image

31 Jan 2023 8:15 AM GMT

Business

റെക്കോര്‍ഡുകള്‍ തകര്‍ത്ത് പത്താന്‍

MyFin Bureau

റെക്കോര്‍ഡുകള്‍ തകര്‍ത്ത് പത്താന്‍
X

Summary

  • അഞ്ചു ദിവസത്തിനിടെ നേടിയത് 542 കോടി രൂപ


തെന്നിന്ത്യന്‍ സിനിമകളുടെ ആറാട്ടിനിടെ ബോളിവുഡിന്റെ പഴയ പ്രതാപം തിരിച്ചുപിടിച്ച് കുതിക്കുകയാണ് ഷാറൂഖ് ഖാന്‍ നായകനായ പത്താന്‍. 225 കോടി രൂപ ബജറ്റില്‍ നിര്‍മിച്ച സിനിമ ഇതിനകം ബോക്സോഫിസില്‍ കളക്റ്റ് ചെയ്തത് 542 കോടി രൂപ. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത സ്പൈ ത്രില്ലര്‍ സിനിമ റിലീസ് ദിനം 57 കോടി രൂപ വാരിയിരുന്നു. രണ്ടാം ദിനം 70 കോടി നേടിയ സിനിമ അഞ്ചു ദിവസത്തിനകമാണ് 500 കോടി കടന്നത്.

കെജിഎഫ്-2വിനെ പിന്നിലാക്കി

കെജിഎഫ്-2, ബാഹുബലി-2 ഹിന്ദി എന്നിവയെ പിന്തള്ളി അതിവേഗം 200 കോടി ക്ലബ്ബില്‍ കടക്കുന്ന സിനിമയായും പത്താന്‍ മാറി. ഇതുവരെയുള്ള കളക്ഷനില്‍ 335 കോടി ഇന്ത്യയില്‍ നിന്നും 207 കോടി വിദേശത്തുനിന്നുമാണ്. ഇന്ത്യയില്‍ ഒരു ഹിന്ദി സിനിമ നേടുന്ന എക്കാലത്തെയും വലിയ കലക്ഷനായ 387 കോടി രൂപയെന്ന ഡെങ്കലിന്റെ റെക്കോര്‍ഡ് പത്താന്‍ ഉടന്‍ തകര്‍ക്കുമെന്നാണ് കരുതുന്നത്.

അമേരിക്കയിലും ഹിറ്റ്

വടക്കന്‍ അമേരിക്കയില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ അഞ്ച് സിനിമകളില്‍ ഒന്നായി പത്താന്‍ മാറി. 695 സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിച്ച് ചിത്രം അവിടെ നേടിയത് 59 ലക്ഷം ഡോളറാണ്.

കിംഗ് ഖാന്റെ തിരിച്ചുവരവ്

നാലുവര്‍ഷത്തെ വനവാസത്തിനു ശേഷം ബിഗ് സ്‌ക്രീനിലേക്കു മടങ്ങിയെത്തിയ ഷാറൂഖ് ഖാന് ഏറെ ആശ്വാസം നല്‍കുന്നതായി സിനിമയുടെ വിജയം. മുന്‍ സിനിമ സീറോ വന്‍ പരാജയമായതോടെ ഷാറൂഖ് യുഗം കഴിഞ്ഞെന്ന് വിധിയെഴുതിയവര്‍ക്കുള്ള മറുപടി കൂടിയാണിത്. കഴിഞ്ഞവര്‍ഷം 200 കോടി രൂപ കടന്ന സിനിമകള്‍ കുറവായതിനാല്‍ തളര്‍ന്ന ബോളിവുഡിന് പുത്തനുണര്‍വാണ് പത്താന്‍ നല്‍കിയിരിക്കുന്നത്. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നീ സൂപ്പര്‍ താരങ്ങളും അണിനിരക്കുന്ന പത്താനില്‍ അതിഥി വേഷത്തില്‍ നടന്‍ സല്‍മാന്‍ ഖാനും പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമ വന്‍ വിജയമായതോടെ ഇതിന്റെ രണ്ടാം ഭാഗം ഇറക്കാനുള്ള നീക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

ഷാറൂഖിന്റെ പ്രതിഫലം എത്ര?

100 കോടി രൂപയാണ് ഷാറൂഖിന് ഈ ചിത്രത്തിലെ പ്രതിഫലമെന്ന് റിപ്പോര്‍ട്ടുണ്ട്. കരുത്തുറ്റ പ്രതിനായകനെ അവതരിപ്പിച്ച ജോണ്‍ അബ്രഹാമിന് 20 കോടി, ദീപിക പദുക്കോണിന് 15 കോടി രൂപ എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രതിഫലം. എന്നാല്‍ അതിഥി വേഷത്തിലെത്തിയ സല്‍മാന്‍ ഖാന്‍ പ്രതിഫലം വേണ്ടെന്നാണത്രേ പറഞ്ഞത്. ആറു കോടി രൂപയാണ് സംവിധായകന്‍ സിദ്ധാര്‍ഥിന് ലഭിക്കുക.

കോളടിച്ചത് ആദിത്യ ചോപ്രയ്ക്ക്

ആദിത്യ ചോപ്രയാണ് പത്താന്‍ സിനിമയുടെ നിര്‍മാതാവ്. സിനിമ വിജയിച്ചതോടെ നിറയുക ഇദ്ദേഹത്തിന്റെ കീശയാണ്. യാഷ് രാജ് ഫിലിംസിന്റെ എംഡിയായ ചോപ്ര നിര്‍മാതാവ് മാത്രമല്ല. കിംഗ് ഖാന്റെ എക്കാലത്തെയും വലിയ ബ്ലാസ്റ്റര്‍ ഹിറ്റായ ദില്‍വാലെ ദുല്‍ഹനിയ ലെ ജായേംഗെ (1995), മൊഹബ്ബത്തെയിന്‍ (2000) തുടങ്ങിയവയുടെ തിരക്കഥാകൃത്തും സംവിധായകനുമാണ്. നടി റാണി മുഖര്‍ജിയുടെ ഭര്‍ത്താവ് കൂടിയാണ് ആദിത്യ ചോപ്ര.