9 Jun 2023 10:08 AM GMT
Summary
- ഡിസ്‌നി സ്റ്റാര്‍, സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിലൂടെയാണ് ഐപിഎല്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്തത്
- 2020-ലും, 2021-ലും യുഎഇയിലായിരുന്നു ഐപിഎല്‍ മത്സരങ്ങള്‍ നടന്നത്
- ടൂര്‍ണമെന്റിലൂടെ കൈവരിച്ച റെക്കോര്‍ഡുകളും നാഴികക്കല്ലുകളും നിരവധിയാണ്
ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന കായിക ലീഗുകളിലൊന്നാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍). 2007-ല്‍ ബിസിസിഐയുടെ നേതൃത്വത്തില്‍ തുടക്കമിട്ട ഐപിഎല്ലിന്റെ 2022-ലെ ബ്രാന്‍ഡ് മൂല്യം ഏകദേശം 11 ബില്യന്‍ യുഎസ് ഡോളറാണെന്ന് പറയപ്പെടുന്നു. ഇത് 90 കോടി 74 ലക്ഷത്തിലേറെ രൂപ വരും.
ഐപിഎല്‍ 2023 ടൂര്‍ണമെന്റ് അവസാനിച്ചു. പക്ഷേ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ടൂര്‍ണമെന്റിലൂടെ കൈവരിച്ച റെക്കോര്‍ഡുകളും നാഴികക്കല്ലുകളും നിരവധിയാണ്. അവ ഇന്നും മാധ്യമങ്ങളുടെ ഹോട്ട് ന്യൂസാണ്.
2023-ല്‍ ഐപിഎല്‍ ടൂര്‍ണമെന്റ് ഫൈനല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരുന്നു നടന്നത്. എം.എസ്. ധോണിയുടെ മികവാര്‍ന്ന പ്രകടനത്തിലൂടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി അഞ്ചാമതും കപ്പ് ഉയര്‍ത്തി.
2023-ല്‍ ഐപിഎല്‍ കുറെ കാര്യങ്ങളില്‍ റെക്കോര്‍ഡിട്ടു. അതിലൊന്ന് കാഴ്ചക്കാരുടെയും വരുമാനത്തിന്റെയും കാര്യത്തിലാണ്. 2023-ല്‍ ഐപിഎല്ലിന്റെ ടിവി സംപ്രേക്ഷണാവകാശം ഔദ്യോഗികമായി ലഭിച്ചത് ഡിസ്‌നി സ്റ്റാറിനായിരുന്നു. സ്ട്രീമിംഗ് അവകാശം ലഭിച്ചതാകട്ടെ ജിയോ സിനിമയ്ക്കും.
ഡിസ്‌നി സ്റ്റാര്‍ ടിവി സംപ്രേക്ഷണാവകാശം നേടിയത് 23,575 കോടി രൂപയ്ക്കാണ്. ജിയോ സിനിമയുടെ മാതൃസ്ഥാപനമായ റിലയന്‍സിന്റെ പിന്തുണയുള്ള വയാകോം18 സ്ട്രീമിംഗ് അവകാശം നേടിയത് 23,758 കോടി രൂപയ്ക്കും.
ഇപ്രാവിശ്യം ഐപിഎല്‍ ട്വന്റി20 മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം കാണാന്‍ 50.5 കോടി പ്രേക്ഷകര്‍ ടിവിയെ ആശ്രയിച്ചെന്ന് ബാര്‍ക്കിന്റെ (BARC-Broadcast Audience Research Council) കണക്കുകള്‍ പറയുന്നു.
മത്സരങ്ങളും ഹൈലൈറ്റുകളും ഉള്‍പ്പെടെ മൊത്തം കാഴ്ച്ചക്കാരുടെ എണ്ണം 53.5 കോടിയാണെന്ന് ഡിസ്‌നി സ്റ്റാര്‍ അറിയിച്ചു.
ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും മാറ്റുരച്ച ഐപിഎല്‍ 2023 ടൂര്‍ണമെന്റിലെ ഫൈനല്‍ മത്സരം ഒരേസമയം 64.1 ദശലക്ഷം പേര്‍ വരെ ടിവിയില്‍ കണ്ടു. ടൂര്‍ണമെന്റിലെ 74 മത്സരങ്ങളില്‍ 47 എണ്ണവും 3 കോടിയിലധികം പേര്‍ ടിവിയിലൂടെ വീക്ഷിച്ചവയാണ്. ഹിന്ദി സംസാരിക്കുന്ന മേഖലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ടിവി ഉപയോഗിച്ചത്. 334 ദശലക്ഷം പേര്‍.
ഡിസ്‌നി സ്റ്റാര്‍ അവരുടെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിലൂടെ ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകളിലൂടെയാണ് ഐപിഎല്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്തത്.
കളി കാണുന്ന കുട്ടികളുടെ എണ്ണത്തിലും വര്‍ധന രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇപ്രാവിശ്യം കളി കണ്ട കുട്ടികളില്‍ 64 ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായത്. 101 ദശലക്ഷം കാഴ്ചക്കാര്‍ ഹൈ-ഡെഫനിഷന്‍ ബ്രോഡ്കാസ്റ്റിലേക്ക് ട്യൂണ്‍ ചെയ്തവരാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത് മൂന്നിരട്ടി കൂടുതലാണ്.
ഐപിഎല്‍ കവറേജിനായി മൊത്തം 44.9 കോടി പ്രേക്ഷകരാണ് തങ്ങളുടെ ഒടിടി പ്ലാറ്റ്ഫോമായ ജിയോ സിനിമയില്‍ ട്യൂണ്‍ ചെയ്തതെന്ന് കമ്പനി അറിയിച്ചു. ഈ പ്രാവിശ്യം ഐപിഎല്‍ സീസണില്‍ കണക്റ്റഡ് ടിവിയുടെ ഉപയോഗം വര്‍ധിച്ചു. 12.6 കോടിയിലധികം കാഴ്ചക്കാര്‍ ഐപിഎല്‍ കാണുന്നതിനായി ജിയോ സിനിമയിലേക്ക് ലോഗിന്‍ ചെയ്തതായും കമ്പനി അറിയിച്ചു.
ആദ്യമായിട്ടാണ് ജിയോ സിനിമ ഐപിഎല്‍ മത്സരങ്ങള്‍ സ്ട്രീം ചെയ്തത്. ഇംഗ്ലീഷിനു പുറമെ നിരവധി പ്രാദേശിക ഭാഷകളിലുള്ള മത്സരങ്ങളുടെ കമന്ററിയും ജിയോ സിനിമയിലുണ്ടായിരുന്നു.
മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇപ്രാവിശ്യം ഐപിഎല്‍ ടൂര്‍ണമെന്റ് ഗാലറിയില്‍ കാണാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് അനുവാദം ലഭിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ കോവിഡ്19 ബാധയെ തുടര്‍ന്ന് ഗാലറിയിലെത്താന്‍ അനുവദിച്ചിരുന്നില്ല. 2020-ലും, 2021-ലും യുഎഇയിലായിരുന്നു ഐപിഎല്‍ മത്സരങ്ങള്‍ നടന്നത്.
ജിയോ സിനിമ എന്ന ഒടിടി പ്ലാറ്റ്‌ഫോമിനെ സംബന്ധിച്ച് ഐപിഎല്‍ 2023 ഏറെ നിര്‍ണായകമായിരുന്നു. ഐപിഎല്‍ മത്സരങ്ങള്‍ സ്ട്രീം ചെയ്യാന്‍ ആദ്യമായിട്ടാണ് ഇപ്രാവിശ്യം ജിയോ സിനിമയ്ക്ക് അവകാശം ലഭിച്ചത്. അതിനാല്‍ തന്നെ ജിയോ സിനിമയുടെ വരിക്കാര്‍ക്ക് സൗജന്യമായി മത്സരങ്ങള്‍ വീക്ഷിക്കാനും സൗകര്യമൊരുക്കി. എങ്കിലും ഐപിഎല്‍ വഴി കോടികളാണ് ജിയോ വാരിയത്.