6 Jun 2023 10:14 AM GMT
Summary
- ഉപഭോക്താക്കള്‍ക്ക് അവരുടെ എല്ലാ ഫിനാന്‍ഷ്യല്‍ ഡാറ്റയും നിയന്ത്രിത ധനകാര്യ സ്ഥാപനങ്ങളുമായി ഷെയര്‍ ചെയ്യാന്‍ സാധിക്കും
- ലോണിന് അപേക്ഷിക്കുമ്പോഴോ, പുതിയ ഇന്‍ഷ്വറന്‍സ് പോളിസി എടുക്കുമ്പോഴോ ഒക്കെയാണ് ഫിനാന്‍ഷ്യല്‍ ഡാറ്റ ഷെയര്‍ ചെയ്യേണ്ടി വരിക
- 2021 ഓഗസ്റ്റ് മാസമാണ് അക്കൗണ്ട് അഗ്രിഗേറ്ററായി പ്രവര്‍ത്തിക്കാന്‍ ഫോണ്‍പേയ്ക്ക് ആര്‍ബിഐ അനുമതി നല്‍കിയത്
ഡിജിറ്റല്‍ കണക്റ്റിവിറ്റിയുടെ ഒരു പുതിയ യുഗത്തിന് കളമൊരുക്കി ഫിന്‍ടെക് ഭീമനായ ഫോണ്‍പേ ജൂണ്‍ ആറിന് അക്കൗണ്ട് അഗ്രിഗേറ്റര്‍ സേവനങ്ങള്‍ ആരംഭിച്ചു.
കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഫോണ്‍പേ ടെക്നോളജി സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് (പിടിഎസ്പിഎല്‍) വഴിയാണ് സര്‍വീസ് ആരംഭിച്ചത്.
ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ എല്ലാ ഫിനാന്‍ഷ്യല്‍ ഡാറ്റയും നിയന്ത്രിത ധനകാര്യ സ്ഥാപനങ്ങളുമായി ഷെയര്‍ ചെയ്യാന്‍ സാധിക്കും. ഫിനാന്‍ഷ്യല്‍ ഡാറ്റ എന്നു പറയുമ്പോള്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍, ഇന്‍ഷ്വറന്‍സ് പോളിസികള്‍, ടാക്‌സ് ഫയലിംഗ് എന്നിവയാണ്.
ലോണിന് അപേക്ഷിക്കുമ്പോഴോ, പുതിയ ഇന്‍ഷ്വറന്‍സ് പോളിസി എടുക്കുമ്പോഴോ, നിക്ഷേപം നടത്തുമ്പോഴോ ഒക്കെയാണ് ഫിനാന്‍ഷ്യല്‍ ഡാറ്റ ഷെയര്‍ ചെയ്യേണ്ടി വരിക.
ഈ സേവനങ്ങള്‍ നല്‍കുന്നതിന് പിടിപിഎസ്എല്‍ ഇതിനകം തന്നെ യെസ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവയുമായും മറ്റു നിരവധി സാമ്പത്തിക വിവരദാതാക്കളുമായും (ഫിനാന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍ പ്രൊവൈഡര്‍) സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. കൂടുതല്‍ എഫ്പിഐകളുമായി ഈ മാസം അവസാനത്തോടെ സഹകരണം ഉറപ്പാക്കാനാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
2021 ഓഗസ്റ്റ് മാസമാണ് അക്കൗണ്ട് അഗ്രിഗേറ്ററായി പ്രവര്‍ത്തിക്കാന്‍ ഫോണ്‍പേയ്ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തത്വത്തില്‍ അനുമതി നല്‍കിയത്.
ഫോണ്‍ പേ ആപ്പിനുള്ളിലാണ് അക്കൗണ്ട് അഗ്രിഗേറ്റര്‍ മൈക്രോ ആപ്പ് സ്ഥാപിച്ചിരിക്കുന്നത്. അവിടെ യൂസര്‍മാര്‍ക്ക് അക്കൗണ്ട് അഗ്രിഗേറ്റര്‍ സേവനം ലഭിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാം. അതിലൂടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് അടക്കമുള്ള ഫിനാന്‍ഷ്യല്‍ ഡാറ്റയിലേക്ക് തല്‍ക്ഷണം പ്രവേശിക്കാനും സാധിക്കും.