image

30 Jun 2023 6:19 AM

Business

ടൈറ്റാനിക്കിലേക്ക് വീണ്ടും സമുദ്രയാത്ര സംഘടിപ്പിച്ച് ഓഷ്യന്‍ഗേറ്റ്; പ്രഖ്യാപനം വെബ്‌സൈറ്റില്‍

MyFin Desk

oceangate organized a return voyage to the titanic
X

Summary

  • 2024 ജൂണ്‍ 12-20, ജൂണ്‍ 21-29 തീയതികളിലായി പര്യവേഷണങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുകയാണ്
  • നിധിയാണ് ടൈറ്റാനിക് സകല മനുഷ്യരുമായും അതിന് വൈകാരിക അടുപ്പം ഉണ്ട്
  • ഒരു യാത്രയില്‍ പരമാവധി ആറ് പേരെയാണ് ഉള്‍പ്പെടുത്തുക


ടൈറ്റാനിക് ശരിക്കുമൊരു നിധിയാണ്. ലോകത്തിലെ സകല മനുഷ്യരുമായും അതിന് ഒരു വൈകാരിക അടുപ്പം ഉണ്ട്. അതാണല്ലോ എത്ര അപകടം നിറഞ്ഞതാണെങ്കിലും സമുദ്രത്തിന്റെ ആഴങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഈ നിധി തേടി നിരവധി പേര്‍ ഇപ്പോഴും പോകുന്നത്. ഒന്നല്ല ഒരായിരം അപകടങ്ങള്‍ സംഭവിച്ചാലും ആ സാഹസികയാത്രയ്ക്ക് കുറവുണ്ടാകുമെന്ന് തോന്നുന്നില്ല.

അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലുള്ള തകര്‍ന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങളിലേക്ക് പര്യവേഷണത്തിനു പോയ ടൈറ്റന്‍ സമുദ്രപേടകം അപകടത്തില്‍പ്പെട്ടതിന്റെ ഞെട്ടലിലാണ് ലോകം ഇപ്പോഴും. ആ ഞെട്ടല്‍ വിട്ടുമാറും മുന്‍പ് ടൈറ്റന്‍ സമുദ്രപേടകം നിര്‍മിച്ച ഓഷ്യന്‍ഗേറ്റ് കമ്പനി, ഇപ്പോഴും അതിന്റെ വെബ്സൈറ്റില്‍ വെള്ളത്തിനടിയിലെ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങളിലേക്കുള്ള യാത്രകളെ പ്രോത്സാഹിപ്പിക്കുന്നതായി സൂചന.

ഓഷ്യന്‍ഗേറ്റ് കമ്പനിയുടെ വെബ്‌സൈറ്റില്‍ 2024 ജൂണ്‍ 12-20, ജൂണ്‍ 21-29 തീയതികളിലായി രണ്ട് പര്യവേഷണങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുകയാണ്. 2023-ലെ ദൗത്യം പുരോഗമിക്കുകയാണെന്നും വെബ്‌സൈറ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ടൈറ്റാനിക്ക് പര്യവേഷണം എന്ന പേരില്‍ നടത്തുന്ന സമുദ്രയാത്രയ്ക്ക് ഒരാളില്‍ നിന്നും ഓഷ്യന്‍ഗേറ്റ് കമ്പനി ഈടാക്കുന്നത് 2,50,000 ഡോളറാണ്. ഇത് ഏകദേശം രണ്ട് കോടി ഇന്ത്യന്‍ രൂപയാണ്.

സമുദ്രപേടകത്തിലൊരു യാത്ര, താമസസൗകര്യം, ആവശ്യമായ പരിശീലനം, പര്യവേഷണത്തിനുള്ള സാധനസാമഗ്രികള്‍, യാത്രയ്ക്കിടെയുള്ള ഭക്ഷണം എന്നിവയെല്ലാം ഈ രണ്ട് കോടി രൂപയില്‍ ഉള്‍പ്പെടുന്ന പാക്കേജിലുണ്ട്.

ഒരു യാത്രയില്‍ പരമാവധി ആറ് പേരെയാണ് ഉള്‍പ്പെടുത്തുക. 17 വയസ്സിന് മുകളിലുള്ളവരെ മാത്രമാണ് യാത്രയില്‍ പങ്കെടുപ്പിക്കുന്നത്.

