Summary
- എക്കാലത്തെയും ഉയര്‍ന്ന ബിസിനസ് 1.64 ലക്ഷം കോടി രൂപയിലെത്തി
- കഴിഞ്ഞ കുറേ പാദങ്ങളില്‍ വന്‍തോതിലുള്ള കിട്ടാകടങ്ങള്‍ ബാങ്കിന് തലവേദനയായിരുന്നു
- 30 ശതമാനം ലാഭവിഹിതം ശുപാര്‍ശ ചെയ്തു
തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്ക് (എസ്ഐബി) 2022-23ല്‍ (സാമ്പതത്തിക വര്‍ഷം- 23) എക്കാലത്തെയും ഉയര്‍ന്ന വാര്‍ഷിക അറ്റാദായം 775.09 കോടി രൂപ രേഖപ്പെടുത്തി.
ഈ സാമ്പത്തിക വര്‍ഷം നിരവധി റെക്കോര്‍ഡുകളാണു തകര്‍ത്തത്. മികച്ച അറ്റാദായത്തിനു പുറമെ എക്കാലത്തെയും ഉയര്‍ന്ന ബിസിനസ്സായ 1.64 ലക്ഷം കോടി രൂപയും ബാങ്ക് കൈവരിച്ചു.
വരാനിരിക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി 30 ശതമാനം (ഓരോ ഓഹരിക്കും 30 പൈസ എന്ന നിരക്കില്‍) ലാഭവിഹിതം വിതരണം ചെയ്യാന്‍ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. ബാങ്ക് അവസാനമായി ലാഭവിഹിതം പ്രഖ്യാപിച്ചത് 2019 സാമ്പത്തികവര്‍ഷമായിരുന്നു. അന്ന് 25 ശതമാനം നിരക്കിലായിരുന്നു ലാഭവിഹിതം പ്രഖ്യാപിച്ചത്.
സാമ്പത്തികവര്‍ഷം 2023-ലെ അറ്റാദായം 2022-ലെ അറ്റാദായമായ 44.98 കോടി രൂപയുടെ 1623 ശതമാനം ഇരട്ടി വളര്‍ച്ച കൈവരിച്ചു.
ബാങ്കിന്റെ നാലാം പാദത്തിലെ അറ്റാദായം 333.89 കോടി രൂപയാണ്. ഇത് മുന്‍വര്‍ഷത്തെ 272.04 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 22.74 ശതമാനം വര്‍ധിച്ചതായി കാണാം.
ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി അഥവാ ഗ്രോസ് നോണ്‍ പെര്‍ഫോമിംഗ് അസറ്റ് അനുപാതം 5.90 ശതമാനത്തില്‍നിന്നും 5.14 ശതമാനമായി താഴ്ന്നതായി ബാങ്കിന്റെ 2023 സാമ്പത്തികവര്‍ഷത്തിലെ റിപ്പോര്‍ട്ടില്‍ കാണുവാന്‍ സാധിക്കും.
മറുവശത്ത്, നെറ്റ് എന്‍പിഎ അഥവാ അറ്റ നിഷ്‌ക്രിയ ആസ്തി 2.97 ശതമാനത്തില്‍ നിന്ന് 1.86 ശതമാനമായും കുറഞ്ഞു.
കഴിഞ്ഞ കുറേ പാദങ്ങളില്‍ വന്‍തോതിലുള്ള കിട്ടാകടങ്ങള്‍ ബാങ്കിന് തലവേദനയായിരുന്നു. എന്നാല്‍ കിട്ടാക്കടത്തിന്റെ തോതിലുണ്ടായ കുറവ് തീര്‍ച്ചയായും എസ്‌ഐബി ബാങ്കിന്റെ നിക്ഷേപകരില്‍ ആവേശം ജനിപ്പിക്കും.
കാരണം എസ്‌ഐബി ബാങ്കിന്റെ ഓഹരിമൂല്യം അതിന്റെ ബുക്ക് വാല്യുവിനെക്കാള്‍ താഴെയായിരുന്നു. കിട്ടാക്കടത്തിന്റെ തോത് കുറഞ്ഞ സാഹചര്യത്തില്‍ ഈ പ്രതിസന്ധിയെ മറികടക്കാനാകുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.
