പെട്ടവയ്ക്ക് മലിനീകരണ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കരസ്തമാക്കാന്‍ മറ്റുള്ളവയെ അപേക്ഷിച്ച് ചെറിയ തുക മാത്രം ഫീസായി നല്‍കിയാല്‍ മതി.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതികള്‍ ഏതൊക്കെ?
മലിനീകരണ നിയന്ത്രണ ബോര്‍ഡ് രണ്ട് തരം അനുമതികളാണ് സംരംഭകര്‍ക്കായ് നിലവില്‍ നല്‍കി വരുന്നത്. കണ്‍സെന്റ് ടു എസ്റ്റാബ്ലിഷ്, കണ്‍സെന്റ് ടു ഓപ്പറേറ്റ് എന്നിവയാണ് അവ. സ്ഥാപനം ആരംഭിക്കുന്നതിന് മുന്നോടിയായി കെട്ടിടം നിര്‍മ്മിക്കേണ്ട ആവശ്യമുണ്ടെങ്കില്‍ സംരംഭകന്‍ ഓണ്‍ലൈന്‍ ആയി കണ്‍സെന്റ് ടു എസ്റ്റാബ്ലിഷ് എന്ന അനുമതിക്ക് അപേക്ഷിക്കേണ്ടതാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചട്ടങ്ങള്‍ പ്രകാരം ആവശ്യമായ ദൂരപരിധികള്‍ പാലിക്കുന്ന പക്ഷം അഞ്ചു വര്‍ഷത്തെ ഫീസ് ഒടുക്കി അനുമതി പത്രം കരസ്ഥമാക്കാവുന്നതാണ്.
കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കിയാല്‍ യന്ത്ര സാമഗ്രികള്‍ സ്ഥാപിച്ചതിനു ശേഷം കണ്‍സെന്റ് ടു ഓപ്പറേറ്റ് അനുമതിക്കായി കൂടി സംരംഭകന് അപേക്ഷിക്കാവുന്നതാണ്. ഈ അനുമതി ലഭിച്ചാല്‍ തദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി കരസ്ഥമാക്കി സ്ഥാപനം പ്രവര്‍ത്തനം ആരംഭിക്കാവുന്നതാണ്. കാറ്റഗറി തിരിച്ചിരിക്കുന്നത് അനുസരിച്ച് ഗ്രീന്‍, ഓറഞ്ച്, റെഡ് വിഭാഗത്തില്‍ പെടുന്ന സംരംഭങ്ങള്‍ക്ക് 15, 10, 5 വര്‍ഷ കാലയളവിലേക്കു അനുമതി ലഭി ക്കുന്നതാണ്. വൈറ്റ് സംരംഭങ്ങള്‍ക്ക് അപേക്ഷയിന്മേല്‍ ഒറ്റത്തണ അനുമതി ലഭിക്കുന്നതാണ്.
എങ്ങനെ അപേക്ഷിക്കാം?
https://www.kswift.kerala.gov.in/index/ എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ ആയി നിങ്ങള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. കൂടാതെ വൈറ്റ് വിഭാഗത്തില്‍ വരുന്ന സംരംഭങ്ങള്‍ക്ക് 500 രൂപ ഫീസ് നിരക്കില്‍ അനുമതി സ്വന്തമാക്കാന്‍ സാധിക്കും. മറ്റു വിഭാഗത്തില്‍ പെടുന്ന സംരംഭങ്ങള്‍ക്ക് മൂലധന നിക്ഷേപത്തിന് അനുസൃതമായായിരിക്കും അധികൃതര്‍ ഫീസ് കണക്കാകുന്നത്.
ആവശ്യമായ രേഖകള്‍?
തിരിച്ചറിയല്‍ കാര്‍ഡ്, സ്ഥലത്തിന്റെ നികുതി റെസിപ്റ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ സൈറ്റ് പ്ലാന്‍, 100 മീറ്റര്‍ റേഡിയസ് പ്ലാന്‍, 200 രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ അഫിഡവിറ്റ്, മെഷിനറി കോ ട്ടേഷന്‍, കമ്പനിയുടെ ആര്‍ട്ടിക്കിള്‍ ഓഫ് അസോസിയേഷന്‍, പങ്കാളിത്ത സ്ഥാപനം ആണെങ്കില്‍ പാര്‍ട്ണര്‍ ഷിപ് ഡീഡ് എന്നീ രേഖകള്‍ ഓണ്‍ലൈന്‍ ആയി അപ്ലോഡ് ചെയ്യണം.
ബാധകമായ വ്യവസായങ്ങള്‍
വൈറ്റ് സോഡാ നിര്‍മ്മാണം, അക്ഷയ സെന്റര്‍, വസ്ത്ര നിര്‍മ്മാണം,തുടങ്ങിയ സംരംഭങ്ങള്‍ക്ക് ഇവ ബാധകമാണ്.