image

7 Feb 2023 11:30 AM GMT

Business

8,000 രൂപയില്‍ നിന്ന് 4,964 കോടി രൂപയിലേക്ക്, സെറോദ നിതിന്‍ കാമത്തിനു സമ്മാനിച്ചത്

MyFin Bureau

zerodha disocunt brokerage nithin kammath
X

Summary

  • 2022 സാമ്പത്തിക വര്‍ഷം കമ്പനിയുടെ മൊത്ത ലാഭം 2,094 കോടി രൂപയാണ്. വരുമാനം 4964 കോടി രൂപയായി ഉയര്‍ന്നു.


രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ബ്രോക്കറേജ് കമ്പനികളിലൊന്നായ സെറോദ ചുരുങ്ങിയ സമയം കൊണ്ട് വിപണികളുടെ വിശ്വാസവും അംഗീകാരവും നേടിയ സ്ഥാപനമാണ്. ഇതിന്റെ സ്ഥാപകന്‍ നിതിന്‍ കാമത്ത് 8,000 രൂപ ശമ്പളത്തില്‍ ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്തിരുന്ന യുവാവാണ് എന്ന കാര്യം പലര്‍ക്കുമറിയില്ല. 2022 സാമ്പത്തിക വര്‍ഷം കമ്പനിയുടെ മൊത്ത ലാഭം 2,094 കോടി രൂപയാണ്. വരുമാനം 4964 കോടി രൂപയായി ഉയര്‍ന്നു.

17 ാം വയസിലാണ് നിതിന്‍ ആദ്യമായി സ്റ്റോക്ക് ട്രേഡിംഗ് ആരംഭിക്കുന്നത്. ഈ സമയം 8,000 രൂപ ശമ്പളത്തില്‍ ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. 2001 മുതല്‍ 2005 വരെ അദ്ദേഹം കോള്‍ സെന്ററില്‍ ജോലി ചെയ്തു.

വഴിത്തിരിവ്

ഒരിക്കല്‍ ജിംനേഷ്യത്തില്‍ വെച്ച് ഒരു എന്‍ആര്‍ഐയെ കണ്ടതാണ് നിതിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. സൗഹൃദത്തിനിടെ വിദേശ സുഹൃത്ത് നിതിന്റെ ജോലി ആരാഞ്ഞു. അങ്ങനെ നിതിന്‍ തന്റെ ഓഹരി കണക്കുകള്‍ കാണിച്ചു. കണക്കുകളില്‍ ആകൃഷ്ടനായ അയാള്‍ നിതിനെ തന്റെ അക്കൗണ്ട് മാനേജ് ചെയ്യാന്‍ ഏല്‍പ്പിച്ചു. നിതിന്റെ ആദ്യത്തെ ക്ലയിന്റായിരുന്നു ഈ വിദേശി. ഇതാണ് സ്വന്തം വഴിയെന്നു മനസിലാക്കിയ കാമത്ത് കോള്‍ സെന്റര്‍ ജോലിയോട് ബൈ പറഞ്ഞു. ഒരു ബ്രോക്കറേജ് സ്ഥാപനം തുടങ്ങുകയെന്നതു മാത്രമായി ചിന്ത.

സെറോദയുടെ പിറവിയെടുക്കുന്നു

12 ബ്രോക്കറേജ് സ്ഥാപനങ്ങളില്‍ ജോലി ചെയ്ത ശേഷമാണ് നിതിന്‍ സെറോദ ആരംഭിക്കുന്നത്. മാറുന്ന കാലത്തിനനുസരിച്ച് സ്റ്റോക്ക് ബ്രോക്കര്‍മാര്‍ മാറിയിട്ടില്ലെന്ന് ഈ യുവാവ് മനസിലാക്കി. അവസരം മനസിലായതോടെ Zerodha എന്ന ഓണ്‍ലൈന്‍ ബ്രോക്കറേജ് സ്ഥാപനം ആരംഭിച്ചു. അക്കാലത്ത് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അതിന്റെ അംഗങ്ങള്‍ക്ക് സൗജന്യ സോഫ്റ്റ് വെയര്‍ നല്‍കിയിരുന്നു. സഹോദരന്‍ നിഖില്‍ കാമത്തും മറ്റ് അഞ്ചുപേരും സ്ഥാപനം തുറക്കാന്‍ സഹായിച്ചു.

