6 April 2023 5:15 AM
Summary
- പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം 9 കോടി
- പ്ലാറ്റ്‍ഫോമിലെ വായ്പകളുടെ മൂല്യത്തില്‍ മൂന്നു മടങ്ങ് വര്‍ധന
തങ്ങളുടെ ഡിജിറ്റല്‍ പേമെന്‍റ് പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്‍റെ മൊത്ത വ്യാപാര മൂല്യം (ജിഎംവി) ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ 40 ശതമാനം വര്‍ധിച്ച് 3.62 ലക്ഷം കോടി രൂപയിലെത്തിയതായി ഡിജിറ്റല്‍ ധനകാര്യ സേവന കമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍ അറിയിച്ചു. മുന്‍വര്‍ഷം ജനുവരി-മാര്‍ച്ച് കാലയളവില്‍ 2.59 ലക്ഷം കോടി രൂപയുടെ ജിഎംവി ആണ് രേഖപ്പെടുത്തിയിരുന്നത്.
കഴിഞ്ഞ ഏതാനും പാദങ്ങളായി, അറ്റ പേമെന്‍റ് മാര്‍ജിനിലൂടെയും നേരിട്ടുള്ള അപ്‌സെല്‍ സാധ്യതയിലൂടെയും ലാഭക്ഷമത ഉയര്‍ത്തുന്ന പേമെന്‍റ് വോള്യങ്ങളിലാണ് ശ്രദ്ധ നല്‍കുന്നതെന്ന് കമ്പനി തങ്ങളുടെ റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കുന്നു. പേടിഎമ്മിന്‍റെ പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം മാര്‍ച്ച് പാദത്തില്‍ 27 ശതമാനം വര്‍ധിച്ച് 9 കോടിയിലെത്തി. മുന്‍ വര്‍ഷം സമാന കാലയളവില്‍ ഇത് 7.1 കോടി ആയിരുന്നു.
പേമെന്‍റ് ഡിവൈസുകള്‍ക്കായി സബ്‌സ്‌ക്രിപ്ഷന്‍ നല്‍കുന്ന വ്യാപാരികളുടെ എണ്ണം മുന്‍പാദത്തിനെ അപേക്ഷിച്ച് 10 ലക്ഷം വര്‍ധിച്ച് 68 ലക്ഷത്തിലെത്തി. പേടിഎം പ്ലാറ്റ്‌ഫോമിലൂടെ വിതരണം ചെയ്ത വായ്പകളുടെ മൊത്തം മൂല്യം മുന്‍ വര്‍ഷം സമാന കാലയളവിലെ 3,553 കോടി രൂപയെ അപേക്ഷിച്ച് മൂന്ന് മടങ്ങ് ഉയര്‍ന്ന് 12554 കോടി രൂപയിലെത്തി. വായ്പകളുടെ എണ്ണം 65 ലക്ഷമായിരുന്നത് 82 ശതമാനം ഉയര്‍ന്ന് 1.19 കോടിയിലെത്തി.