20 Jun 2023 6:30 AM
Summary
- ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ ജൂണില്‍ ആരംഭിക്കുമെന്നാണ് മുന്‍പ് പ്രഖ്യാപിച്ചിരുന്നത്.
സംസ്ഥാനത്തെ 15 വില്ലേജുകളില്‍ എന്റെ ഭൂമി എന്ന പേരില്‍ ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ സംവിധാനം ജൂലൈയില്‍ നിലവില്‍ വരുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. ഏലൂരില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമി രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് തന്നെ ഭൂമിയുടെ പോക്ക് വരവും ലൊക്കേഷനും സ്‌കെച്ചും അറിയാന്‍ കഴിയുന്ന വിധത്തില്‍ രജിസ്ട്രേഷന്‍ വകുപ്പിന്റെ പോര്‍ട്ടലായ പേള്‍, റവന്യൂ വകുപ്പിന്റെ പോര്‍ട്ടലായ റിലീസ്, സര്‍വ്വേ വകുപ്പിന്റെ പോര്‍ട്ടലായ ഇ- മാപ്പ് ഇവയെല്ലാം സംയോജിപ്പിച്ചാണ് ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ സംവിധാനം ഒരുങ്ങുന്നത്. 14 ജില്ലകളില്‍ ഓരോ വില്ലേജുകളിലും നെയ്യാറ്റിന്‍കരയിലെ ഒരു വില്ലേജും ചേര്‍ത്താണ് 15 വില്ലേജുകളില്‍ ആദ്യഘട്ടത്തില്‍ പോര്‍ട്ടല്‍ സംവിധാനം ആരംഭിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ സാധ്യമാക്കുന്ന വിധത്തില്‍ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുകയാണെന്നും മന്ത്രി വ്യക്തമാക്കി. 94 ലക്ഷം കുടുംബങ്ങളിലെ ഒരു അംഗത്തെയെങ്കിലും വകുപ്പിന്റെ സേവനങ്ങള്‍ ഡിജിറ്റലായി സ്വീകരിക്കാന്‍ പര്യാപ്തരാക്കുന്ന തരത്തില്‍ റവന്യൂ ഇ സാക്ഷരത നടപ്പാക്കുകയാണ് ലക്ഷ്യം.
കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ഭൂമിക്ക് രേഖയുണ്ടാക്കി കൊടുക്കുക എന്ന വളരെ പ്രധാനപ്പെട്ട പ്രവര്‍ത്തനമാണ് റവന്യൂ, സര്‍വ്വേ വകുപ്പുകളുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്നത്. 1965ല്‍ റീ സര്‍വ്വേ നടപടികള്‍ ആരംഭിച്ചുവെങ്കിലും 925 വില്ലേജുകളിലാണ് സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഇതില്‍ 95 എണ്ണത്തില്‍ മാത്രമാണ് ഡിജിറ്റലായി അളക്കാന്‍ സാധിച്ചിട്ടുള്ളത്. 21 എണ്ണത്തിന്റെ സര്‍വ്വേ നടപടികള്‍ പുരോഗമിക്കുന്നു. നാലു വര്‍ഷത്തിനകം 1,550 വില്ലേജ് ഓഫീസുകളിലെ ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ നവംബര്‍ ഒന്നിന് ഡിജിറ്റല്‍ റീസര്‍വ്വേയുടെ ഔപചാരിക ഉദ്ഘാടനം നടന്ന് ഒമ്പതുമാസം പിന്നിടുമ്പോള്‍ 92000 ഹെക്ടര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തിയെന്നും 848.47 കോടി രൂപ ചെലവില്‍ ഡിജിറ്റല്‍ റീസര്‍വ്വേയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയിലെ തന്നെ ആദ്യത്തെ ഡിജിറ്റല്‍ റീസര്‍വ്വേ പൂര്‍ത്തിയാക്കിയ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.
വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആകുമ്പോള്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളും സ്മാര്‍ട്ട് ആവണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. വിവിധ ആവശ്യങ്ങളുമായി സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്നവര്‍ക്ക് എല്ലാവിധ സേവനങ്ങളും ലഭ്യമാകണം. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ അദാലത്തുകളില്‍ വര്‍ഷങ്ങളായി തീര്‍പ്പാകാതെ കിടന്ന പരാതികളാണ് തീര്‍പ്പാക്കിയത്. ഒറ്റ തവണ കൊണ്ട് അദാലത്ത് തീരുന്നില്ല, ഇതിന്റെ പുരോഗതി അടുത്ത മാസം വിലയിരുത്തും. സെപ്റ്റംബറില്‍ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവരുടെ നേതൃത്വത്തില്‍ മേഖല അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.