28 Jun 2023 1:27 PM IST
Summary
- ഇന്ത്യയില്‍ ആകെ പത്ത് വേദികളാണ് ഐസിസി ലോകകപ്പ് മത്സരങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുന്നത്
- ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തെ ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള വേദിയായി പരിഗണിക്കാതിരുന്നത് ഐസിസി നേതൃത്വത്തെ നിരാശപ്പെടുത്തി
- 2011-ലോകകപ്പില്‍ ഇന്ത്യ-പാക് സെമി ഫൈനല്‍ മത്സരത്തിന് വേദിയായ മൊഹാലിയെയും ഇപ്രാവിശ്യം ഒഴിവാക്കി
ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) കഴിഞ്ഞ ദിവസമാണ് ഈ വര്‍ഷം ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളുടെ ഷെഡ്യൂള്‍ പുറത്തിറക്കിയത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. നവംബര്‍ 19-ന് ഫൈനല്‍ മത്സരം നടക്കുന്നതും ഇതേ സ്റ്റേഡിയത്തിലാണ്. നവംബര്‍ 15, 16 തീയതികളില്‍ മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ അരങ്ങേറുക.
ഇന്ത്യയില്‍ ആകെ പത്ത് വേദികളാണ് ഐസിസി ലോകകപ്പ് മത്സരങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുന്നത്. അഹമ്മദാബാദിനു പുറമെ ബെംഗളുരു, ചെന്നൈ, ഡല്‍ഹി, മുംബൈ, ധരംശാല, ഹൈദരാബാദ്, ലക്‌നൗ, പുനെ എന്നീ നഗരങ്ങളും ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്നുണ്ട്. എന്നാല്‍ ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തെ ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള വേദിയായി പരിഗണിക്കാതിരുന്നത് ഐസിസി നേതൃത്വത്തെ നിരാശപ്പെടുത്തിയിട്ടുണ്ട്.
നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് പതിവായി ആതിഥേയത്വം വഹിച്ചിട്ടുള്ള ഈ വേദിക്ക് സമ്പന്നമായൊരു ക്രിക്കറ്റ് ചരിത്രവുമുണ്ട്.
1987-ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഒരു മത്സരം നടന്നത് ഈ വേദിയില്‍ വച്ചാണ്. ഇപ്രാവിശ്യം ഒഴിവാക്കിയതില്‍ നിരാശയുണ്ടെന്ന്് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അഭിലാഷ് ഖണ്ഡേക്കര്‍ പറഞ്ഞു.
2011-ലോകകപ്പില്‍ ഇന്ത്യ-പാക് സെമി ഫൈനല്‍ മത്സരത്തിന് വേദിയായ മൊഹാലിയെയും ഇപ്രാവിശ്യം ഒഴിവാക്കി. ഇതില്‍ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനും നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. 1996 മുതല്‍ എല്ലാ ലോകകപ്പ് ടൂര്‍ണമെന്റുകള്‍ക്കും വേദിയായിട്ടുണ്ട് മൊഹാലി സ്റ്റേഡിയം.
ബിസിസിഐയില്‍ നിര്‍ണായക സ്വാധീനമുള്ള നഗരങ്ങള്‍ക്കു മാത്രമാണ് ഇപ്രാവിശ്യം ലോകകപ്പ് ടൂര്‍ണമെന്റില്‍ വേദി അനുവദിച്ചിരിക്കുന്നതെന്നും പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ ആരോപിച്ചു.
നിരവധി ഇന്ത്യന്‍ ക്രിക്കറ്റ് സൂപ്പര്‍ താരങ്ങളെ സൃഷ്ടിച്ച ഒരു സ്റ്റേഡിയത്തിന് ഒരു മത്സരം പോലും ലഭിക്കാത്തതില്‍ ദുഃഖം പ്രകടിപ്പിച്ച് പഞ്ചാബ് കായിക മന്ത്രി ഗുര്‍മീത് സിംഗ് മീത് ഹെയറും രംഗത്തുവന്നു. ഈ തീരുമാനത്തില്‍ രാഷ്ട്രീയം പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാകട്ടെ ഉദ്ഘാടന മത്സരത്തിനും ഫൈനലിനും വേദിയാവുകയാണ്. ഇതിനു പുറമെ ഒക്ടോബര്‍ 15-ന് നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിനും സ്റ്റേഡിയം സാക്ഷ്യം വഹിക്കും. ഈ ലോകകപ്പിലെ ആദ്യ ഇന്ത്യ-പാക മത്സരമാണ് ഒക്ടോബര്‍ 15-ന് നടക്കുക.
ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് തിരുവനന്തപുരത്തെ ഒഴിവാക്കിയതില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരും നിരാശ പ്രകടിപ്പിച്ചു.
അഹമ്മദാബാദ് രാജ്യത്തിന്റെ ക്രിക്കറ്റ് തലസ്ഥാനമായി മാറുകയാണോ എന്നു തോന്നുന്നതായി അദ്ദേഹം പറഞ്ഞു.
ചില വേദികള്‍ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആശങ്കകള്‍ക്ക് മറുപടിയുമായി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല രംഗത്തുവന്നു. തീരുമാനം തങ്ങളുടെ മാത്രം നിയന്ത്രണത്തിലുള്ളതല്ലെന്ന് രാജീവ് ശുക്ല വിശദീകരിച്ചു.