14 Jun 2023 5:30 AM GMT
Summary
- കര്‍ഷകര്‍ക്ക് കൊച്ചിയിലെ സപ്ലൈകോ ഓഫീസില്‍ സംശയ നിവാരണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഫെഡറല്‍ ബാങ്കും, കനറാ ബാങ്കും നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക അടുത്ത മൂന്നു ദിവസത്തിനകം പൂര്‍ണ്ണമായും വിതരണം ചെയ്യും. ഭക്ഷ്യ പൊതുവിതരണ മന്ത്രി അഡ്വ. ജി ആര്‍ അനിലിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി നടന്ന അവലോകന യോഗത്തിലാണ് ബാങ്ക് പ്രതിനിധികള്‍ ഇക്കാര്യം അറിയിച്ചത്.
സാങ്കേതിക തകരാറുമൂലമാണ് തുക വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയാഞ്ഞതെന്നും ഒരാഴ്ച്ച കൊണ്ട് വിതരണം സാധ്യമാക്കാമെന്നും യോഗത്തില്‍ എസ്ബിഐ അറിയിച്ചു.
നെല്ല് സംഭരണത്തിനായി കണ്‍സോര്‍ഷ്യം ബാങ്കുകളായ എസ്ബിഐ, കാനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ വഴി സപ്ലൈകോ പിആര്‍എസ് വായ്പയായി 700 കോടി രൂപയാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്. ഇതുവരെ കാനറ ബാങ്ക് 144.5 കോടി രൂപയും, ഫെഡറല്‍ ബാങ്ക് 56.16 കോടി രൂപയും, എസ് ബി ഐ 22.7 കോടി രൂപയും നല്‍കിക്കഴിഞ്ഞു.
ബാങ്കിലെത്തുന്ന കര്‍ഷകരെ സഹായിക്കാന്‍ ബ്രാഞ്ചുകളില്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് കനറാ ബാങ്ക് ഫെഡറല്‍ ബാങ്കിന്റേയും പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു.
മാത്രമല്ല ഇന്ന് മുതല്‍ സംശയ നിവാരണത്തിനായി കര്‍ഷകര്‍ക്ക് കൊച്ചിയിലെ സപ്ലൈകോ കേന്ദ്ര ഓഫീസില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ കര്‍ഷകര്‍ക്ക് 0484 2207923 എന്ന നമ്പറില്‍ ബന്ധപ്പെടാം.
തുക വിതരണം അവലോകനം ചെയ്യുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സപ്ലൈകോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമന്‍, നെല്ല് വിഭാഗം മാനേജര്‍ സുനില്‍കുമാര്‍, കണ്‍സോര്‍ഷ്യം ബാങ്കുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.