26 April 2023 11:00 AM IST
Summary
- കൈതവം എന്ന ബ്രാന്റിലാണ് ഉത്പന്നങ്ങള്‍ വില്‍ക്കപ്പെടുന്നത്
പൊക്കാളി നെല്‍കൃഷിയോടുള്ള പ്രിയം നെഞ്ചിലേറ്റിയ പ്രവര്‍ത്തനങ്ങളുമായി സഹകരണ എക്‌സ്‌പോയുടെ ആവേശമായി മാറുകയാണ് പള്ളിയാക്കല്‍ സഹകരണ സംഘം.
80 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സഹകരണ സംഘത്തിന് സ്വന്തമായി പൊക്കാളി റൈസ് മില്ല് ഉണ്ട്. ആദ്യമായി പൊക്കാളി അരിക്ക് ഓണ്‍ലൈനില്‍ വിപണനം തുടങ്ങിയത് സംഘമാണെന്ന് ജയചന്ദ്രന്‍ എം എസ് പറയുന്നു. അന്താരാഷ്ട്ര വിപണിയില്‍ പൊക്കാളിയെ എത്തിക്കുന്നതിന്റെ ഭാഗമായി ഖത്തറില്‍ നടന്ന എക്‌സിബിഷനില്‍ പൊക്കാളിയുമായി പോയിരുന്നു. പിന്തുണയുമായി സഹകരണ ബാങ്ക് കൃഷി ഓഫീസര്‍ പ്രസാദും കൂടെയുണ്ട്.
ലാഭകരമല്ല എന്നതിനാല്‍ പൊക്കാളി കൃഷി കുറഞ്ഞു വരികയാണ്. ഒരു ഏക്കറില്‍ കൃഷി ചെയ്താല്‍ 500 കിലോ നെല്ല് മാത്രമാണ് കിട്ടുക. മുന്‍പ് 7000 ഹെക്ടര്‍ കൃഷി ചെയ്തിരുന്നത് നിലവില്‍ 2500 ഹെക്ടര്‍ ആയി കുറഞ്ഞു. എഴിക്കര ഗ്രാമ പഞ്ചായത്തില്‍ 92 ഹെക്ടറില്‍ സംഘം പൊക്കാളി കൃഷി ചെയ്യുന്നുണ്ട്.
ഉപ്പുവെള്ളത്തില്‍ കൃഷി ചെയ്യുന്ന ഔഷധഗുണമുള്ള പൊക്കാളി അരി തവിട് കളഞ്ഞതും കളയാത്തതും സ്റ്റാളില്‍ കിട്ടും 120 രൂപയാണ് വില. കൂടാതെ അവല്‍, പുട്ടുപൊടി, അപ്പം പൊടി എന്നിവയുമുണ്ട്. കൈതവം എന്ന ബ്രാന്റിലാണ് ഉത്പന്നങ്ങള്‍ വില്‍ക്കപ്പെടുന്നത്.
ഇതുകൂടാതെ പൊക്കാളി വയലില്‍ കൃഷിചെയ്യുന്ന ചെമ്മീന്‍ ഉണക്കിയതും വില്പനയ്ക്കുണ്ട്. പൊക്കാളി കൃഷി മത്സ്യകൃഷിയ്ക്ക് ഏറെ അനുയോജ്യമാണെന്ന് ജയചന്ദ്രന്‍ പറയുന്നു. കരിമീനും ചെമ്മീനും തിലോപിയയുമെല്ലാം പൊക്കാളിപ്പാടത്ത് കൃഷി ചെയ്യുന്നുണ്ട്.
പ്രതിസന്ധികള്‍ക്കിടയിലും പൊക്കാളിയെ കൈവിടാതെ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് പള്ളിയാക്കല്‍ സഹകരണ സംഘം.