സമുദ്രപേടകത്തിലെ താമസസൗകര്യം, വൈ-ഫൈ കണക്റ്റിവിറ്റി തുടങ്ങിയ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ മുന്‍പ് നടത്തിയിരിക്കുന്ന പര്യവേഷണങ്ങളില്‍ നിന്നുള്ള ഫോട്ടോഗ്രാഫ്, വീഡിയോ എന്നിവയുമുണ്ട്.

സമുദ്രത്തിന്റെ അടിത്തട്ടിലുള്ള ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളിലേക്ക് എട്ട് ദിവസത്തെ പര്യവേഷണ യാത്രയാണ് സംഘടിപ്പിക്കുന്നത്. കാനഡയിലെ അറ്റ്‌ലാന്റിക് സമുദ്ര തീരത്തുനിന്ന് യാത്ര തിരിക്കും. കാനഡയിലെ ന്യൂഫൗണ്ട് ലാന്‍ഡ് എന്ന ദ്വീപിലെ സെന്റ് ജോണ്‍സ് എന്ന തീരത്തുനിന്നായിരുന്നു ടൈറ്റന്‍ സമുദ്രപേടകം യാത്ര തിരിച്ചത്.

ഡൈവ് (dive) ആവേശകരവും അതുല്യവുമായ ഒരു യാത്രാനുഭവം പ്രദാനം ചെയ്യുക മാത്രമല്ല, അവശിഷ്ടങ്ങളെക്കുറിച്ചും ആഴത്തിലുള്ള സമുദ്ര പരിസ്ഥിതിയെക്കുറിച്ചും ശാസ്ത്രീയ ഗവേഷണത്തിനും ധാരണയ്ക്കും സംഭാവന നല്‍കുന്നതാണെന്നും ഓഷ്യന്‍ ഗേറ്റിന്റെ പരസ്യവാചകത്തിലുണ്ട്.

ജൂണ്‍ 28-ന് അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍നിന്നും കണ്ടെടുത്ത ടൈറ്റന്‍ സമുദ്രപേടകത്തിന്റെ അവശിഷ്ടങ്ങളില്‍ മനുഷ്യരുടെ മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയതായി യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചിരുന്നു. ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം കിഴക്കന്‍ കാനഡയില്‍ എത്തിച്ചിരുന്നു. ഇവ ഇനി അമേരിക്കയില്‍ കൊണ്ടുപോയതിനു ശേഷം അവിടെ വച്ച് യുഎസ് മെഡിക്കല്‍ സംഘം വിശകലനം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ടൈറ്റന്‍ മുങ്ങിക്കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായി ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടത്തിന് സമീപം തിരച്ചില്‍ നടത്താന്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ റിമോട്ടായി പ്രവര്‍ത്തിക്കുന്ന ഒരു ഞഛഢ വാഹനം ഉണ്ട്. ഹൊറൈസണ്‍ ആര്‍ട്ടിക് എന്ന കനേഡിയന്‍ കപ്പലാണ് ആ വാഹനത്തെ വഹിക്കുന്നത്.

മസാച്യുസെറ്റ്സിലും ന്യൂയോര്‍ക്കിലും ഓഫീസുകളുള്ള കമ്പനിയായ പെലാജിക് റിസര്‍ച്ച് സര്‍വീസസാണ് ROV-യുടെ ഉടമസ്ഥര്‍. ഇവര്‍ ബുധനാഴ്ച (ജൂണ്‍ 28) തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതായി അറിയിച്ചിരുന്നു. ടൈറ്റനില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ സമുദ്രോപരിതലത്തില്‍ നിന്നും 12500 അടി താഴ്ചയില്‍ നിന്നാണ് കണ്ടെടുത്തത്. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്ക് 488 മീറ്റര്‍ അകലെയുമായിരുന്നു ടൈറ്റന്റെ അവശിഷ്ടം കണ്ടെത്തിയത്.

ജൂണ്‍ 18-ന് യാത്ര തിരിച്ച ടൈറ്റന്‍ ഉള്‍വലിഞ്ഞ് പൊട്ടിത്തെറിച്ചതായി യുഎസ് കോസ്റ്റ് ഗാര്‍ഡ് പ്രഖ്യാപിച്ചത് ജൂണ്‍ 22-നാണ്.