25 April 2023 9:27 AM GMT
Summary
- തുടര്‍ച്ചയായ 4 പാദങ്ങളില്‍ എല്ലാ ഉല്‍പ്പന്ന വിഭാഗങ്ങളിലും വളര്‍ച്ച
- 10 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച
- കയറ്റുമതിയിലും 25% വര്‍ധന
എഫ്‌എംസിജി രംഗത്തെ മുന്‍നിര കമ്പനിയായ നെസ്‌ലെ ഇന്ത്യ ലിമിറ്റഡിന്‍റെ അറ്റാദായം ജനുവരി-മാർച്ച് പാദത്തില്‍ 24.69 ശതമാനം വർധിച്ച് 736.64 കോടി രൂപയായി, വില്‍പ്പനയിലെ ശക്തമായ വളർച്ചയും മെച്ചപ്പെട്ട വിലനിര്‍ണയവും വളര്‍ച്ചയിലെ പ്രധാന ഘടകങ്ങളായി. ജനുവരി-ഡിസംബർ സാമ്പത്തിക വർഷം പിന്തുടരുന്ന കമ്പനി, ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ 590.77 കോടി രൂപയുടെ അറ്റാദായമാണ് നേടിയിരുന്നത്
നെസ്‌ലെ ഇന്ത്യയുടെ അറ്റ വിൽപ്പന ഇക്കഴിഞ്ഞ പാദത്തില്‍ 20.43 ശതമാനം ഉയർന്ന് 4,808.40 കോടി രൂപയിലെത്തി, കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 3,962.84 കോടി രൂപയായിരുന്നു. മാഗി പ്രതിസന്ധി കാരണം 2015ൽ ഉണ്ടായ താഴ്ചയെ അടിസ്ഥാനമാക്കി 2016ലെ പാദങ്ങളില്‍ പ്രകടമായ വളര്‍ച്ചയെ മാറ്റിനിര്‍ത്തിയാല്‍, കഴിഞ്ഞ 10 വർഷത്തിനിടയിൽ നെസ്‌ലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന വളർച്ചയാണിത്.
ഇക്കഴിഞ്ഞ നാലു പാദങ്ങളിലും തങ്ങളുടെ എല്ലാ ഉല്‍പ്പന്ന വിഭാഗങ്ങളും വളർച്ച പ്രകടമാക്കിയെന്ന് നെസ്‍ലെ ഇന്ത്യ ചെയർമാനും എംഡിയുമായ സുരേഷ് നാരായണന്‍ പറയുന്നു. മാർച്ച് പാദത്തിൽ നെസ്‌ലെ ഇന്ത്യയുടെ പ്രവർത്തന വരുമാനം 20.98 ശതമാനം ഉയർന്ന് 4,830.53 കോടി രൂപയായി. മൊത്തം ചെലവ് 20.61 ശതമാനം വർധിച്ച് 3,873.76 കോടി രൂപയായി.
ആഭ്യന്തര വിൽപ്പന 21.18 ശതമാനം ഉയർന്ന് 4,612.73 കോടി രൂപയായി, 2022 ജനുവരി-മാർച്ച് കാലയളവിൽ 3,806.20 കോടി രൂപയായിരുന്നു. ചരക്ക് സമ്മർദ്ദങ്ങൾക്കിടയിലും കമ്പനിയുടെ പാൽ ഉൽപന്നങ്ങളും പോഷകാഹാര ഉല്‍പ്പന്നങ്ങളും ശക്തമായ ഇരട്ട അക്ക വളർച്ച രേഖപ്പെടുത്തി.അതേസമയം, നെസ്‍ലെയുടെ കോഫി ബിസിനസായ നെസ്‌കഫെ അതിന്‍റെ എക്കാലത്തെയും ഉയർന്ന വിപണി വിഹിതം ജനുവരി-മാർച്ച് കാലയളവില്‍ രേഖപ്പെടുത്തി.
കമ്പനിയുടെ കയറ്റുമതി 24.91 ശതമാനം വർധിച്ച് 195.67 കോടി രൂപയിലെത്തി, മുന്‍വര്‍ഷം ഇതേ പാദത്തില്‍ 156.64 കോടി രൂപയായിരുന്നു കയറ്റുമതി. 10 രൂപ മുഖവിലയുള്ള ഒരു ഇക്വിറ്റി ഷെയറിന് 27 രൂപയുടെ ഇടക്കാല ലാഭവിഹിതം 2023 ൽ നല്‍കുമെന്ന് കമ്പനിയുടെ ഡയറക്റ്റർ ബോര്‍ഡ് ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു.