18 May 2023 11:33 AM
Summary
- സൊമാറ്റോ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമിന്റെ സിഇഒയായ ദീപിന്ദര്‍ ഗോയല്‍ അഭിനന്ദനം അറിയിച്ചു
- 2014-ലാണ് സ്വിഗ്ഗി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമിനു തുടക്കമിട്ടത്
- ഈ ബിസിനസ് മാതൃക സാമ്പത്തികമായി ലാഭകരമാകില്ലെന്നു പലരും വിലയിരുത്തിയിരുന്നു
ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ ബിസിനസ്സ് മാര്‍ച്ച് മാസം ലാഭം കൈവരിച്ചെന്ന് സിഇഒ ശ്രീഹര്‍ഷ മജേത്തി പറഞ്ഞു. മെയ് 18-ന് എഴുതിയ ഒരു ബ്ലോഗ് പോസ്റ്റിലാണ് അദ്ദേഹം ഈ സന്തോഷ വാര്‍ത്ത അറിയിച്ചത്.
' ഇത് ഞങ്ങള്‍ക്ക് മാത്രമല്ല, ആഗോളതലത്തില്‍ തന്നെ ഭക്ഷ്യ വിതരണ മേഖലയെ സംബന്ധിച്ച് ഒരു നാഴികക്കല്ലാണ്. ആരംഭിച്ച് 9 വര്‍ഷത്തിനുള്ളില്‍ ലാഭം കൈവരിക്കുന്ന ചുരുക്കം ചില ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് സ്വിഗ്ഗിയെന്ന് ' ശ്രീഹര്‍ഷ മജേത്തി ബ്ലോഗില്‍ കുറിച്ചു. അതേസമയം ലാഭം എത്രയാണെന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടില്ല. വെള്ളിയാഴ്ച 2023 നാലാം പാദ ഫലം സ്വിഗ്ഗി പുറത്തുവിടും.
നിക്ഷേപകരായ ഇന്‍വെസ്‌കോയും ബാരന്‍ ക്യാപിറ്റലും സ്വിഗ്ഗിയുടെ വാല്യേഷന്‍ താഴ്ത്തി ഏതാനും ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് വന്‍ നേട്ടം ബിസിനസ്സില്‍ കൈവരിച്ചെന്ന് അറിയിച്ചു കൊണ്ടു സ്വിഗ്ഗിയുടെ സിഇഒ രംഗത്തുവന്നിരിക്കുന്നത്.
സ്വിഗ്ഗിയുടെ നേട്ടത്തില്‍ സൊമാറ്റോ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമിന്റെ സിഇഒയായ ദീപിന്ദര്‍ ഗോയല്‍ അഭിനന്ദനം അറിയിച്ചു. ട്വീറ്റിലൂടെയാണ് ദീപിന്ദര്‍ അഭിനന്ദനം അറിയിച്ചത്.
2014-ലാണ് സ്വിഗ്ഗി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമിനു തുടക്കമിട്ടത്. പലര്‍ക്കും പുതുമയുള്ള ഒന്നായിരുന്നു സ്വിഗ്ഗി അവതരിപ്പിച്ച ബിസിനസ് മോഡല്‍. അന്ന് ഈ ബിസിനസ് മാതൃക സാമ്പത്തികമായി ലാഭകരമാകില്ലെന്നു പലരും വിലയിരുത്തി. എന്നാല്‍ അവയെല്ലാം തെറ്റാണെന്നു സ്വിഗ്ഗി തെളിയിച്ചു. കഴിഞ്ഞ വര്‍ഷം സ്വിഗ്ഗി ഡൈന്‍ ഔട്ട് എന്ന ഓണ്‍ലൈന്‍ ടേബിള്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോമിനെ ഏറ്റെടുത്തിരുന്നു.
ഭക്ഷണത്തിനു പുറമെ, പലചരക്ക്, കസ്റ്റമേഴ്‌സിന് ഏറ്റവുമധികം ആവശ്യമുള്ള സേവനം എന്നിവ സ്വിഗ്ഗി വാഗ്ദാനം ചെയ്യുന്നുണ്ട്.
പ്രോസസ് വെഞ്ച്വേഴ്‌സ് (Prosus Ventures), സോഫ്റ്റ്ബാങ്ക് (SoftBank), ഇന്‍വെസ്‌കോ (Invesco) തുടങ്ങിയ സ്ഥാപനങ്ങള്‍ സ്വിഗ്ഗിയെ പിന്തുണയ്ക്കുന്നുണ്ട്.