ബാങ്കിന്റെ ബിസിനസ് തന്ത്രമാണ് മികച്ച പ്രകടനം നടത്താന്‍ സഹായകരമായതെന്നു ബാങ്കിന്റെ എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍ വാര്‍ഷികഫലങ്ങള്‍ പ്രഖ്യാപിക്കവേ പറഞ്ഞു.
' ഈ കാലയളവില്‍, കോര്‍പ്പറേറ്റ്, എസ്എംഇ, ഓട്ടോ ലോണ്‍, ക്രെഡിറ്റ് കാര്‍ഡ്, പേഴ്‌സണല്‍ ലോണ്‍ ഗോള്‍ഡ് ലോണ്‍ മുതലായ എല്ലാ മേഖലകളിലും ഗുണമേന്മയുള്ള ആസ്തി കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആവശ്യമുള്ള എല്ലാ സെഗ്മെന്റുകളിലും ബാങ്കിന് വളര്‍ച്ച രേഖപ്പെടുത്താനാകും ' രാമകൃഷ്ണന്‍ പറഞ്ഞു.
2023 സാമ്പത്തിക വര്‍ഷത്തില്‍ എസ്‌ഐബി എക്കാലത്തെയും ഉയര്‍ന്ന അറ്റ പലിശ വരുമാനമായ (നെറ്റ് ഇന്ററസ്റ്റ് ഇന്‍കം) 3,012 രൂപ നേടി. ബാങ്ക് നിലവില്‍ അതിന്റെ എക്കാലത്തെയും ഉയര്‍ന്ന സിഎആര്‍ (capital adequacy ratio) ആയ 17.25 ശതമാനത്തിലെത്തിയിരിക്കുകയാണ്. ഇതാകട്ടെ സ്ഥിരതയുള്ള ആസ്തി വളര്‍ച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്യും.
ആസ്തികൡ നിന്നുള്ള വരുമാനം (return on assets ) 0.72 ശതമാനവും ഓഹരിയില്‍ നിന്നുള്ള വരുമാനം (return on equtiy) 11.61 ശതമാനവും ബാങ്ക് നേടി.
2023 മാര്‍ച്ചില്‍ അവസാനിച്ച കാലയളവില്‍ പാദാടിസ്ഥാനത്തില്‍ ( quarter on quarter) ഓഹരി നിന്നുള്ള വരുമാനം ഭീമമായ 1387 പോയിന്റ് വര്‍ധിച്ച് 6.42 ശതമാനത്തില്‍ നിന്നും 20.29 ശതമാനത്തിലെത്തി.
ഡെപ്പോസിറ്റ് ആന്‍ഡ് അഡ്വാന്‍സ് കുറഞ്ഞ നിരക്കിലുള്ള കറന്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ടുകള്‍ (കാസ) വാര്‍ഷികാടിസ്ഥാനത്തില്‍ രണ്ട് ശതമാനം വളര്‍ച്ച നേടി. സേവിംഗ്സ് അക്കൗണ്ടില്‍ രണ്ട് ശതമാനവും കറന്റ് ഡിപ്പോസിറ്റുകളില്‍ (CD) യഥാക്രമം മൂന്ന് ശതമാനവും വളര്‍ച്ചയുണ്ടായി.
റീട്ടെയ്ല്‍ ഡിപ്പോസിറ്റ് അഞ്ച് ശതമാനം വളര്‍ച്ച നേടി. എന്‍ആര്‍ഐ ഡിപ്പോസിറ്റ് മൂന്ന് ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ വളര്‍ച്ച നേടി.
ബാങ്കിന്റെ മൊത്തത്തിലുള്ള അഡ്വാന്‍സുകള്‍ (വായ്പകള്‍) വാര്‍ഷികാടിസ്ഥാനത്തില്‍ 17 ശതമാനം വളര്‍ച്ച കാണിച്ചു. ഇതില്‍ 39 ശതമാനവും കോര്‍പറേറ്റ് വിഭാഗത്തിനാണ് വായ്പ നല്‍കിയത്.
വലിയ കോര്‍പ്പറേറ്റ് വിഭാഗങ്ങളില്‍ 'A'-ും അതിനുമുകളിലും റേറ്റു ചെയ്ത അക്കൗണ്ടുകളുടെ വിഹിതം വാര്‍ഷികാടിസ്ഥാനത്തില്‍ 89 ശതമാനത്തില്‍ നിന്ന് 95 ശതമാനമായി വര്‍ധിച്ചു.