2009ല്‍ സെറോദ ഒരു ഫണ്ട് ശേഖരണത്തിനു ശ്രമിച്ചു. എന്നാല്‍ ബിസിനസ് പശ്ചാത്തലം ഇല്ലാത്ത സെറോദയ്ക്ക് വേണ്ടത്ര പിന്തുണ വിപണിയില്‍ നിന്നു ലഭിച്ചില്ല. നിതിന്റെ വിദ്യാഭ്യാസ പശ്ചാത്തലവും ആളുകളെ ആകര്‍ഷിച്ചില്ല. എന്നാല്‍ തോറ്റ് കൊടുക്കാന്‍ നിതിന്‍ തയ്യാറല്ലായിരുന്നു.


ബിസിനസ് തന്ത്രം

ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളെ കൈകാര്യം ചെയ്യുന്ന ഓഹരി വിപണി കമ്പനികളില്‍ ഒന്നാണ് സെറോദ. ആകര്‍ഷകമായ ലേ ഔട്ടും നിരക്കുകളും ആളുകളെ സെറോദയിലേക്ക് അടുപ്പിച്ചു. കുറഞ്ഞ മാര്‍ജിന്‍, ഉയര്‍ന്ന വോള്യം എന്നീ തത്വങ്ങളെ ചുറ്റിപ്പറ്റിയാണ് സെറോദയുടെ ബിസിനസ് മോഡല്‍.

ആദ്യ 1000 ഉപയോക്താക്കളെ കണ്ടെത്താന്‍ സെറോദയ്ക്ക് ഒരു വര്‍ഷത്തിലേറെ സമയം വേണ്ടിവന്നു. എന്നാല്‍ 2011ല്‍ ഇക്കണോമിക് ടൈംസില്‍ സെറോദയെ പറ്റി വന്ന ഒരു ലേഖനം വഴിത്തിരിവായി. ഇതോടെ ബ്രാന്‍ഡിന്റെ വളര്‍ച്ച വേഗത്തിലായി. പ്രതിമാസ അക്കൗണ്ടുകളുടെ എണ്ണം നൂറില്‍ നിന്ന് 400 ആയി.

ഇന്നത്തെ പല ഓഹരി വിപണി ആപ്പുകള്‍ക്കും പ്രചോദനമായത് സെറോദയാണ്. ഇന്നും ട്രേഡിംഗ് ഇന്റര്‍ഫേസിനെ ആകര്‍ഷമായി നിലനിര്‍ത്താന്‍ നിതിനും സംഘത്തിനും സാധിക്കുന്നു. ഐ.ഐ.ടി, ഐ.ഐ.എം പശ്ചാത്തലമുള്ള ഒരാള്‍ പോലും സെറോദയില്‍ ഇല്ല.


20 രൂപ മാത്രം!

ഉപയോക്താക്കളുടെ എണ്ണം വളരെ കൂടുതലായതിനാല്‍ ചെറിയ ഇടപാട് നിരക്കുകള്‍ പോലും സ്ഥാപനത്തിന് വലിയ ലാഭമായി മാറുന്നു. ഇക്വിറ്റി ഡെലിവറി നിക്ഷേപങ്ങള്‍ സീറോ നിരക്കില്‍ സെറോദ വാഗ്ദാനം ചെയ്യുന്നു. ഇന്‍ട്രാഡേ, ഇക്വിറ്റി, ചരക്ക്, എഫ് ആന്‍ഡ് ഒ ട്രേഡുകള്‍ക്ക് 20 രൂപയോ അല്ലെങ്കില്‍ 0.03 ശതമാനമോ ഏതാണോ കുറവ് അത് ഈടാക്കുന്നു. അതിനാല്‍ ഉപയോക്താക്കള്‍ സെറോദയെ തേടിയെത്തി.